2017 ലെ ഗോള്‍ഡ് മാന്‍ പരിസ്ഥിതി അവാര്‍ഡ്. പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള പ്രഫുല്ല സമന്ദരയും

Posted on: April 24, 2017 11:39 pm | Last updated: April 25, 2017 at 9:23 am

ആഗോളതലത്തില്‍ പരിസ്ഥിതി സംരക്ഷണത്തിനായി ജീവതം നീക്കിവെച്ച പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ‘ഗോള്‍ഡ് മാന്‍ പരിസ്ഥിതി അവാര്‍ഡ്’ പ്രഖ്യാപിച്ചു. എല്ലാ വര്‍ഷവും ലോക ഭൗമ ദിനത്തിലാണ് അവാര്‍ഡ് പ്രഖ്യാപിക്കുന്നത്.ഇന്ത്യയില്‍ നിന്നുള്ള പ്രഫുല്ല സമന്ദരയുള്‍പ്പെടെ ആറ് വന്‍കരകളില്‍ നിന്നും പരിസ്ഥിതി സംബന്ധമായ സൂക്ഷമമായ പഠനങ്ങളും പരീക്ഷണങ്ങളും നടത്തി പരിസ്ഥിതി സംരക്ഷണത്തിന് മാതൃകായോഗ്യമായ പ്രവര്‍ത്തനം നടത്തുന്ന ആറ് പേരാണ് അവാര്‍ഡിന് അര്‍ഹരായത്.

1989-ല്‍ റിച്ചാര്‍ഡ് ഗോള്‍ഡ്മാനാണ് ഇത്തരത്തിലുള്ള ഒരു അവാര്‍ഡിന് തുടക്കമിടുന്നത്. എല്ലാ വന്‍കരയില്‍ നിന്നും ഓരോ വ്യക്തിയെയാണ് അവാര്‍ഡിനായി തിരഞ്ഞെടുക്കുക. ഏഷ്യയില്‍ നിന്നും ഇന്ത്യയിലെ പ്രഫുല്ല സമന്ദര യൂറുപ്പിലെ സ്ലോവേനിയില്‍ നിന്നുള്ള ഉറോസ് മാസെറല്‍, നോര്‍ത്ത് അമേരിക്കയിലെ മാര്‍ക്ക ലോപ്‌സ്, സൗത്ത് അമേരിക്കയിലെ റോഡ്‌റിഗോ ടോട്ട്, ആഫ്രിക്കയില്‍ നിന്നുള്ള റോഡ്റ്രിഗ് മുഗാരുക, ആസ്‌ത്രേലിയയിലെ വെന്‍ഡി ബോമാന്‍ എന്നിവര്‍ക്കാണ് 2017 ഗോള്‍ഡ് മാന്‍ അവാര്‍ഡ്.

പ്രഫുല്ല സാമന്ദര

ഡോഗ്രിയ കോന്ത് ഗോത്ര വിഭാഗക്കാരുടെ ഭൂമിയും നിരവധി പരിസ്ഥിതി പ്രാധാന്യമുള്ളതുമായ ഒഡീഷയിലെ നിയംഗിരികുന്നില്‍ തുടങ്ങാനിരുന്ന അലുമിനിയം ഖനനത്തിനെതിരെ നീണ്ട 12 വര്‍ഷത്തെ നിയമ പോരാട്ടം നടത്തിയ വ്യക്തിയാണ് പ്രഫുല്ല സാമന്ദാര. കടുവകളും ആനകളും നിരവധി അപൂര്‍വ്വ സസ്യങ്ങളുമുള്ള പരിസ്ഥിതി മേഖലയാണ് നിയംഗിരി കുന്നുകള്‍. 2004 ലാണ് യു.കെ ആസ്ഥാനമായുള്ള കമ്പനി 1,660 ഏക്കര്‍ വനഭൂമി നശിക്കുന്ന രൂപത്തില്‍ ഖനനത്തിന്നായി ഉപയോഗിക്കാന്‍ ഉടംബടി ചെയ്യുന്നത്. ഇതോടൊപ്പം ഈ വനത്തില്‍ താമസിക്കുന്ന ഡോഗ്രിയ കോന്ത് ഗ്രോത്ര വിഭാഗത്തിന്റെ വാസസ്ഥലവും നഷ്ടത്തിലാവുന്നതായിരുന്നു. 2003 ല്‍ ഇതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ച ഉടനെ സമന്ദാര പ്രത്യക്ഷ സമരത്തിനിറങ്ങി. സുപ്രിം കോടതിയില്‍ കേസ് ഫയില്‍ ചെയ്യുകയും ചെയ്തു.പത്തു വര്‍ഷത്തിന് ശേഷം സുപ്രിം കോടതി ഗ്രോത്ര വിഭാഗക്കാരുടെ അഭിപ്രായം ചോദിക്കുകയും 12 ഗോത്ര വിഭാഗക്കാര്‍ ഒന്നിച്ച് ഖനനത്തിനെതിരെ രംഗത്തെത്തിയതോടെ 2015 ല്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.