Connect with us

National

ടിപി സെന്‍കുമാറിനെ പോലീസ് മേധാവിയായി തിരികെ നിയമിക്കണം: സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ടിപി സെന്‍കുമാറിനെ പോലീസ് മേധാവിയായി തിരികെ നിയമിക്കണമെന്ന് സുപ്രീംകോടതി. ഡി ജി പി സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ ടി പി സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് വിധി.

ജിഷ, പുറ്റിങ്ങല്‍ കേസുകള്‍ മാത്രം പറഞ്ഞ് സെന്‍കുമാറിനെ മാറ്റാന്‍ സാധിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. സെന്‍കുമാറിനെ മാറ്റിയ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതി, ജൂണ്‍ 30 വരെ സ്ഥാനത്തു തുടരാമെന്നും വ്യക്തമാക്കി. ജസ്റ്റിസുമാരായ മദന്‍ ബി. ലോക്കൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.

എല്ലാ സംസ്ഥാനങ്ങളിലേയും പൊലീസിന് ഗുണകരമാണ് സുപ്രീംകോടതിയുടെ ഉത്തരവെന്ന് ഡിജിപി: ടി.പി. സെന്‍കുമാര്‍ കോടതി വിധിയോട് പ്രതികരിച്ചു. ഭരണഘടനാനുസൃതമായി ചുമതല നിറവേറ്റാന്‍ സഹായകമാകും. കോടതി വിധിപ്രകാരം സര്‍ക്കാര്‍ തീരുമാനമെടുക്കുംവരെ കാത്തിരിക്കും. സര്‍ക്കാരിന് “ഇഷ്ടപ്പെട്ട ഉദ്യോഗസ്ഥര്‍” ഉണ്ടാകാന്‍ പാടില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.

ജിഷ കൊലപാതകം, പുറ്റിങ്ങല്‍ കേസുകളില്‍ സ്വീകരിച്ച സമീപനം പൊലീസിനെ കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അതൃപ്തി ഉണ്ടാക്കിയതിനാലാണു പൊലീസ് മേധാവി സ്ഥാനത്തുനിന്ന് സെന്‍കുമാറിനെ നീക്കിയതെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം. എന്നാല്‍, ഇക്കാര്യം കോടതി തള്ളിയതോടെ സംസ്ഥാന സര്‍ക്കാരിന് വന്‍ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണു സര്‍ക്കാരിനു വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്.

പൊലീസ് ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തികളില്‍ ജനത്തിനു അതൃപ്തിയുണ്ടായാല്‍ പൊലീസ് നിയമത്തിലെ 97 പ്രകാരം മാറ്റാന്‍ സര്‍ക്കാരിനു അധികാരമുണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. ജിഷാ കേസില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍പോലും കാലതാമസം വരുത്തിയ പൊലീസ് ഉദ്യോഗസ്ഥരെ സെന്‍കുമാര്‍ സംരക്ഷിക്കാന്‍ ശ്രമിച്ചു. പുറ്റിങ്ങല്‍ അപകടത്തില്‍ പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായി. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്നതിനു പകരം കൊല്ലം ജിലാഭരണക്കൂടത്തെ പഴിചാരാനാണു സെന്‍കുമാര്‍ ശ്രമിച്ചതെന്നും സര്‍ക്കാര്‍ വാദിച്ചു. നിയമനം നല്‍കി രണ്ടുവര്‍ഷത്തേക്ക് സ്ഥലംമാറ്റരുതെന്ന പ്രകാശ് സിങ് കേസിലെ നിര്‍ദേശം സെന്‍കുമാറിന്റെ കാര്യത്തില്‍ ബാധകമല്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍, സ്ഥലംമാറ്റിയ നടപടി നിലവിലുളള സുപ്രീംകോടതി വിധികളുടെ ലംഘനമാണെന്നായിരുന്നു സെന്‍കുമാറിന്റെ വാദം. ജിഷ, പുറ്റിങ്ങല്‍ കേസുകളില്‍ വീഴ്ച വരുത്തിയിട്ടില്ല. സ്ഥലംമാറ്റുന്നതുമായി ബന്ധപ്പെട്ട പൊലീസ് നിയമത്തിലെ വകുപ്പുകള്‍ ഭരണഘടനാ വിരുദ്ധമാണെന്നും റദ്ദുചെയ്യണമെന്നും സെന്‍കുമാറിന്റെ അഭിഭാഷകന്‍ ദുഷ്യന്ത് ദവെ ആവശ്യപ്പെട്ടു.