Connect with us

International

ശരീഫിനെതിരെ അന്വേഷണമാകാം; അയോഗ്യനാക്കേണ്ട

Published

|

Last Updated

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനും കുടുംബത്തിനുമെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജെ ഐ ടി അന്വേഷണത്തിന് പാക് സുപ്രീം കോടതി ഉത്തരവ്. അഞ്ചംഗ ബഞ്ചിലെ ഭിന്നതയെ തുടര്‍ന്ന് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് അയോഗ്യനാകുന്നതില്‍ നിന്ന് ശരീഫ് രക്ഷപ്പെട്ടു. പാനമ കേസില്‍ നവാസ് ശരീഫിനും മക്കളായ ഹസ്സന്‍, ഹുസൈന്‍ എന്നിവരും സംയുക്ത അന്വേഷണ സംഘത്തിന് (ജെ ഐ ടി) മുമ്പാകെ ഹാജരാകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി, നാഷനല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ, സെക്യൂരിറ്റി ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ ഓഫ് പാക്കിസ്ഥാന്‍ (എസ് ഇ സി പി), മിലിട്ടറി ഇന്റലിജന്റ്‌സ് എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നതായിരിക്കും ജെ ഐ ടി. രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ റിപ്പോര്‍ട്ട് ജെ ഐ ടി സുപ്രീം കോടതി മുമ്പാകെ ഹാജരാക്കണമെന്നും ബഞ്ച് വ്യക്തമാക്കി. 57 ദിവസത്തെ വാദം കേള്‍ക്കലിന് ശേഷമാണ് ജസ്റ്റിസുമാരായ ആസിഫ് സഈദ് ഖോസ, ഗുല്‍സാര്‍ അഹ്മദ്, ഇജാസ് അഫ്‌സല്‍ ഖാന്‍, അസ്മത് സഈദ്, ഇജാസുല്‍ അഹ്‌സന്‍ എന്നിവരടങ്ങിയ ബഞ്ച് സുപ്രധാനമായ ഉത്തരവ് പുറപ്പെടുവിച്ചത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ മൂന്നിന് തുടങ്ങിയ വിചാരണ ഫെബ്രുവരി 23നാണ് അവസാനിച്ചത്. 1990കളില്‍ രണ്ട് തവണ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായിരിക്കെ കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായി ലണ്ടനില്‍ വസ്തുക്കള്‍ വാങ്ങിയെന്നാണ് കേസ്. ഇതിന് പുറമെ പാനമ ആസ്ഥാനമായുള്ള മൊസാക് ഫൊന്‍സെക എന്ന സ്ഥാപനം വഴി ലണ്ടനില്‍ ശരീഫിന്റെ മക്കള്‍ കമ്പനികള്‍ വാങ്ങിയതായും പാനമ പേപ്പര്‍ കഴിഞ്ഞ വര്‍ഷം പുറത്തുകൊണ്ടുവന്നിരുന്നു. നവാസ് ശരീഫിന്റെ കുടുംബത്തിന് അനധികൃത സ്വത്തുക്കളുണ്ടെന്ന് ചൂണ്ടിക്കാട്ടി പാക്കിസ്ഥാന്‍ തെഹ്‌രികെ പാക്കിസ്ഥാന്‍ നേതാവ് ഇമ്രാന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ശരീഫിനെ കുറ്റവിമുക്തനാക്കുക, വീണ്ടുമൊരു അന്വേഷണത്തിന് ഉത്തരവിടുക, അയോഗ്യനാക്കുക എന്നീ മൂന്ന് വഴികളാണ് സുപ്രീം കോടതിക്ക് മുന്നിലുണ്ടായിരുന്നത്. അഞ്ചംഗ ബഞ്ചിലെ രണ്ട് പേര്‍ ശരീഫിനെ അയോഗ്യനാക്കണമെന്ന് നിര്‍ദേശിച്ചെങ്കിലും മൂന്ന് പേര്‍ ജെ ഐ ടി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതാണ് ശരീഫിന് തുണയായത്. പണം എങ്ങനെ ഖത്വറിലേക്ക് കൈമാറ്റം ചെയ്തുവെന്നും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് കോടതി പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. നാഷനല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ ചെയര്‍മാന്‍ അദ്ദേഹത്തിന്റെ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതായും ഉന്നതര്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതില്‍ എഫ് ഐ എ ഡയറക്ടര്‍ ജനറല്‍ പരാജയപ്പെട്ടതായും കോടതി നിരീക്ഷിച്ചു.
കേസില്‍ അന്വേഷണം പ്രഖ്യാപിച്ചതിനെ പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ് (എന്‍) സ്വാഗതം ചെയ്തു.

Latest