ഇന്ത്യന്‍ ഓഹരി വിപണി സര്‍വകാല നേട്ടത്തില്‍

Posted on: April 26, 2017 8:00 pm | Last updated: April 26, 2017 at 8:00 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓഹരി വിപണി സര്‍വകാല നേട്ടം കൊയ്തു. സെന്‍സെക്‌സ് 30,133 പോയിന്റിലെത്തി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 9,351ലും വ്യാപാരമവസാനിപ്പിച്ചു. 2015 മാര്‍ച്ചില്‍ ആര്‍ ബി ഐ വായ്പാ പ്രഖ്യാപനത്തില്‍ പലിശ നിരക്ക് കുറച്ചപ്പോള്‍ രേഖപ്പെടുത്തിയ 30,025 ആയിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. ഡോളറിന് 63.93 എന്ന നിലയിലായിരുന്നു രൂപയുടെ വിനിമയ നിരക്ക്. 2015 ആഗസ്റ്റിന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണിത്.

ഡോളറിനെതിരെ രൂപയുടെ മെച്ചപ്പെട്ട പ്രകടനവും റിലയന്‍സ് ഇന്‍ഡസ്ട്രീസ് അടക്കമുള്ളവയുടെ കമ്പനികളുടെ സാമ്പത്തിക പാദത്തിലെ മികച്ച റിപ്പോര്‍ട്ടിംഗുകളും ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് ഫലവുമാണ് ഓഹരി വിപണിയുടെ മികച്ച പ്രകടനത്തിന് കാരണമായത്.