Connect with us

Editorial

മരുന്ന് ചൂഷണങ്ങള്‍ക്ക് അറുതി വരുത്താന്‍

Published

|

Last Updated

മരുന്ന് വിപണിയിലെ ചൂഷണങ്ങളും ഡോക്ടര്‍മാര്‍ കൂടി കൂട്ടുനിന്ന് നടക്കുന്ന വിപണന തന്ത്രങ്ങളും നിയന്ത്രിക്കാന്‍ ബഹുമുഖ നപടികളുമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും രംഗത്ത് വരുന്നത് അങ്ങേയറ്റം ആശ്വാസകരമാണ്. ജനറിക് മരുന്നുകള്‍ കുറിക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ബ്രാന്‍ഡ് നാമങ്ങള്‍ എഴുതി കമ്പനികളുടെ ലാഭക്കൊതിക്ക് രോഗികളെ വിട്ട് കൊടുക്കുന്ന പ്രവണത അവസാനിപ്പിക്കാന്‍ ജനറിക് മരുന്നുകള്‍ കുറിക്കുന്നത് ഒരു പരിധി വരെ സഹായകമാകും. ജനറിക് മരുന്നുകള്‍ മാത്രമേ കുറിക്കുന്നുള്ളൂ എന്ന് ഉറപ്പ് വരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശം നല്‍കിയതിന് പിറകേയാണ് എം സി ഐ സര്‍ക്കുലര്‍. മരുന്നുകള്‍ ഇംഗ്ലീഷ് വലിയ അക്ഷരത്തില്‍ വ്യക്തമായി കുറിക്കണമെന്നും മെഡിക്കല്‍ കൗണ്‍സില്‍ പ്രത്യേക സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. മരുന്നുകള്‍ കുറിക്കുന്നതുമായി ബന്ധപ്പെട്ട് 2002ലെ ഐ എം സി റഗുലേഷന്‍ നിയമത്തില്‍ 2016ല്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. ഈ ഭേദഗതി ഡോക്ടര്‍മാര്‍ കര്‍ശനമായി പാലിക്കണമെന്നും അല്ലാത്ത പക്ഷം അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നും സര്‍ക്കുലറില്‍ പറയുന്നു. മെഡിക്കല്‍ കോളജ് ഡീനുമാര്‍ക്കും പ്രിന്‍സപ്പല്‍മാര്‍ക്കും ആശുപത്രി ഡയറക്ടര്‍മാര്‍ക്കും സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലുകള്‍ക്കുമാണ് എം സി ഐ സര്‍ക്കുലര്‍ നല്‍കിയത്. ഇത്തരം നിര്‍ദേശങ്ങള്‍ ഇതിനു മുമ്പ് പലതവണ നല്‍കിയിരുന്നു. ഒന്നും പ്രയോഗത്തില്‍ വന്നില്ലെന്ന് മാത്രം. മനുഷ്യര്‍ പുതിയ പുതിയ രോഗങ്ങള്‍ക്ക് മുന്നില്‍ പകച്ച് നില്‍ക്കുന്ന ഈ ഘട്ടത്തില്‍, ഈ രംഗത്ത് രോഗികളുടെ പക്ഷത്ത് നില്‍ക്കുന്ന പരിഷ്‌കാരങ്ങള്‍ ഫലപ്രദമായി നടപ്പാക്കേണ്ടിയിരിക്കുന്നു.

ഇക്കാര്യത്തില്‍ ഡോ. ബി ഇക്ബാല്‍ നടത്തുന്ന നിരീക്ഷണങ്ങള്‍ ഏറെ പ്രസക്തമാണ്. മരുന്ന് കമ്പനികള്‍ വിവിധ ബ്രാന്‍ഡ് നാമത്തിലാണ് മരുന്നുകള്‍ മാര്‍ക്കറ്റ് ചെയ്യുന്നത്. എല്ലാ മരുന്നുകള്‍ക്കും രാസ നാമവും ജനറിക് നാമവും ബ്രാന്‍ഡ് നാമവും ഉണ്ടാകും. ഉദാഹരണത്തിന് വേദന സംഹാരിയായ ആസ്പിരിന്റെ വിവിധ നാമങ്ങള്‍ അസറ്റയില്‍ സാലിസിലിക് ആസിഡ് (രാസനാമം), ആസ്പിരിന്‍ (ജനറിക് നാമം), എകോസ്പിരിന്‍ (സിഡ്മാക് കമ്പനിയുടെ ബ്രാന്‍ഡ് നാമം) എന്നിങ്ങനെയാണ്. ഔഷധ പേറ്റന്റ് കിട്ടിക്കഴിഞ്ഞാല്‍ മരുന്ന് കമ്പനികള്‍ പ്രത്യേക ബ്രാന്‍ഡ് നാമത്തില്‍ മാര്‍ക്കറ്റ് ചെയ്യുന്നു. ഒരേ ഉള്ളടക്കമുള്ള വിവിധ ബ്രാന്‍ഡ് മരുന്നുകള്‍ വ്യത്യസ്ത വിലക്കാണ് കമ്പനികള്‍ മാര്‍ക്കറ്റ് ചെയ്യുന്നത്. അടിസ്ഥാന ഔഷധങ്ങളുടെ എണ്ണം എഴുന്നൂറിലേറെ വരില്ലെങ്കിലും ലക്ഷക്കണക്കിന് മരുന്ന് മാര്‍ക്കറ്റിലെത്താന്‍ കാരണമിതാണ്.
മരുന്നുകള്‍ ജനറിക് നാമത്തില്‍ രോഗികള്‍ക്ക് നിര്‍ദേശിക്കുന്നത് കൊണ്ട് നിരവധി പ്രയോജനങ്ങള്‍ ഉണ്ട്. മരുന്നു കമ്പനികളുടെ പ്രലോഭനങ്ങള്‍ക്ക് കീഴ്‌പ്പെട്ട് വില കൂടിയ ബ്രാന്‍ഡുകള്‍ രോഗികള്‍ക്ക് നിര്‍ദേശിക്കുന്നത് ഒഴിവാക്കാനാകുമെന്നതാണ് പ്രധാനം. ജനറിക് നാമം ഉപയോഗിക്കുന്നതോടെ അശാസ്ത്രീയവും വില കൂടിയതുമായ ഔഷധ ചേരുവകള്‍ സ്വാഭാവികമായും ഒഴിവാക്കപ്പെടും. പക്ഷേ ഇവിടെ ഒരു കാര്യം പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു. ഗുണനിലവാരം കുറഞ്ഞ മരുന്നുകള്‍ വിപണിയില്‍ എത്തുന്നത് ജനറിക് മരുന്നുകള്‍ കുറിക്കുകയെന്ന പരിഹാരത്തെ ഫലശൂന്യമാക്കുകയാണ്. വ്യാപകമായി ഉപയോഗിക്കുന്ന വേദന സംഹാരികള്‍ ഉള്‍പ്പെടെ അറുപത് മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ കണ്ടെത്തിയെന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. സിപ്ല പോലുള്ള പ്രമുഖ കമ്പനികളുടെ മരുന്നുകളാണ് പട്ടികയിലുള്ളത്. ഇത്തരം സാഹചര്യം മറികടക്കാന്‍ ആത്യന്തികമായ പരിഹാരം പൊതു മേഖലാ ഔഷധ കമ്പനികള്‍ വഴി ജനറിക് ഔഷധങ്ങള്‍ വന്‍ തോതില്‍ ഉത്പാദിപ്പിക്കുകയെന്നതാണ്.

മരുന്ന് രോഗകാരണമാകുന്ന അത്യന്തം ഗുരുതരമായ സ്ഥിതി വിശേഷമാണ് നമ്മുടെ ആരോഗ്യരംഗത്ത് നിലനില്‍ക്കുന്നത്. എന്താണ് താന്‍ കഴിക്കുന്ന മരുന്നില്‍ അടങ്ങിയിരിക്കുന്നതെന്നോ അത് എന്തെന്ത് ഫലങ്ങളും പാര്‍ശ്വ ഫലങ്ങളുമാണ് ശരീരത്തില്‍ ഉണ്ടാക്കുന്നതെന്നോ, പറയുന്ന വില കൊടുത്ത് മരുന്ന് വാങ്ങിക്കഴിക്കുന്ന ഒരാള്‍ക്കും അറിയില്ല. ആരോഗ്യരംഗത്തെ അവബോധങ്ങളും സജീവ ശ്രദ്ധയുമൊന്നും അജ്ഞതയുടെ ഈ ഇരുട്ടിന് പരിഹാരമാകുന്നില്ല. എല്ലാ ബോധവത്കരണങ്ങളും ആരോഗ്യ ഉത്കണ്ഠകളെ കൂടുതല്‍ മാരകമാക്കുകയാണ് ചെയ്യുന്നത്. ഈ വൈരുധ്യത്തിന്റെ ഏറ്റവും നല്ല നിദര്‍ശനം കേരളമാണ്. രോഗം വരും മുമ്പേ തന്നെ ചികിത്സ തേടുന്നവരാണ് ഇവിടെയുള്ളത്. ആരോഗ്യരംഗത്ത് മനുഷ്യന്‍ എത്ര കണ്ട് ബോധവാനാകുന്നുവോ അത്ര കണ്ട് മരുന്ന് കമ്പനികളുടെ ചൂഷണത്തിന് വിധേയരാകുന്നുവെന്നതാണ് യാഥാര്‍ഥ്യം. മരുന്നു വിപണിയില്‍ ഒരു വില പേശലും നടക്കുന്നില്ല. കാരണം, ഇവിടെ വിപണനം ഏറ്റെടുത്തിരിക്കുന്നത് ഡോക്ടര്‍മാര്‍ തന്നെയാണ്. അവരുടെ വിശ്വാസ്യതയാണ് കമ്പനികളുടെ മൂലധനം. ഡോക്ടര്‍മാരെ വിലക്കെടുക്കാന്‍ കമ്പനികള്‍ എന്തും നല്‍കും. മുതല്‍മുടക്കിന്റെ ഒരു വകഭേദമാണിത്. ഈ സ്ഥിതി മാറിയേ തീരൂ.

Latest