സുക്മയില്‍ തിരിച്ചടിച്ച് സൈന്യം; പത്ത് മാവോയിസ്റ്റുകളെ വധിച്ചു

Posted on: April 26, 2017 10:05 pm | Last updated: April 26, 2017 at 11:27 pm

സുക്മ: മാവോയിസ്റ്റുകള്‍ക്ക് സുരക്ഷാ സേനയുടെ തിരിച്ചടി. ചത്തീസ്ഗഢിലെ സുരക്ഷാ സേന നടത്തിയ പ്രത്യാക്രമണത്തില്‍ പത്ത് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരുക്കേറ്റു. ബുധനാഴ്ച വൈകീട്ടാണ് സംഭവം. നക്‌സല്‍ ബാധിത മേഖലയായ തെക്കന്‍ ബസ്തറില്‍പ്പെട്ട സുക്മാ ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ 25 സി ആര്‍ പി എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് തിരിച്ചടിയായാണ് സൈന്യം ആക്രമണം നടത്തിയത്.

ദോര്‍ണാപാല്‍ ജാഗര്‍ഗുന്ദയില്‍ നിര്‍മാണത്തിലിരിക്കുന്ന റോഡ് പ്രവൃത്തിയുടെ സുരക്ഷക്കായി നിയോഗിക്കപ്പെട്ട സി ആര്‍ പി എഫ് 74ാം ബറ്റാലിയന് നേരെ 300ഓളം വരുന്ന മാവോയിസ്റ്റ് സംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നു. സുക്മയിലെ കൂട്ടക്കുരുതിക്ക് തിരിച്ചടി നല്‍കുമെന്ന കേന്ദ്രം വ്യക്തമാക്കിയിരുന്നു.