മാധ്യമങ്ങളും പൊതുബോധ നിര്‍മിതിയും

മന്ത്രി എം എം മണി പത്രക്കാരെപ്പറ്റി പൊതുവേദിയില്‍ പറഞ്ഞ വാക്കുകള്‍ പെമ്പിളൈ ഒരുമൈയെ കുറിച്ചാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഒരു മാധ്യമം നടത്തിയ ശ്രമം യാതൊരു പരിശോധനയും നടത്താതെ മറ്റു മാധ്യമങ്ങളും ഏറ്റുപിടിക്കുകയായിരുന്നു. മിനുട്ടുകള്‍ക്കകം സാമൂഹിക മാധ്യമങ്ങള്‍ ഇതിന് തീകൊളുത്തുകയും ചെയ്തതോടെ ഒരു അടക്കാ മോഷണം കൊടും കവര്‍ച്ചയായി രൂപപ്പെടുന്ന അവസ്ഥയുണ്ടായി. അതേസമയം, കൃത്യമായ വീഡിയോ ഉണ്ടായിട്ടും എം എം മണി സ്ത്രീകളെ അപമാനിച്ചിട്ടില്ല എന്ന് ബോധ്യപ്പെടുത്താന്‍ സി പി എമ്മിന് സാധിക്കുന്നില്ലെന്നത് പൊതുബോധത്തിന്റെ മാരക ശക്തിയാണ് കാണിക്കുന്നത്.
Posted on: April 28, 2017 6:19 am | Last updated: April 28, 2017 at 9:21 am

സാക്ഷരതയില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന കൊച്ചു കേരളത്തിലെ മൂന്നു കോടിയോളം വരുന്ന പ്രബുദ്ധരായ മലയാളിയുടെ പൊതുബോധം പോലും നിയന്ത്രിക്കപ്പെടുന്നുവെന്ന് വരുന്നത് മലയാളിയുടെ രാഷ്ട്രീയ പ്രബുദ്ധതയുടെ കാപട്യമാണ് പ്രകടമാക്കുന്നത്. കേരളത്തിനപ്പുറം ആഗോളതലത്തില്‍ തന്നെ മനുഷ്യരുടെ പൊതുബോധം സാമ്രാജ്യത്വ ശക്തികളും കോര്‍പറേറ്റ് ഭീമന്മാരും മാധ്യമങ്ങളും രൂപപ്പെടുത്തുന്ന കാലത്ത് കേരളത്തിന് മാത്രം അതില്‍ നിന്ന് വ്യത്യസ്തമാകാന്‍ കഴിയില്ല എന്നത് ശരി. അതേസമയം, കൊട്ടിഘോഷിക്കപ്പെടുന്ന പ്രബുദ്ധതയോട് അല്‍പ്പമെങ്കിലും നീതിപുലര്‍ത്തുന്ന തരത്തില്‍ വാര്‍ത്തകളിലെയും നിലപാടുകളിലെയും നെല്ല്/പതിരുകളെ തിരിച്ചറിയാന്‍ കഴിയാതിരിക്കുന്നത് ഈ പ്രബുദ്ധതയുടെ കാപട്യം തുറന്നുകാട്ടുന്നതാണ്.

ഇന്ന് ലോകത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ സാമൂഹികമണ്ഡലങ്ങളെ കുറിച്ച് ബോധ്യമുണ്ടെന്ന് അവകാശപ്പെടുന്ന ഓരോ മലയാളിയും തന്റെ ബോധം മറ്റുള്ളവരാല്‍ സ്വാധീനിക്കപ്പെട്ടതാണെന്ന വസ്തുത വിസ്മരിക്കുകയാണ്. മലയാളികളുടെ പൊതുബോധം രൂപപ്പെടുത്തിയെടുക്കുന്നതില്‍ കേരളത്തിലെ മാധ്യമങ്ങളുടെ സ്വാധീനം ഏറെയാണ്. ദൃശ്യ- സാമൂഹിക മാധ്യമങ്ങള്‍ മലയാളിയുടെ രാഷ്ട്രീയം തീരുമാനിക്കുന്ന അവസ്ഥ വളരെ പരിതാപകരമാണ്. മലയാളിയുടെ ബുദ്ധിയും തന്റേടവും മറികടന്ന് അവരുടെ ഉപബോധ മനസ്സിനെ സ്വാധീനിക്കുന്ന വാര്‍ത്തകളും നിലപാടുകളും യാഥാര്‍ഥ്യമായി രൂപപ്പെടുമ്പോള്‍ പലപ്പോഴും സത്യം കുഴിച്ചുമൂടപ്പെടുകയാണ്.
സമീപകാലത്ത് മലയാളികള്‍ ചര്‍ച്ച ചെയ്ത പല വിഷയങ്ങളിലും ഈ പൊതുബോധ നിര്‍മിതി സുവ്യക്തമാണ്. പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ നടപടികളുമായും മഹിജയുടെ പോലീസ് ആസ്ഥാനത്തെ സമരവുമായും ബന്ധപ്പെട്ട് കേരളത്തിലെ മാധ്യമങ്ങള്‍ മുന്നോട്ടുവെച്ച ചര്‍ച്ചകളും അതുവഴി രൂപപ്പെട്ട പൊതുബോധവും, അവസാനമായി മന്ത്രി എം എം മണിയുടെ വിവാദ പരാമര്‍ശങ്ങളെ കൈകാര്യം ചെയ്ത രീതിയും മലയാളിയെ അത് സ്വാധീനിച്ചതിന്റെയും ആഴം പരിശോധിച്ചാല്‍ മലയാളിയുടെ പൊതുബോധ നിര്‍മിതിയില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് വ്യക്തമാകും. ജിഷ്ണു കേസ് ഉള്‍പ്പെടെ പോലീസിന് വീഴ്ച പറ്റിയ വിഷയങ്ങളില്‍ ഉത്തരവാദപ്പെട്ടവര്‍ വീഴ്ചകള്‍ ഏറ്റുപറഞ്ഞ് നടപടികളിലേക്ക് കടക്കുമ്പോള്‍ ഇത് നല്‍കുന്ന നല്ല സൂചനകളെ മറച്ചുവെച്ച് വീഴ്ചകള്‍ ആഘോഷിക്കുന്ന മാധ്യമങ്ങള്‍ ഭരണകൂടത്തിന്റെ തെറ്റുകളെ മാത്രം ഉയര്‍ത്തിക്കാട്ടുന്നതിലൂടെ തെറ്റ് തിരുത്തുകയെന്ന നന്മയെ പൊതുബോധത്തിലേക്ക് കൊണ്ടുവരുന്നതിന് പകരം തെറ്റുകാരായി തന്നെ നിലനിര്‍ത്തുന്ന നടപടിയാണ് സ്വീകരിച്ചത്. ഒപ്പം ഇതിലൂടെ ഭരണകൂടം തെറ്റുകാരാണെന്ന ബോധ്യമാണ് മലയാളിയും ഏറ്റുപാടിയത്.

ജിഷ്ണു കേസിന്റെ നാള്‍വഴികള്‍ പരിശോധിച്ചാല്‍ പ്രഥമ വിവര റിപ്പോര്‍ട്ട് എഴുതിയ പോലീസ് ഉദ്യോഗസ്ഥന്‍ മുതല്‍ കുറ്റവാളികള്‍ക്ക് പഴുതൊരുക്കാന്‍ നിയമ പരിരക്ഷയുടെ സര്‍വ സാധ്യതകളും ഇഴകീറി പരിശോധിച്ച് ഉപയോഗിച്ച ജുഡീഷ്യറി വരെ ഇതില്‍ പങ്കുകാരാണെന്ന യാഥാര്‍ഥ്യം മലയാളി മനഃപൂര്‍വം വിസ്മരിച്ചു. കാരണം ഇതിലേക്ക് മലയാളിയുടെ ശ്രദ്ധ പോകാതിരിക്കാന്‍ പാകത്തില്‍ വിഷയത്തെ ഭരണകൂടത്തിനെതിരാക്കി നേരത്തെ മാധ്യമങ്ങള്‍ സെറ്റ് ചെയ്ത പൊതുബോധം മലയാളിയെ സ്വാധീനിച്ചുകഴിഞ്ഞിരുന്നു. മഹിജയുടെ സമരത്തെ നേരിട്ട രീതിയില്‍ പോലീസ് വരുത്തിയ ചെറിയ വീഴ്ചയെ ഊതി വീര്‍പ്പിച്ച് ഭരണകൂടത്തെ സ്ത്രീ വിരുദ്ധവും അതിന്റെ നേതാവിനെ ധാര്‍ഷ്ട്യക്കാരനുമാക്കി ചിത്രീകരിച്ചതിലൂടെ മാധ്യമങ്ങള്‍ നിര്‍മിച്ചെടുത്ത പൊതുബോധത്തെ അതേപടി സ്വീകരിച്ച മലയാളി ഈ നടപടിയെ അതേ രീതിയില്‍ തന്നെ കാണാനാണ് ശ്രമിച്ചത്. പകരം ഭരണകൂടത്തിന്റെ ഭാഗത്തുള്ള വീഴ്ചകളെ വീഴ്ചകളായി കാണുമ്പോള്‍ തന്നെ ശരികളെ ശരികളായും കാണാതിരിക്കാന്‍ പാകത്തില്‍ ഒരു പൊതുബോധം നിര്‍മിച്ചെടുക്കുന്നതില്‍ മാധ്യമങ്ങള്‍ വിജയിച്ചിട്ടുണ്ടെന്ന് വേണം കരുതാന്‍.
എം എം മണിയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളും ഈ മൂശയില്‍ നിന്ന് വാര്‍ത്തെടുത്തത് തന്നെയാണെന്ന് വേണം കരുതാന്‍. മന്ത്രിയുടെ പരാമര്‍ശങ്ങള്‍ ന്യായീകരിക്കാന്‍ കഴിയാത്തതാണെങ്കിലും, ഇതിനെ മറ്റൊരുതലത്തിലേക്ക് കൊണ്ടുപോയി സര്‍ക്കാറിനെതിരെ ഉന്നയിക്കാന്‍ മാധ്യമങ്ങള്‍ കാണിച്ച വ്യഗ്രത തെറ്റാണെന്ന് ബോധ്യപ്പെട്ടിട്ടും ഇതിനോട് യോജിക്കാന്‍ കഴിയാത്ത വിധത്തില്‍ മലയാളിയുടെ പൊതുബോധം ദൃഢമായിരിക്കുന്നു.

മന്ത്രി മണി പത്രക്കാരെപ്പറ്റി പൊതുവേദിയില്‍ പറഞ്ഞ വാക്കുകളെ ദുര്‍വ്യാഖ്യാനം ചെയ്ത് അത് പെമ്പിളൈ ഒരുമൈയെ കുറിച്ചാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഒരു മാധ്യമം നടത്തിയ ശ്രമം യാതൊരു പരിശോധനയും നടത്താതെ മറ്റു മാധ്യമങ്ങളും ഏറ്റുപിടിക്കുകയായിരുന്നു. മിനുട്ടുകള്‍ക്കകം സാമൂഹിക മാധ്യമങ്ങള്‍ ഇതിന് തീകൊളുത്തുകയും ചെയ്തതോടെ ഒരു അടക്കാ മോഷണം കൊടും കവര്‍ച്ചയായി രൂപപ്പെടുന്ന അവസ്ഥയുണ്ടായി. സംസാരത്തില്‍ കുറച്ച് അതിരു കടക്കുന്ന ആളെന്ന നില ഇതിന്റെ വിശ്വാസ്യതക്ക് ആക്കം കൂട്ടി. ഇതിനിടെ പോസിറ്റീവ് രാഷ്ട്രീയത്തിലൂടെ കേരളത്തില്‍ ഇടംപിടിക്കാന്‍ കഴിയില്ലന്ന് ബോധ്യപ്പെട്ട് ചിലര്‍ ഇതിനെ മുതലെടുത്ത് രംഗത്തുവരികയും ചെയ്തു. എന്നാല്‍, മന്ത്രിയുടെ മുഴുവന്‍ പ്രസംഗം പുറത്തുവന്ന് പറഞ്ഞത് സ്ത്രീകളെ കുറിച്ചല്ലെന്ന് ബോധ്യമായിട്ടും നേരത്തെ സെറ്റ് ചെയ്യപ്പെട്ട പൊതുബോധത്തില്‍ മലയാളികള്‍ ഉറച്ചു നില്‍ക്കുന്നുണ്ടെങ്കില്‍ മലയാളിയുടെ പ്രബുദ്ധതയുടെ മൂടുപടമാണിവിടെ അഴിഞ്ഞുവീഴുന്നത്.
അതേസമയം, ഇത്തരം വിവാദങ്ങളെ യഥാസമയം ചര്‍ച്ച ചെയ്ത് കേരളത്തിലെ ഉത്തരവാദിത്വമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടി നടപടികള്‍ സ്വീകരിക്കുമ്പോള്‍ ഈ രാഷ്ട്രീയ ധാര്‍മികതയെയും പരിഹസിക്കാനാണ് മാധ്യമങ്ങള്‍ നിര്‍മിച്ചെടുത്ത പൊതുബോധം ആവശ്യപ്പെടുന്നത്. ഈ ഭരണം വന്ന ശേഷം പിഴവുകള്‍ യഥാസമയം രണ്ടുമന്ത്രിമാരുടെ രാജിയിലൂടെ വരെ പരിഹാരം കാണാന്‍ ശ്രമിച്ചിട്ടും ഇതിലെ വീഴ്ചയെ മാത്രം കാണാനാണ് മാധ്യമങ്ങള്‍ നിര്‍മിച്ചെടുത്ത പൊതുബോധം നമ്മോട് ആവശ്യപ്പെടുന്നത്. അതേ സമയം കഴിഞ്ഞ ഭരണ കാലത്ത് നടന്ന സമാനമായ വീഴ്ചകളും അതുമായി ബന്ധപ്പെട്ട് അന്നത്തെ ഭരണാധികാരികള്‍ ഈ വിഷയത്തില്‍ കൈക്കൊണ്ട നിലപാടുകളും താരതമ്യം ചെയ്യാനുള്ള ഒരു സാമാന്യ ബോധം പോലും മലയാളി കാണിക്കുന്നില്ല. കാരണം അത്രമേല്‍ ഈ പൊതുബോധം അവനെ അടക്കിഭരിക്കുന്നുവെന്ന് വേണം മനസ്സിലാക്കാന്‍.

അതേസമയം കൃത്യമായ വീഡിയോ ഉണ്ടായിട്ടും, എം എം മണി സ്ത്രീകളെ അപമാനിച്ചിട്ടില്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പാര്‍ട്ടിക്ക് സാധിക്കുന്നില്ലെന്നത് വലിയ വീഴ്ചയാണ്. അത് പ്രതിരോധത്തിന്റെ ആശയം മുതല്‍ വിതരണം വരെ വ്യാപിച്ചുകിടക്കുന്ന വലിയൊരു പരാജയമാണ്. സംഘ്പരിവാര്‍ പ്രോപഗന്‍ഡ ക്യാംപിന് ഇത് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. മനുഷ്യര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ വിഷയാധിഷ്ഠിതവും സമഗ്രവുമായ ഇടതുപക്ഷ നിലപാടുകള്‍ പൊതുജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞാല്‍, ബഹുജന സമ്പര്‍ക്കത്തിനുള്ള കമ്യൂണിക്കേഷന്‍ ചാനലുകള്‍ നിലനിര്‍ത്താനും വികസിപ്പിക്കാനും കഴിഞ്ഞാല്‍, പ്രോപഗന്‍ഡ കാലത്ത് അത് ചെയ്യുന്ന ഗുണം ചെറുതാകില്ല.
ദേശീയ-ആഗോള തലത്തിലും കാര്യങ്ങളില്‍ വലിയ വ്യത്യാസമില്ല. ഡിജിറ്റല്‍ മാധ്യമങ്ങളുടെ വളര്‍ച്ചക്ക് ശേഷം നടന്ന കാര്യങ്ങള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. ദേശീയ തലത്തില്‍ രാജ്യത്ത് നടക്കുന്ന ഫാസിസത്തിന്റെ നീക്കങ്ങളിലും ഈ പൊതുബോധം വളരെ വ്യക്തമാണ്. ബീഫിനെ മുന്നില്‍ നിര്‍ത്തി ഫാസിസം മുസ്‌ലിംകളെ വേട്ടയാടാന്‍ കരുക്കള്‍ നീക്കുമ്പോള്‍ ബീഫ് മുസ്‌ലിംകളുടെ മതപരമായ പ്രധാന പ്രതീകമാണെന്ന് വരുത്തിത്തീര്‍ക്കുന്ന തരത്തിലുള്ള ഒരു പൊതുബോധം നിര്‍മിച്ചെടുക്കുന്നതില്‍ ഫാസിസത്തിനൊപ്പം മാധ്യമങ്ങളും വിജയിച്ചിട്ടുണ്ട്. ചിക്കനും മട്ടനുമപ്പുറം ബീഫിന് ഇസ്‌ലാമില്‍ ഒരുപ്രത്യേകതയുമില്ലെന്ന യാഥാര്‍ഥ്യം ഈ പൊതുബോധം മൂടിക്കഴിഞ്ഞിട്ടുണ്ട്. അതോടൊപ്പം തീവ്ര ഹിന്ദുത്വമുള്ള നേതാക്കളെ പരിചയപ്പെടുത്തുന്നതിലും മാധ്യമങ്ങള്‍ സൃഷ്ടിച്ച പൊതുബോധം അത്ര പന്തിയല്ല. സംഘ്പരിവാര്‍ രാഷ്ട്രീയം രാജ്യത്ത് വേരുറപ്പിക്കുന്ന സമയത്ത് രഥയാത്രയിലൂടെ തീവ്ര നിലപാടുകാരനായ എല്‍ കെ അഡ്വാനിയെ തീവ്ര ഹിന്ദുവും അടല്‍ ബിഹാരി വാജ്‌പേയിയെ മൃദു ഹിന്ദുവുമായി അവതരിപ്പിച്ച മാധ്യമങ്ങള്‍ പിന്നീട് നരേന്ദ്ര മോദി വന്നപ്പോള്‍ മോദിയെ തീവ്രഹിന്ദുവും അഡ്വാനിയെ മൃദുഹിന്ദുവുമാക്കി അവതരിപ്പിച്ചു. എന്നാല്‍, യോഗിയുടെ വരവോടെ ഈ മൃദുഹിന്ദുത്വ പട്ടം മോദിക്ക് ചാര്‍ത്തിക്കൊടുക്കാനുള്ള തത്രപ്പാടിലാണ് ഈ മാധ്യമ പൊതുബോധം.

ആഗോളതലത്തില്‍ അമേരിക്കയുടെ അഫ്ഗാനിസ്ഥാന്‍ അധിനിവേശം മുതല്‍ കൊറിയക്കെതിരെ കോപ്പ് കൂട്ടുന്ന യുദ്ധ സാഹചര്യം വരെ പരിശോധിക്കുമ്പോള്‍ ആഗോള മാധ്യമങ്ങള്‍ പുറത്തുവിടുന്ന വാര്‍ത്തകളും ലോക രാജ്യങ്ങളുടെ നിലപാടുകളുമാണ് യാഥാര്‍ഥ്യങ്ങളായി ലോകം കണക്കിലെടുക്കുന്നത്. ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും കാര്യത്തില്‍ ഉള്‍പ്പെടെ ഇരകളുടെ ശബ്ദം ലോകം കേള്‍ക്കാറേയില്ല. രാസായുധങ്ങളുണ്ടെന്ന ആരോപണമുന്നയിച്ച് ഇറാഖിനെയും തീവ്രവാദത്തിന്റെ പേരില്‍ അഫ്ഗാനിസ്ഥാനെയും മുച്ചൂടും നശിപ്പിക്കാന്‍ അമേരിക്ക ഉന്നയിച്ച കാരണങ്ങളെ പൊതുബോധമായി സ്വീകരിച്ച ലോകം, രാസായുധം ഇറാഖില്‍ ഉണ്ടായിരുന്നില്ലെന്ന യാഥാര്‍ഥ്യവും, തീവ്രവാദത്തിന്റെ പേരില്‍ അഫ്ഗാനിസ്ഥാന്‍ ഇരയാവുകയായിരുന്നുവെന്ന യാഥാര്‍ഥ്യവും പുറത്തുവന്നപ്പോഴും അമേരിക്ക മാധ്യമങ്ങളിലൂടെ നിര്‍മിച്ചെടുത്ത പൊതുബോധത്തെ പൊളിച്ചെഴുതാന്‍ ഈ യാഥാര്‍ഥ്യങ്ങള്‍ക്ക് ശേഷിയുണ്ടായിരുന്നില്ല. സമാനമായ രീതിയിലാണ് ഇപ്പോള്‍ ഉത്തരകൊറിയയിലും നടക്കാന്‍ പോകുന്നത്. ഉത്തരകൊറിയക്ക് പറയാനുള്ളതൊന്നും കേള്‍ക്കാതിരിക്കാന്‍ പാകത്തില്‍ പൊതുബോധത്തെ പാകപ്പെടുത്തിക്കൊണ്ടിരിക്കുകയാണിപ്പോള്‍.