നവജാത ശിശുവിനെ വീട്ടുവളപ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി

Posted on: April 25, 2017 9:53 pm | Last updated: April 25, 2017 at 9:53 pm

തൃപ്പൂണിത്തുറ: നവജാത ശിശുവിന്റെ മൃതദേഹം വീട്ടുവളപ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. രക്തസ്രാവത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തൃപ്പൂണിത്തുറ ചൂരക്കാട് മേമന റോഡ് പ്രദീപിന്റെ ഭാര്യ സ്വപ്ന (32) പോലിസ് നിരീക്ഷണത്തില്‍. ചൊഴാഴ്ച വൈകിട്ട് 4 മണിയോടെയാണ് വീടിനോട് ചേര്‍ന്ന ബാത്ത് റൂമിന് സമീപം കുഴിച്ചിട്ട നിലയില്‍ 8 മാസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

തിങ്കളാഴ്ച വൈകിട്ട് രക്തസ്രാവവും വയറുവേദനയും കൂടിയതിനെ തുടര്‍ന്നാണ് സ്വപ്നയും ഭര്‍ത്താവ് പ്രദീപും ആശുപത്രിയില്‍ ചികിത്സ തേടിയത്. സ്വപ്നയെ പരിശോധിച്ച ഡോക്ടര്‍ പ്രസവം നടന്നതായി സംശയം പ്രകടിപ്പിച്ചുവെങ്കിലും അവര്‍ നിഷേധിച്ചു. പിന്നീട് കാര്യം സമ്മതിച്ച സ്വപ്ന വീട്ടിലെ ബാത്ത് റൂമില്‍ വച്ച് പ്രസവിച്ചതായും കൂട്ടിയെ ക്ലോസറ്റില്‍ ഒഴുക്കിയതായും ഡോക്ടറോട് സമ്മതിക്കുകയായിരുന്നു.

തുടര്‍ന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതനുസരിച്ചാണ് തൃപ്പൂണിത്തുറ സിഐപി എസ് ഷിജുവിന്റെ നേതൃത്വത്തില്‍ പോലിസ് ചൂരക്കാട് ഉള്ള വീട്ടില്‍ എത്തി പരിശോധന നടത്തിയത്. മതിലിനോട് ചേര്‍ന്ന് അധികം താഴ്ചയില്ലാത്ത കുഴിയില്‍ മൃതദേഹം മുടിയ ശേഷം പാത്രം മീതെ വെച്ച നിലയിലാണ് പോലീസ് മൃതദേഹം കണ്ടെടുത്തത്.

സ്വപ്‌നഗര്‍ഭിണിയായിരുന്നു എന്ന വിവരം തനിക്ക് അറിയില്ലായിരുന്നു എന്നാണ് ഭര്‍ത്താവ് പ്രദിപ് പറയുന്നത്. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും ബുധനാഴ്ച സ്വപ്നയെ വിശദമായി ചോദ്യം ചെയ്യുമെന്നും സി ഐ പി എസ് ഷിജ്യ അറിയിച്ചു.