Connect with us

Articles

താഹിറുല്‍ അഹ്ദല്‍ തങ്ങളെ ഓര്‍ക്കുമ്പോള്‍

Published

|

Last Updated

മഹാനായ അലിയ്യുല്‍ അഹ്ദല്‍ തങ്ങളില്‍ നിന്നാണ് അഹ്ദല്‍ ഖബീലയുടെ തുടക്കം. പലപ്പോഴായി കേരളത്തിലെത്തിയ സയ്യിദ് വംശാവലികളിലെ പ്രധാനമാണ് അഹ്ദല്‍ ഖബീല. ആ പരമ്പരയില്‍ 1365 ജമാദുല്‍ ആഖിര്‍ 25 ന് സയ്യിദ് മുഹമ്മദ് കോയഞ്ഞി തങ്ങളുടെ മകനായിട്ടാണ് സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ജനിക്കുന്നത്. ജന്മം കൊണ്ട് കോഴിക്കോട്ടുകാരനാണെങ്കിലും പഠനം പൂര്‍ത്തിയാക്കി 1972ല്‍ ഫൈസി ബിരുദം കരസ്ഥമാക്കിയ തങ്ങള്‍ കര്‍മ മണ്ഡലമായി തിരഞ്ഞെടുത്തത് കാസര്‍കോട് ജില്ലയായിരുന്നു.
ഒമ്പത് വര്‍ഷക്കാലം നെല്ലിക്കുന്ന് തങ്ങളുപ്പാപ്പയുടെ ചാരത്ത് വിജ്ഞാനം നുകര്‍ന്നു കൊടുത്തു. പിന്നീട് ഒമ്പത് വര്‍ഷക്കാലം ഉറുമിയിലും ദര്‍സ് നടത്തി. ആര്‍ക്കും എപ്പോഴും കയറിച്ചെന്ന് പരാതി പറയാനും പരിഹാരം കണ്ടെത്താനുമുള്ള ദര്‍ബാറായിരുന്നു തങ്ങളുടേത്. പേരു പോലെത്തന്നെ അകവും ശുദ്ധമായിരുന്നുവെന്നത് തങ്ങളുമായി അടുക്കുന്ന ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്ന യാഥാര്‍ഥ്യമാണ്. ആദര്‍ശ വിരോധികള്‍ക്കെതിരെ വിജ്ഞാനം കൊണ്ട് പടപൊരുതാന്‍ മുന്നിട്ടിറങ്ങിയ നേതാവായിരുന്നു തങ്ങള്‍. ആദര്‍ശത്തെ ആരുടെ മുമ്പിലും പണയം വെച്ചില്ല എന്നത് തന്നെയാണ് തങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത.

എസ് വൈ എസിന്റെ സംസ്ഥാന ട്രഷററായും സമസ്ത മുശാവറ അംഗമായും പ്രാസ്ഥാനിക രംഗത്ത് തങ്ങള്‍ കര്‍മനിരതനായിരുന്നു. ഒപ്പം തങ്ങള്‍ നട്ടുവളര്‍ത്തിയ മുഹിമ്മാത്തുല്‍ മുസ്‌ലിമീന്‍ എജ്യുക്കേഷന്‍ സെന്റര്‍ എന്ന സ്ഥാപനം വലിയൊരു വടവൃക്ഷമായി പന്തലിച്ചു നില്‍ക്കുന്നു. സപ്ത ഭാഷകളുടെ സംഗമ ഭൂമിയായ കാസര്‍കോഡ് ജില്ലയിലെ പുത്തിഗെ എന്ന ഗ്രാമത്തിലെ കട്ടത്തടുക്കയിലെ കൊട്ടപ്പാറപ്പുറത്ത് 1992 ലാണ് തങ്ങള്‍ മുഹിമ്മാത്ത് എന്ന സ്ഥാപനം തുടങ്ങുന്നത്. തങ്ങളുടെ അവസാന കാലത്ത് രിഫാഈ ശൈഖ് (റ) വിന്റെ പതിനാറാമത്തെ പുത്രന്‍ സയ്യിദ് സ്വബാഹുദ്ദീന്‍ രിഫാഈ തങ്ങള്‍ ആദ്യമായി കേരളത്തിലെത്തിയത് തങ്ങളെ തേടിയായിരുന്നു. ഇരുപത്തിയഞ്ച് വയസ്സിലെത്തി നില്‍ക്കുമ്പോള്‍ മുഹിമ്മാത്തിന്റെ ഇന്നലകളിലേക്ക് തിരിഞ്ഞു നോക്കുന്നവര്‍ക്ക് പറയാനേെറയുണ്ട്. അഗതി മന്ദിരം, യതീം ഖാന, ഹിഫഌല്‍ ഖുര്‍ആന്‍ കോളജ്, ബോര്‍ഡിംഗ് മദ്രസ തുടങ്ങി മുപ്പത്തി അഞ്ചോളം സ്ഥാപനങ്ങള്‍ നാല്‍പ്പത് ഏക്കര്‍ വിശാലമായ സ്ഥലത്ത് തലയുയര്‍ത്തി നില്‍ക്കുന്നു. ഈ ലോകത്തോട് വിടപറഞ്ഞ് പതിനൊന്ന് വര്‍ഷം പിന്നിടുമ്പോഴും തങ്ങള്‍ കൊളുത്തിയ തിരിനാളം ഇന്നും ജ്വലിച്ച് നില്‍ക്കുന്നു. അസുഖ ബാധിതനായി ഹോസ്പിറ്റലില്‍ കഴിയുമ്പോള്‍ സന്ദര്‍ശിക്കാന്‍ ചെല്ലുന്നവരോടൊക്കെ തങ്ങള്‍ പറഞ്ഞൊരു വാക്കുണ്ട.് നിങ്ങള്‍ എനിക്ക് ഒന്നും തരേണ്ടതില്ല. നിങ്ങളെന്നെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്റെ മുഹിമ്മാത്തിലെ മക്കള്‍ക്കു വേണ്ടി കൊടുക്കണം. ഈ വാക്കിനെ സമൂഹം നെഞ്ചിലേറ്റി എന്നതിന്റെ അടയാളമാണ് ഇന്ന് കാണുന്ന മുഹിമ്മാത്തും അതിന്റെ വളര്‍ച്ചയും. ആ മഹാനുഭാവന്റെ ആണ്ടു നേര്‍ച്ച എല്ലാ ശഅബാനിലും നടന്നു പോരുന്നു. ഇത്തവണ മുഹിമ്മാത്തിന്റെ സില്‍വര്‍ ജൂബിലി കൂടി വന്നണയുമ്പോള്‍ അതിവിപുലമായാണ് ഏപ്രില്‍ 27 മുതല്‍ 30 വരെ പരിപാടികള്‍ നടക്കുന്നത്.

Latest