Connect with us

National

പളനിസ്വാമി മുഖ്യമന്ത്രിയായി തുടരും; പനീര്‍ശെല്‍വം ജനറല്‍ സെക്രട്ടറിയാകും

Published

|

Last Updated

ചെന്നൈ: തമിഴ്‌നാട്ടില്‍ എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയായി തുടരാനും ഒ പനീര്‍ശെല്‍വത്തെ ജനറല്‍ സെക്രട്ടറിയാക്കാനും ധാരണയായതായി സൂചന. പനീര്‍സെല്‍വം വിഭാഗത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ പളനിസ്വാമി വിഭാഗം തയ്യാറായതോടെയാണ് അണ്ണാ ഡി എം കെയില്‍ സമവായത്തിന് സാധ്യത തെളിഞ്ഞത്. ധാരണ പ്രകാരം ശശികല, ടി ടി വി ദിനകരന്‍ എന്നിവരുമായി ഇനി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമുണ്ടാകില്ല. ഇരുവരുടെയും രാജി എഴുതിവാങ്ങിക്കുകയും ചെയ്യും.

എ ഐ എ ഡി എം കെ ജനറല്‍ സെക്രട്ടറി വി കെ ശശികല, ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി ടി വി ദിനകരന്‍ എന്നിവരുള്‍പ്പെടെയുള്ള മന്നാര്‍കുടി സംഘത്തെ ഒഴിവാക്കാന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ സാങ്കേതികമായി ഇപ്പോഴും ഇരുവരും പാര്‍ട്ടി നേതാക്കള്‍ തന്നെയാണ്. ഈ സാഹചര്യത്തിലാണ് ഇവരുടെ കൈയില്‍ നിന്ന് രാജി എഴുതിവാങ്ങാന്‍ തീരുമാനിച്ചത്. പാര്‍ട്ടി ചിഹ്നമായ രണ്ടില ലഭിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി വാഗ്ദാനം ചെയ്തതിനെ തുടര്‍ന്ന് ടി ടി വി ദിനകരനെതിരെ കേസെടുത്തതോടെയാണ് അനുരഞ്ജനശ്രമങ്ങള്‍ തുടങ്ങിയത്. തുടര്‍ന്ന് ദിനകരനെതിരെ ഡല്‍ഹി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ശശികലയും ബന്ധുക്കളും പാര്‍ട്ടി അംഗങ്ങളായി തുടരുന്നിടത്തോളം കാലം ഐക്യം സാധ്യമല്ലെന്ന് പനീര്‍ശെല്‍വം നേരത്തെ വ്യക്തമാക്കിയിരുന്നു.

Latest