വാക്ക് സൂക്ഷിച്ചുവേണം

Posted on: April 26, 2017 6:22 am | Last updated: April 26, 2017 at 12:25 am

മൂന്നാറിലെ കൈയേറ്റഭൂമി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് വൈദ്യുതി മന്ത്രി എം എം മണി നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ കേരള രാഷ്ട്രീയത്തിലെ ചൂടേറിയ ചര്‍ച്ചകളിലൊന്ന്. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന നേതാവിന് യോജിക്കാത്ത പദപ്രയോഗങ്ങളാണ് വിവാദത്തിനിടയാക്കിയത്. ‘സ്ത്രീതൊഴിലാളികളെ അധിക്ഷേപിച്ച’ മണി രാജിവെക്കണമെന്നാവശ്യപ്പെട്ട് പെമ്പിളൈ ഒരുമൈ സമരത്തിലാണ്. ഇടതുമുന്നണിയിലെ ചില ഘടകകക്ഷികളും അദ്ദേഹത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. കലക്ടര്‍മാര്‍ക്കെതിരായ പ്രസ്താവനയില്‍ ഉദ്യോഗസ്ഥ വൃന്ദത്തിനും അതൃപ്തിയുണ്ട്. ആദ്യദിവസം മണിയെ കൈവിട്ട നിലയില്‍ സംസാരിച്ചെങ്കിലും ഇന്നലെ അദ്ദേഹത്തിന് ശക്തമായ പിന്തുണയാണ് മുഖ്യമന്ത്രി നല്‍കിയത്. എം എം മണിയുടെ പ്രസംഗം നാട്ടുശൈലിയിലാണെന്നും അതിനെ എതിരാളികള്‍ പര്‍വതീകരിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി വിശദീകരിക്കുന്നു.
പ്രസംഗത്തില്‍ സ്ത്രീയെന്ന വാക്കോ സ്ത്രീയുടെ പേരോ ഉപയോഗിച്ചില്ലെന്നും മനസിലുള്ളത് തുറന്നുപറയുന്ന പ്രകൃതക്കാരനാണ് താനെന്നും സ്ത്രീകളോട് എന്നും ആദരവോടെ മാത്രമേ പെരുമാറിയിട്ടുള്ളൂവെന്നുമാണ് മന്ത്രിയുടെ വിശദീകരണം. എഡിറ്റ് ചെയ്ത പ്രസംഗമാണ് പുറത്തുവിട്ടതെന്നും 17 മിനിട്ടുള്ള തന്റെ പ്രസംഗം മുഴുവനായി സംപ്രേഷണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. പണ്ഡിതോചിതമായ ഭാഷ തനിക്കറിയില്ല, മനസ്സിന്റെ ഭാഷയിലാണ് പറഞ്ഞത്, സ്ത്രീകള്‍ ഉള്ള നാട്ടില്‍ നിന്നും വീട്ടില്‍ നിന്നുമാണ് താനും വരുന്നത് ഇങ്ങനെ പോകുന്നു മണിയുടെ വിശദീകരണം. കൈയേറ്റക്കാരുമായും ഉദ്യോഗസ്ഥരുമായും മാധ്യമപ്രവര്‍ത്തകര്‍ക്ക് ബന്ധമുണ്ടെന്നും അത് ചൂണ്ടിക്കാണിച്ചതാണ് തനിക്കെതിരെയുളള മാധ്യമപ്രവര്‍ത്തകരുടെ വിരോധത്തിന് കാരണമെന്നും അദ്ദേഹം ആരോപിക്കുന്നു.
2011 ഒക്‌ടോബറില്‍ വാളകത്ത് അധ്യാപകന് പരുക്കേറ്റതുമായി ബന്ധപ്പെട്ട് വി എസ് അച്യുതാനന്ദനും അധ്യാപകനുമെതിരെ അന്നത്തെ യു ഡി എഫ് സര്‍ക്കാറിലെ സാംസ്‌കാരിക വകുപ്പ് മന്ത്രിയായിരുന്ന കെ ബി ഗണേഷ്‌കുമാര്‍ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. വി എസ് ഞരമ്പു രോഗിയാണെന്നായിരുന്നു ഗണേഷ് കുമാറിന്റെ പരാമര്‍ശം. വാളകത്ത് അധ്യാപകന്‍ പരുക്കേറ്റതുമായി ബന്ധപ്പെട്ടു ആര്‍ ബാലകൃഷ്ണപ്പിള്ളക്കെതിരെ വി എസ് നടത്തിയ പ്രസ്താവനക്കെതിരെയാണ് ഗണേഷ്‌കുമാര്‍ സഭ്യേതര പ്രയോഗങ്ങള്‍ നടത്തിയത്. ഇതിനെതിരെ അന്നത്തെ പ്രതിപക്ഷമായ ഇടതുമുന്നണി നിയമ സഭക്കകത്തും പുറത്തും പ്രക്ഷോഭം നടത്തിയിരുന്നു.
അതേവേദിയില്‍ പി സി ജോര്‍ജിന്റെ പ്രസ്താവനയും വിവാദമായിരുന്നു. ലതികാസുഭാഷിനെതിരെയും സിന്ധു ജോയിക്കെതിരെയും വി എസ് അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവനകളും വിമര്‍ശങ്ങള്‍ക്കിടയായതാണ്. തന്റെ മന്ത്രിസഭയിലെ ഒരു അംഗത്തിനെതിരെ വി എസ് നടത്തിയ ‘പോഴന്‍’ പ്രയോഗവും കെ ഇ എന്‍ കുഞ്ഞഹമ്മദിനെ ‘കുരങ്ങന്‍’ എന്ന് അധിക്ഷേപിച്ചതും വിമര്‍ശനവിധേയമായിരുന്നു.
നേതാക്കളും പൊതുപ്രവര്‍ത്തകരും വാക്കുകള്‍ പ്രയോഗിക്കുമ്പോള്‍ വളരെയധികം സൂക്ഷിക്കേണ്ടതുണ്ട്. ദ്വയാര്‍ഥമുള്ള പദങ്ങളോ തെറ്റിദ്ധരിക്കാനിടയുള്ള പ്രയോഗങ്ങളോ ഉപയോഗിക്കരുത്. പൊതുവേദികളില്‍ പ്രത്യേകിച്ചും വളരെ കരുതലോടെയായിരിക്കണം ഓരോ പദവും ഉപയോഗിക്കേണ്ടത്. ആവേശത്തള്ളിച്ചയില്‍ പ്രതിയോഗികള്‍ക്കെതിരെ പ്രയോഗിക്കുന്ന വാക്ശരങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടാനിടയാക്കുകയും വലിയപ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുകയും ചെയ്‌തേക്കാം. കൈയില്‍നിന്നു പോകുന്ന കല്ലും വായില്‍നിന്നു വിട്ട വാക്കും തിരിച്ചെടുക്കാന്‍ പറ്റില്ലെന്ന പഴഞ്ചൊല്ല് പ്രസിദ്ധമാണ്. ആരോപണങ്ങളെ ചൊല്ലി പൊട്ടിത്തെറിക്കാതെ സംയമനം പാലിക്കുകയും മാന്യമായി പ്രതികരിക്കുകയും ചെയ്യുകയെന്നതാണ് ഒരു നല്ല നേതാവിന്റെ ലക്ഷണം. രാഷ്ട്രീയം മാന്യമായിരിക്കണം. നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വാക്കുകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയുമാണ് അതിന്റെ മാന്യത സംരക്ഷിക്കപ്പെടുന്നത്. നേതാക്കള്‍ മാന്യത വിട്ടാല്‍ അതവരെ മാത്രമല്ല, പാര്‍ട്ടികളെ മൊത്തത്തില്‍ തന്നെ ബാധിക്കും. ഇതൊക്കെ മന്ത്രിയെ തിരിച്ച് വിമര്‍ശിക്കുന്നവര്‍ക്കും ബാധകമാണ്.
അതേസമയം, മന്ത്രിയുടെ ന്യായീകരണത്തിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വിവാദ പ്രസംഗത്തിലെ മറ്റു പരാമര്‍ശങ്ങള്‍ അന്ന് തന്നെ വാര്‍ത്തയായിരിക്കെ, പെമ്പിളൈ ഒരുമൈയെ കുറിച്ച് പറയുന്ന കാര്യങ്ങള്‍ വാര്‍ത്തയാകാന്‍ രണ്ട് ദിവസം വൈകി എന്നത് സംശയാസ്പദമാണ്. മന്ത്രിയുടെ പരാമര്‍ശങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടു എന്ന വാദത്തിന് ബലം കൂടുന്നുമുണ്ട്.
‘മരിച്ചുകഴിഞ്ഞാല്‍ നമ്മുടെ ശരീരവും നാവും അഴുകിയേക്കും. എന്നാല്‍, മരിക്കുന്നതുവരെ അഴുകാതെ, ദുര്‍ഗന്ധം വമിക്കാതെ സുഗന്ധം വിതറി നമ്മുടെ നാവ് സൂക്ഷിക്കാന്‍ സാധിക്കും. അത്തരം നാവിന്റെ ഉടമകളെ പിന്‍തലമുറ ആദരവോടെ ഓര്‍ക്കുകയും ചെയ്യും’ ഈ മഹദ്‌വചനമായിരിക്കട്ടെ നേതാക്കളുടെയും പൊതുപ്രവര്‍ത്തകരുടെയും വഴികാട്ടി.