മാസം തികയാതെ പ്രസവിക്കുന്ന കുട്ടികള്‍ക്കായി കൃത്രിമ ഗര്‍ഭപാതം വികസിപ്പിച്ചു

Posted on: April 25, 2017 10:13 pm | Last updated: April 25, 2017 at 10:13 pm

ലണ്ടന്‍: മാസം തികയാതെ പ്രസവിക്കപ്പെടുന്ന ശിശുക്കള്‍ക്കായി കൃത്രിമ ഗര്‍ഭപാത്രം വികസിപ്പിച്ചതായി അമേരിക്കന്‍ ശാസ്ത്രജ്ഞര്‍. ഗര്‍ഭപാത്രത്തിന് സമാനമായ ബാഗാണ് ശാസ്ത്ജഞര്‍ തയ്യാറാക്കിയത്. ഗര്‍ഭപാത്രത്തില്‍ കുട്ടിക്ക് സംരക്ഷണം നല്‍കുന്ന അംനിയോട്ടിക് ഫ്‌ളൂയിഡും പ്ലാസന്റയുമെല്ലാം ഈ ബാഗില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇത് ഉപയോഗിച്ച് ആട്ടിന്‍കുട്ടികളില്‍ നടത്തിയ പരീക്ഷണം വിജയകരമായിരുന്നുവെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

അമേരിക്കയില്‍ മാത്രം മാസം തികയാതെ പ്രതിവര്‍ഷം 30,000 കുഞ്ഞുങ്ങളാണ് ജനിക്കുന്നത്. 23നും 26നും ഇടയില്‍ ആഴ്ച മാത്രം പ്രായമായ ഈ കുട്ടികളുടെ നില അപകടകരമാണ്. വെറും 500 ഗ്രാം മാത്രമാണ് ഈ പ്രായത്തില്‍ കുഞ്ഞുങ്ങളുടെ ഭാരം. അന്തരീക്ഷവുമായി പൊരുത്തപ്പെടാന്‍ ഈ അവസ്ഥയില്‍ കുഞ്ഞിന് സാധ്യമല്ല. 70 ശതമാനം കുട്ടികളും ഈ ഘട്ടത്തില്‍ മരണത്തിന് കീഴടങ്ങുമ്പോള്‍ അതിജീവിക്കുന്നവര്‍ ആകട്ടെ അംഗവൈകല്യമുള്ളവരായി മാറുകയും ചെയ്യും. ഈ സ്ഥിതിയില്‍ മാതാവിന്റെ ഗര്‍ഭപാത്രത്തിനും പുറംലോകത്തിനും ഇടയില്‍ കുഞ്ഞിന് സുരക്ഷിത താവളമൊരുക്കാന്‍ കൃത്രിമ ഗര്‍ഭപാത്ര ബാഗ് സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

മൂന്ന് വര്‍ഷം നീണ്ട ഗവേഷണങ്ങള്‍ക്ക് ഒടുവിലാണ് ബാഗ് തയ്യാറാക്കാനായത്. ബാഗ് ഉപയോഗിച്ച് 24 ആഴ്ച പ്രായമായ ആറ് ആട്ടിന്‍ കുഞ്ഞുങ്ങളെ പരീക്ഷണ വിധേയമാക്കി. ബാഗില്‍ ആക്കിയ ശേഷം ഇവ വളര്‍ച്ച രേഖപ്പെടുത്തിയതായി ശാസ്ത്രജ്ഞര്‍ പറയുന്നു.