Articles
ആരാണ് യേശുവിനെ ഇപ്പോള്‍ ക്രൂശിക്കുന്നത് ?

പള്ളിക്കു പുറത്തേക്കു കുരിശു ഇറങ്ങുന്നതും അതൊരു അധിനിവേശ ചിഹ്നമാകുന്നതും മധ്യശതകങ്ങളില്‍ യേശുക്രിസ്തുവിന്റെ സാങ്കല്‍പിക കല്ലറ മുസ്‌ലിംകളില്‍ നിന്നു വീണ്ടെടുക്കാനെന്ന വ്യാജേന, റോമന്‍ മാര്‍പാപ്പമാരും, യൂറോപ്പിലെ ഭരണാധികാരികളും ചേര്‍ന്നു പൗരസ്ത്യനാടുകളെ തകര്‍ത്തു തരിപ്പണമാക്കുക എന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത കുപ്രസിദ്ധമായ കുരിശു യുദ്ധങ്ങളുടെ കാലം മുതല്‍ക്കാണ്. ശിഥിലമായി കൊണ്ടിരിക്കുന്ന യൂറോപ്യന്‍ ദേശീയതയെ ഒരു പൊതുലക്ഷ്യത്തില്‍ കണ്ണി ചേര്‍ത്തുയോജിപ്പിക്കുക, മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ സഹോദരഭാവേന വര്‍ത്തിച്ചിരുന്ന ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികളെയും ഇസ്‌ലാംമത വിശ്വാസികളെയും തമ്മിലടിപ്പിക്കുക, ഇതൊക്കെ ആയിരുന്നു കുരിശുയുദ്ധാസൂത്രകരുടെ ലക്ഷ്യം. അതൊരു പരിധി വരെ വിജയിപ്പിക്കാന്‍ അവര്‍ക്കു കഴിയുകയും ചെയ്തു. ഇന്നും ഈ മേഖലയില്‍ പടരുന്ന പല തരം അസ്വാസ്ഥ്യങ്ങള്‍ കുരിശുയുദ്ധക്കാര്‍ വിതച്ചിട്ടു പോയ വിഷവിത്തുകളില്‍ നിന്നുള്ള വിളവെടുപ്പുകളാണ്. ഇതിലൊന്നും യേശുവിനോ യേശു അബ്ബാ, പിതാവേ എന്ന സംബോധന ചെയ്ത ദൈവത്തിനോ പങ്കൊന്നുമില്ല. ഇതത്രയും അവരുടെ എതിരാളിയായി എന്നും സജീവമായിരുന്ന സാത്താന്റെ കുത്തിത്തിരുപ്പുകളായിരുന്നു.
മൂന്നാറിലെ കൈയേറ്റ ഭൂമിയില്‍ സ്ഥാപിക്കപ്പെട്ട കുരിശിന്റെ ഉടമസ്ഥാവകാശം സ്പിരിറ്റ് ഇന്‍ ജീസസ്സ് എന്ന നവആത്മീയ പ്രസ്ഥാനത്തിനാണെന്നു പറയപ്പെടുന്നു. ഇങ്ങനെ ഏറെ ഒന്നും അറിയപ്പെടാത്ത ഒട്ടേറെ പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ വ്യാപകമായി കൊണ്ടിരിക്കുന്നു. എല്ലാ പ്രദേശത്തും ഉണ്ട് ഇത്തരം ഗ്രൂപ്പുകള്‍. ഇവര്‍ക്ക് ഊര്‍ജം സംഭരിക്കാന്‍ പാകത്തില്‍ വെള്ളവും വളവും നല്‍കുന്നത് മുഖ്യധാരാ സഭകളാണ്. യേശുവിന്റെ കുരിശാരോഹണത്തിന്റെ അനുസ്മരണം കൊണ്ടാടുന്ന ദുഃഖവെള്ളിയാഴ്ചകളില്‍ പള്ളികള്‍ പൂട്ടിയിട്ട് കുരിശിന്റെ വഴിയെന്ന പേരില്‍ ഉച്ചഭാഷിണികളുടെ അകമ്പടിയോടെ, വിശ്വാസികളെ മലകയറ്റുന്ന പരിപാടി കത്തോലിക്കാസഭയാണ് തുടങ്ങിവെച്ചത്. ഇതിനായി കണ്ടുവെക്കപ്പെട്ട മലയോര കേന്ദ്രങ്ങളില്‍ സ്ഥിരമായി കുരിശു പ്രതിഷ്ഠിക്കുക, പിന്നീടതൊരു തീര്‍ഥാടനകേന്ദ്രമാക്കുക ഇങ്ങനെ വാണിജ്യാധിഷ്ഠിത ആത്മീയതയുടെ ലബോറട്ടറികളായി പല ക്രിസ്ത്യന്‍പള്ളികളും മാറിയിട്ടുണ്ട്. പണ്ടു നിലയ്ക്കല്‍ (ശബരിമലക്കടുത്ത്) ഇങ്ങനെ ഒരു പരീക്ഷണം നടത്തി പാളിപ്പോയ ഒരു ചരിത്രം നമുക്കു മുന്നിലുണ്ട്. ശബരിമലയില്‍ ഹിന്ദുക്കള്‍ക്ക് അയ്യപ്പനും മുസ്‌ലിംകള്‍ക്ക് വാവരും ഉള്ള സ്ഥിതിക്കു ക്രിസ്ത്യാനികളുടെ ഒരു തോമ്മശ്ലീഹാ കൂടെ ഇരിക്കട്ടെ എന്നായിരുന്നു നിലയ്ക്കലെ കുരിശു കൃഷിക്കു നേതൃത്വം കൊടുത്തവരുടെ മനസ്സിലിരിപ്പ്. ദൈവാനുഗ്രഹത്താല്‍ ഭയപ്പെട്ടതു പോലുള്ള പ്രത്യാഘാതങ്ങളൊന്നും കൂടാതെ തന്നെ നിലയ്ക്കല്‍ വിവാദം കെട്ടടങ്ങി. ക്രിസ്ത്യാനികളായ വിശ്വാസികള്‍ റബ്ബര്‍ കൃഷിയിലൂടെ ലാഭം ഉണ്ടാക്കി കേരളം ആകെ റബ്ബറളം ആക്കുന്നു. അവരുടെ പുരോഹിതന്മാര്‍ കേരളമാകെ കുരിശു കൃഷി ചെയ്ത് കേരളത്തെ ഒരു കുരിശളം ആക്കുന്നു എന്നായിരുന്നു അക്കാലത്തുയര്‍ന്നു കേട്ട വിമര്‍ശനം.
ഒരു ഘട്ടം കഴിയുമ്പോള്‍ സഭക്കുള്ളിലെ ജീര്‍ണതക്കെതിരെ നേതൃപാടവമുള്ള ചില വ്യക്തികള്‍ കലാപക്കൊടി ഉയര്‍ത്തുന്നു. അവര്‍ സഭക്കുള്ളില്‍ നിന്നു തന്നെ ചില അനുയായികളെ നേടുന്നു. ആദ്യമൊക്കെ സഭക്കുള്ളില്‍ നിന്നു തന്നെ തങ്ങളുടെ കലാപത്തിനു ആക്കം കൂട്ടുന്നു. സഹിക്കാനാകാത്ത ഘട്ടം വരുമ്പോള്‍ ഇത്തരക്കാര്‍ക്കു പുറത്തേക്കു പോകേണ്ടിവരുന്നു. പള്ളിക്കും പട്ടക്കാരനും അബദ്ധവിശ്വാസങ്ങള്‍ക്കും എതിരെ പുറത്തുപോയവര്‍ കുരിശുപണിയുന്നു. പട്ടക്കാരാവശ്യമില്ലെന്നു പറഞ്ഞവര്‍ സ്വയം പട്ടക്കാരാകുന്നു. ആളും അര്‍ഥവും ഒക്കെ വര്‍ധിക്കുന്ന മുറക്ക് അവര്‍ക്കു മുഖ്യധാരയില്‍ ഇടം കിട്ടുന്നു. അങ്ങാടിയില്‍ വന്ദനവും പള്ളികളിലെ മുഖ്യാസനവും ആശ്രിതവൃന്ദത്തിന്റെ അകമ്പടി സേവയും അതാണവരുടെ ലക്ഷ്യം. ഇങ്ങനെ വളര്‍ന്നു വികസിച്ചവയാണ് നേരത്തെ സൂചിപ്പിച്ച രണ്ടായിരം സഭാവിഭാഗങ്ങള്‍. എല്ലാവര്‍ക്കും വിശ്വാസം യേശുവിലാണ്. ആശ്വാസം കീശയിലും. കേരളത്തിന്റെ സഭാചരിത്രം പരിശോധിച്ചാല്‍ കഴിഞ്ഞ അഞ്ചു നൂറ്റാണ്ടിനുള്ളില്‍ കുറഞ്ഞത് അമ്പതു സഭാ വിഭാഗങ്ങളെങ്കിലും പിളര്‍ന്നു വളര്‍ന്നു കൊണ്ടിരിക്കുന്നു. വളരും തോറും പിളരുകയും പിളരും തോറും വളരുകയും എന്ന കെ എം മണിയന്‍ സിദ്ധാന്തത്തിന്റെ സ്രോതസ്സ് കേരളത്തിലെ വിവിധ ക്രൈസ്തവ സഭകള്‍ തന്നെ.
21-ാം നൂറ്റാണ്ടില്‍ മുഖ്യധാരാ സഭകളില്‍ നിന്നാവിര്‍ഭവിച്ച ആള്‍ക്കൂട്ട ആത്മീയസംഘത്തിന്റെ ഏറ്റവും ഒടുവിലത്തെ ആള്‍ദൈവമാണ് മൂന്നാറില്‍ ആത്മീയ ടൂറിസം കൃഷി പരീക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ച ടോം സക്കറിയയും അദ്ദേഹത്തിന്റെ സ്പിരിറ്റ് ഇന്‍ ജീസ്സസും. പൗരോഹിത്യ തേര്‍വാഴ്ചക്കെതിരെ ഘോരഘോരം പ്രസംഗിച്ചു കൊണ്ട് സിഎസ് ഐ സഭയില്‍ നിന്നുയര്‍ന്നു വന്ന ഒറ്റയാനായ ഒരു വചനപ്രഘോഷകന്‍ ആയിരുന്നു കെ പി യോഹന്നാന്‍. ഇപ്പോള്‍ അദ്ദേഹം സ്വയം വിളിക്കുന്നത് യോഹന്നാന്‍ തിരുമേനിയെന്നാണ്. വളരെ അടുത്തകാലത്താണ് അദ്ദേഹം ഇത്രമേല്‍ താരശ്രദ്ധ നേടുന്നത്. ഇപ്പോള്‍ കേരളത്തിലെല്ലായിടത്തും അദ്ദേഹത്തിനു സ്വന്തം പേരില്‍ പള്ളികളും എസ്റ്റേറ്റുകളും ആശുപത്രികളും മാത്രമല്ല, മെഡിക്കല്‍ കോളജു വരെയുണ്ട്. തന്റെ സഭക്കദ്ദേഹം നല്‍കിയിരിക്കുന്ന പേരു തന്നെ വിശ്വാസികളുടെ സഭ(Believers church) എന്നാണ്. എന്നു പറഞ്ഞാല്‍ മറ്റെല്ലാ സഭകളും വിശ്വാസികളല്ലാത്തവരുടെ സഭ എന്നര്‍ഥം. എങ്കിലും പണ്ടു സാത്താന്‍ യേശുവിനോട് പറഞ്ഞതു പോലെ താന്‍ വിളിക്കുന്നിടത്തു വന്നു തന്നെ ആദരിച്ചു തല കുനിച്ചാല്‍ ഈ കാണുന്ന സകലവും ഞാന്‍ നിനക്കു തരാം (മത്തായി:4) എന്ന് പ്രലോഭിപ്പിച്ച് കേരളത്തിലെ എല്ലാ മുഖ്യധാരാസഭകളിലെയും മെത്രാന്മാരെ അദ്ദേഹം തിരുവല്ലായിലെ തന്റെ ആസ്ഥാനത്തു നടന്ന മെത്രാനഭിഷേക ചടങ്ങിലേക്കു ക്ഷണിക്കുകയുണ്ടായി. ആ ക്ഷണം സ്വീകരിക്കാനും ഉണ്ടായി പല പുരാതന സഭകളിലെയും മഹാപുരോഹിതന്മാര്‍.
ഓര്‍ത്തോഡക്‌സ് സഭയിലെ ഒരു സുവിശേഷക പ്രാസംഗികനായി രംഗത്തു വന്ന മറ്റൊരു യോഹന്നാനുണ്ട്. അദ്ദേഹമാണ് എം വൈ യോഹന്നാന്‍ എന്ന റിട്ടേയന്‍ഡ് മലയാള അധ്യാപകന്‍. സഭ അദ്ദേഹത്തെ പുറത്താക്കിയിരിക്കുകയാണ്. എന്നാല്‍ അദ്ദേഹവും അനുയായികളും പറയുന്നത് തങ്ങളുടേതാണ് യഥാര്‍ഥ ഓര്‍ത്തഡോക്‌സ് സഭ എന്നാണ്. കത്തോലിക്കാ സഭയില്‍ നിന്നും ഇത്തരം കറുത്ത ആടുകള്‍ ഉയര്‍ന്നു വരുക സുസാധ്യമല്ല, പ്രത്യേകിച്ചും കേരളത്തിലെന്നായിരുന്നു അടുത്ത കാലം വരെയും കരുതിയിരുന്നത്. എന്നാല്‍ ആ ധാരണ കാറ്റില്‍ പറത്തിക്കൊണ്ട് ജനക്കൂട്ടത്തെ ഒപ്പം കൂട്ടി സഭാചട്ടക്കൂടിനു വെല്ലുവിളി ഉയര്‍ത്തിയ ഒരു പ്രൈമറി സ്‌കൂളധ്യാപകനാണ് ദേവസ്യാ മുല്ലക്കര എന്ന സുവിശേഷ പ്രസംഗകന്‍. കണ്ണൂര്‍ ജില്ലയിലെ ഒരു കുടിയേറ്റ ഗ്രാമത്തില്‍ നിന്നും അധ്യാപകവൃത്തി ഉപേക്ഷിച്ച ഇദ്ദേഹത്തിന് എല്ലാ സഭാവിഭാഗങ്ങളില്‍ നിന്നുമുള്ള അനുയായികളുടെ വലിയ ഒരു പറ്റവും അവരില്‍ നിന്നുള്ള സാമ്പത്തിക പിന്‍ബലവും ഉണ്ട്. അത്ഭുത രോഗശാന്തി, പ്രവചന വരം, ദൈവിക വെളിപാടുകള്‍ ഇതൊക്കയാണ് ഇവരുടെ ഒക്കെ തുറുപ്പു ചീട്ടുകള്‍. റിസോര്‍ട്ടു കച്ചവടം, റിയല്‍ എസ്റ്റേറ്റ് ഏര്‍പ്പാട്, ഇതൊക്കെയാണ് പ്രധാന അജന്‍ഡകളെങ്കിലും ആതുര സേവനവും ജീവകാരുണ്യ പ്രവര്‍ത്തനവും ഒക്കെയാണ് പുറമേ പ്രകടിപ്പിക്കുന്ന പരസ്യപലകകള്‍.
കൃഷിയും വ്യവസായവും ഒക്കെ മടുത്ത യൂറോപ്പിലെ ചില സമ്പന്നന്മാര്‍ ഭൂമിയിലെ തങ്ങളുടെ സുഖം വര്‍ധിപ്പിക്കാനും സ്വര്‍ഗത്തിലേക്കുള്ള നിക്ഷേപം ശേഖരിക്കാനുമുള്ള സമര്‍ഥമായ ഒരു മാര്‍ഗ്ഗമായി പുതിയസഭകള്‍ സ്ഥാപിക്കുക എന്ന സൂത്രം സമര്‍ഥമായി ആവിഷ്‌കരിച്ചു നടപ്പില്‍ വരുത്തുന്നു. സ്വവര്‍ഗാനുരാഗികള്‍ക്ക് പ്രത്യേകം പള്ളി, പുരുഷവിദ്വേഷികളായ ഫെമിനിസ്റ്റുകള്‍ക്ക് പ്രത്യേകം പള്ളി ഇപ്പോഴിതാ കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും ഉപാസകര്‍ക്കായി ഒരു പ്രത്യേക പള്ളി. യു എസ് എയിലെ ഡെന്‍വാര്‍ നഗരത്തില്‍ നിന്നാണ് ഗഞ്ചാവുസേവ പ്രാര്‍ഥനയുടെ ഭാഗമാക്കിയ ഒരു പുതിയ സഭാവിഭാഗത്തെക്കുറിച്ചുള്ള വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത് (Denver church frings together god ganja , Hindu :dt 22-04-2017 page 11)പ്രത്യേക അംഗത്വഫീസും നിയമാവലിയും ഉള്ള ഈ പള്ളിയിലേക്കു വിശ്വാസികളുടെ തള്ളിക്കയറ്റമാണെന്നാണ് റിപ്പോര്‍ട്ട്. എല്ലാ സഭകളും ഇങ്ങനെ ഒക്കെയല്ലെ വളര്‍ന്നു വന്നത് എങ്കില്‍ പിന്നെ തങ്ങളുടെ ന്യൂ ജനറേഷന്‍ സഭകള്‍ക്കെന്തു കൊണ്ട് ഇത്തരം മാര്‍ഗ്ഗങ്ങള്‍ പാടില്ലെന്നാണവരുടെ ഉള്ളിലിരിപ്പ്. വെള്ളം കലക്കി കിട്ടാവുന്നത്ര മീന്‍ പിടിക്കുക. അതിലൊരു പങ്ക് അധികാരസ്ഥാനത്തിരിക്കുന്നവര്‍ക്കും നല്‍കുക. ആളൊഴിഞ്ഞ പൊതുസ്ഥലങ്ങള്‍ കണ്ടു വെക്കുക.
പാവപ്പെട്ട മനുഷ്യര്‍ക്കൊരു മേല്‍ക്കൂര കെട്ടി താമസിക്കാന്‍ രണ്ട് സെന്റ് സ്ഥലം ചൂണ്ടിക്കാണിക്കാന്‍ കഴിയാതെ സര്‍ക്കാറുകള്‍ വലയുമ്പോള്‍, കാട്ടു മൃഗങ്ങള്‍ വിശപ്പും ദാഹവും സഹിക്കാനാകാതെ നാട്ടിലെ മനുഷ്യരെ തേടി ഇറങ്ങുന്ന ഒരു കാലത്ത് കിട്ടിയതൊന്നും പോരാ എന്ന മട്ടില്‍ വനാന്തര്‍ഭാഗങ്ങളിലേക്കും മലമുകളിലേക്കും കുരിശു ഒരുപകരണമാക്കി കടന്നു ചെല്ലുക, അവിടുത്തെ ആവാസവ്യവസ്ഥയാകെ നശിപ്പിക്കുക, വികസിത പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങളിലെ ജീവിതം മടുത്ത പണച്ചാക്കുകളെ അങ്ങോട്ടു ആകര്‍ഷിക്കുക.
ഇതാണ് ഇവാഞ്ചലിസത്തിന്റെ ഏറ്റവും പുതിയ രൂപമായ സ്പിരിറ്റ്വല്‍ ടൂറിസം. ഈ പദ്ധതി പൊളിച്ചടുക്കിയ റവന്യൂ മന്ത്രിയുടെയും അതിനൊത്താസ ചെയ്ത് കൊടുത്ത ഇടുക്കി ജില്ലാ ഭരണകൂടത്തെയും അഭിനന്ദിക്കാതെ വയ്യ. ഇതിന്റെ പേരില്‍ കുരിശു തകര്‍ത്ത ജെ സി ബിയെ മാത്രം നാടുകടത്തുന്നത് കഷ്ടമാണ്. അല്ലയോ ജെ സി ബി നീയാണ് ഇനിയും ഞങ്ങള്‍ക്കേക ആശ്രയം, തെറ്റായ സാമൂഹിക വ്യവസ്ഥകളെ ഇടിച്ചു നിരത്തുന്ന ബുള്‍ഡോസറുകളായിരിക്കണം സാഹിത്യകാരന്റെ തൂലികയെന്ന് മഹാനായ ബര്‍ണാഡ്ഷാ പറഞ്ഞിട്ടുണ്ട്. ഇതിനിപ്പോള്‍ ഏത് സാഹിത്യകാരനാണ് തൂലിക ഉള്ളത്. അവരില്‍ അധികം പേരും ഓണ്‍ലൈന്‍ എന്ന ലൈനില്‍ ക്യു നിന്ന് ഇന്റര്‍നെറ്റ് എന്ന വലയില്‍ കുടുങ്ങി ഒരിഞ്ച് മുന്നോട്ടുപോകാനാകാതെ കഷ്ടപ്പെടുകയല്ലേ, പിന്നെയെന്ത് ബുള്‍ഡോസര്‍? ഇപ്പോഴത്തെ ഈ കുരിശിന്റെ പേരില്‍ വൃണപ്പെടുന്ന വികാരിമാരുടെ വികാരത്തില്‍ ഇടതുപക്ഷ സര്‍ക്കാറിനു ഒരു കുറ്റബോധവും തോന്നേണ്ടതില്ല. അങ്ങനെ ഒന്നു തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണ് കേരളത്തിലെ ഇടതുപക്ഷസര്‍ക്കാറിന്റെതെന്നു വന്നാല്‍ കഷ്ടമാണ്.