പാര്‍ട്ടി എന്തു പറഞ്ഞാലും കേള്‍ക്കും; ഇതുവരെ പിന്തുടര്‍ന്ന ശൈലി മാറ്റാനാകില്ല: എംഎം മണി

>>സ്ത്രീകളുടെ മാനം സംരക്ഷിക്കുന്നതിനെകുറിച്ച് കോണ്‍ഗ്രസുകാര്‍ തനിക്ക് ക്ലാസെടുക്കേണ്ടതില്ല: എംഎം മണി.    
Posted on: April 28, 2017 10:23 am | Last updated: April 28, 2017 at 12:40 pm

തൊടുപുഴ:പാപ്പാത്തിച്ചോലയില്‍ പൊമ്പിളൈ ഒരുമൈ കൂട്ടായ്മയ്‌ക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ പാര്‍ട്ടി നല്‍കിയ പരസ്യമായ ശാസനയെന്ന നടപടി ഉള്‍ക്കൊള്ളുന്നതായി വൈദ്യുതി മന്ത്രി എം.എം. മണി. താന്‍ ഇതുവരെ പിന്തുടര്‍ന്ന ശൈലി മാറ്റാനാകില്ല. എന്നാല്‍ വിവാദമുണ്ടാക്കില്ല. പാര്‍ട്ടി ശാസന ഉള്‍ക്കൊള്ളുന്നു. പാര്‍ട്ടി എന്തു പറഞ്ഞാലും കേള്‍ക്കും. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതായി പാര്‍ട്ടി വിലയിരുത്തിയിട്ടില്ല. എന്നാല്‍ വിവാദത്തിനു കാരണക്കാരന്‍ ആയതുകൊണ്ടാണു നടപടിയെന്നും എംഎം മണി കൂട്ടിച്ചേര്‍ത്തു.

സ്ത്രീകളുടെ മാനം സംരക്ഷിക്കുന്നതിനേക്കുറിച്ച് കോണ്‍ഗ്രസുകാര്‍ തനിക്ക് ക്ലാസെടുക്കേണ്ടതില്ല. ക്ലാസെടുത്താല്‍ അതിന് മറുപടിനല്‍കാന്‍ മലയാള ഭാഷയില്‍ വാക്കുകളില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീവിരുദ്ധതയെക്കുറിച്ച് പറയുന്ന കോണ്‍ഗ്രസുകാര്‍ക്ക് ആത്മാര്‍ഥതയില്ല. സൂര്യനെല്ലികേസില്‍ പ്രതിപ്പട്ടികയിലുള്ളവര്‍ കോണ്‍ഗ്രസുകാരായിരുന്നുവെന്നും അവര്‍ക്ക് ശിക്ഷവാങ്ങിക്കൊടുപ്പിച്ചത് താനാണെന്നും എംഎം മണി പറഞ്ഞു. അവരൊക്കെ ജയിലില്‍ ഉണ്ടതിന്നുകിടപ്പുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.

ആര്യാടന്‍ മുഹമ്മദിന്റെ ഓഫീസിലെ ജീവനക്കാരിയെ ഉപദ്രവിച്ച് കൊന്ന് ചാക്കില്‍ കെട്ടി കുളത്തില്‍ താഴ്ത്തിയില്ലേയെന്നും ലതികാസുഭാഷും മറ്റുമൊക്കെ അന്ന് ജീവനോടെ ഉണ്ടായിരുന്നുവോയെന്നും എംഎം മണി ചോദിക്കുന്നു. തന്റെ സഹോദരന്‍ ലംബോധരന്‍ അനധികൃതമായി ഭൂമി കൈയേറിയിട്ടുണ്ടെങ്കില്‍ അക്കാര്യം അന്വേഷിച്ച് ഭൂമി ഏറ്റെടുക്കട്ടെയെന്നും എംഎം മണി കൂട്ടിച്ചേര്‍ത്തു.