പതഞ്ജലി നെല്ലിക്ക ജ്യൂസില്‍ വിഷാംശം; സൈനിക ഡിപ്പോകളില്‍ നിന്ന് നീക്കി

Posted on: April 24, 2017 9:12 pm | Last updated: April 25, 2017 at 9:50 am

ന്യൂഡല്‍ഹി: ബാബാ രാംദേവിന്റെ പതഞ്ജലി പുറത്തിറക്കുന്ന നെല്ലിക്ക ജ്യൂസില്‍ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍. കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഇതേ തുടര്‍ന്ന് രാജ്യത്തെ സൈനിക കാന്റീനുകളില്‍ നിന്ന് ഉത്പന്നം പിന്‍വലിച്ചു. എല്ലാ ഡിപ്പോകളിലും അവശേഷിക്കുന്ന നെല്ലിക്ക ജ്യൂസിന്റെ സ്‌റ്റോക്ക് വിവരങ്ങള്‍ അറിയിക്കണമെന്നും ഉത്പന്നം പിന്‍വലിക്കാനുളള നടപടികള്‍ എടുക്കണമെന്നും പ്രതിരോധ വകുപ്പ് കാന്റീന്‍ സ്‌റ്റോര്‍സ് ഡിപ്പാര്‍ട്ട്‌മെന്റിനോട് നിര്‍ദേശിച്ചു.

കൊല്‍ക്കത്തയിലെ കേന്ദ്ര ഫുഡ് ലാബിലായിരുന്നു നെല്ലിക്ക ജ്യൂസിന്റെ പരിശോധന. പരിശോധനയില്‍ ജ്യൂസ് ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയതായി പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ നെസ്‌ലേ കമ്പനിയുടെ മാഗി ന്യൂഡില്‍സില്‍ ഈയവും എംഎസ്ജിയും അനുവദനീയമായതിലും കൂടുതല്‍ കണ്ടെത്തിയതും കൊല്‍ക്കത്തയിലെ ലാബിലെ പരിശോധന ഫലത്തിലാണ്.
പതഞ്ജലി പുറത്തിറക്കുന്ന നൂഡില്‍സിനും പാസ്തക്കുമെതിരെ ഫുഡ് സേഫ്റ്റി അതോറിറ്റി രംഗത്ത് വന്നിരുന്നു. കൃത്യമായ ലൈസന്‍സ് ഇല്ലാതെയാണ് ഇവ വില്‍ക്കുന്നതെന്നായിരുന്നു കേസ്.