കവര്‍ച്ച സംഘം പോലീസ് പിടിയില്‍

Posted on: April 26, 2017 1:12 pm | Last updated: April 26, 2017 at 12:58 pm

കുവൈത്ത് സിറ്റി: ഇരുപതംഗ കവര്‍ച്ച സംഘം പൊലീസിെന്റ പിടിയിലായി. ആസൂത്രിതമായി പല ഭാഗങ്ങളിലായി നിന്ന് ഒറ്റക്ക് നടന്നുപോവുന്ന വിദേശികളുടെ കഴുത്തില്‍ കത്തിവെച്ച് കവര്‍ച്ച നടത്തിവരുന്ന സംഘമാണ് പിടിയിലായത്, ഫര്‍വാനിയ ദജീജ് മേല്‍പാലത്തിന് സമീപത്ത് സ്ഥിരമായി മലയാളികളെ കവര്‍ച്ചചെയ്ത സംഘമാണിത്.

ഫര്‍വാനിയ അര്‍ബീദ് ബില്‍ഡിങ്ങില്‍ താമസിക്കുന്ന കൊല്ലം സ്വദേശി ജിനുവിനെ ഏപ്രില്‍ ഏഴിനാണ് തടഞ്ഞുനിര്‍ത്തി പണം അപഹരിച്ചത്. ഇദ്ദേഹം പൊലീസില്‍ പരാതി നല്‍കിയിരുന്നു. കവര്‍ച്ചക്കേസില്‍ പിടിയിലായ മൂന്നുപേരെ ജിനു പൊലീസ് സ്‌റ്റേഷനില്‍ തിരിച്ചറിഞ്ഞതോടെയാണ് സംഘത്തെ മുഴുവന്‍ പിടികൂടാനായത്.. ഫര്‍വാനിയയിലും ജലീബ് അല്‍ശുയൂഖിലുമായി വ്യത്യസ്ത സ്ഥലത്തുനിന്നാണ് ഇവര്‍ തട്ടിപ്പു നടത്തിയിരുന്നത്.

പല ഭാഗത്ത് ആളെ നിര്‍ത്തി കവര്‍ച്ച നടത്തിവരുകയായിരുന്ന സംഘത്തില്‍ മുഴുവനും സിറിയക്കാരാണ് . . തനിച്ചുപോവുന്നവരെ പിറകിലൂടെ ചെന്ന് വട്ടംപിടിച്ചശേഷം കത്തികാണിച്ച് ഭീഷണിപ്പെടുത്തി പഴ്‌സില്‍നിന്ന് പണമെടുത്ത് കടന്നുകളയുകയാണ് ചെയ്യുന്നത്. മാര്‍ച്ച് അവസാനവും ഏപ്രില്‍ ആദ്യവുമായി രണ്ടാഴ്ചക്കിടെ മൂന്ന് മലയാളികളില്‍നിന്ന് 585 ദീനാര്‍ ഇവര്‍ തട്ടിയെടുത്തിരുന്നു.

മലയാളികള്‍ ഉള്‍പ്പെടെ നിരവധി വഴിയാത്രക്കാര്‍ സഞ്ചരിക്കുന്നതാണ് ദജീജ് മേല്‍പാലം. ഇവിടെ നിരവധി വിദേശികള്‍ കവര്‍ച്ചക്കിരയായതാണ്. ആസൂത്രിതമായി കവര്‍ച്ച നടത്തുന്ന സംഘം പിടിയിലായത് വിദേശികള്‍ക്ക് ആശ്വാസകരമാണ്. ഫിലിപ്പീന്‍ സ്വദേശിയെ ആക്രമിച്ച് പണം കവര്‍ന്ന കേസില്‍ കഴിഞ്ഞദിവസം പിടിയിലായവരും ഇതേസംഘത്തില്‍ പെട്ടവരാണ്.