Connect with us

International

പനാമ രേഖകള്‍: നവാസ് ശരീഫിനെതിരെ അന്വേഷണത്തിന് ഉത്തരവ്

Published

|

Last Updated

ഇസ്ലാമാബാദ്: പനാമ രേഖകളില്‍ ഉള്‍പ്പെട്ട പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനെതിരെ സുപ്രിം കോടതി അന്വേഷണം പ്രഖ്യാപിച്ചു. നവാസ് ശരീഫും കുടുംബവും അഴിമതിപ്പണം വിദേശത്ത് നിക്ഷേപിച്ചുവെന്ന ആരോപണത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. ഇതിനായി പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കാനും കോടതി ഉത്തരവിട്ടു.

അതേസമയം അഴിമതിക്കേസില്‍ നവാസ് ശരീഫിനെ അയോഗ്യനാക്കുന്നത് സംബന്ധിച്ച് ജഡ്ജിമാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത ഉണ്ടായി. കേസ് പരിഗണിച്ച അഞ്ചംഗ ബഞ്ചില്‍ രണ്ട് പേര്‍ നവാസിനെ അയോഗ്യനാക്കണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ ബാക്കി മൂന്ന് പേരും അന്വേഷണം മതിയെന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു.

നവാസ് ശരീഫിനും കുടുംബത്തിനും വിദേശത്ത് സ്വത്തുക്കള്‍ ഉണ്ടെന്ന് നേരത്തെ പനാമ പേപ്പേഴ്സ് രേഖകള്‍ പുറത്തുവന്നിരുന്നു. അഴിമതിപ്പണമാണ് നവാസ് ശരീഫ് വിദേശത്ത് നിക്ഷേപിച്ചതെന്നും അതിനാല്‍ അദ്ദേഹത്തെ പ്രധാനമന്ത്രി പദത്തില്‍ നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍ തെഹരീക്കെ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇമ്രാന്‍ ഖാന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രിം കോടതിയുടെ ഉത്തരവ്.

നവാസ് ശരീഫിന്റെ നാലു മക്കളില്‍ മൂന്നു പേരുടെ പേരാണ് പനാമ പേപ്പേഴ്സില്‍ പരാമര്‍ശിക്കപ്പെട്ടത്. ഇവര്‍ നിരവധി കമ്പനികള്‍ നടത്തുന്നുണ്ട്. തങ്ങള്‍ക്കെതിരേയുള്ള ആരോപണം ശരീഫും കുടുംബവും നിഷേധിച്ചിരുന്നു.

Latest