Connect with us

Kannur

കെ എസ് ആര്‍ ടി സിയിലേത് സുരക്ഷിത യാത്ര തന്നെ

Published

|

Last Updated

കണ്ണൂര്‍: സംസ്ഥാനത്ത് അപകടത്തില്‍പ്പെടുന്ന വാഹനങ്ങളുടെ എണ്ണത്തില്‍ ഏറ്റവും കുറവ് കെ എസ് ആര്‍ ടി സി ബസുകള്‍ തന്നെ. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായുണ്ടായ റോഡപകടങ്ങളുടെ കണക്കെടുപ്പിലാണ് കെ എസ് ആര്‍ ടി സിയാണ് യാത്ര ചെയ്യാന്‍ ഏറ്റവും സുരക്ഷിതവാഹനമെന്ന് കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാനമാകെയുണ്ടായ റോഡപകടങ്ങളുടെ കണക്കെടുത്താല്‍ മറ്റ് വാഹനങ്ങളില്‍ നിന്നുണ്ടായതിനെക്കാള്‍ വലിയ തോതിലാണ് അപകടങ്ങള്‍ കുറഞ്ഞത്. അപകടങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്താകെ അമിത വേഗതക്കും അപകടങ്ങള്‍ക്കും മറ്റുമെതിരെ സ്വകാര്യബസുകള്‍ക്കെതിരെ 3712 കേസുകളാണെടുത്തതെങ്കില്‍ കെ എസ് ആര്‍ടി സി ബസുകള്‍ക്കെതിരെ 1177കേസുകള്‍ മാത്രമാണ് പോലിസ് റജിസ്റ്റര്‍ ചെയ്തത്. അപകടങ്ങളുടെ കണക്കും മരണനിരക്കും പരുക്കേറ്റവരുടെ എണ്ണത്തിലുമെല്ലാം കെ സ് ആര്‍ ടി സി -സ്വകാര്യ ബസുകള്‍ തമ്മിലുള്ള അന്തരത്തില്‍ ഏറെ മാറ്റമുണ്ട്. 2016ലുണ്ടായ വിവിധ വാഹനപകടങ്ങളില്‍ 4286 പേര്‍ കൊല്ലപ്പെട്ടിരുന്നെങ്കില്‍ കെ എസ് ആര്‍ ടി സി മൂലമുണ്ടായ അപകടങ്ങളില്‍ 168 പേരാണ് മരിച്ചത്. എന്നാല്‍ സ്വകാര്യ ബസുകളു(മിനി ബസുകളുള്‍പ്പെടെ)ണ്ടാക്കിയ അപകടങ്ങളില്‍ 527പേര്‍ മരണപ്പെട്ടതായി പോലീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കെ എസ് ആര്‍ ടി സിയുടെ അപകടങ്ങളില്‍ പരുക്കേറ്റവരുടെ എണ്ണവും താരതമ്യേന കുറവാണ്.

1133പേര്‍ക്കാണ് കെ എസ് ആര്‍ ടി സി യുമായി ബന്ധപ്പെട്ടുണ്ടായ അപകടങ്ങളില്‍ പരുക്ക് പറ്റിയിരുന്നതെങ്കില്‍ ഇതിന്റെ മൂന്നിരട്ടിയെങ്കിലും സ്വകാര്യബസുകള്‍ സൃഷ്ടിച്ച അപകടങ്ങളില്‍ പരുക്ക് പറ്റിയവരാണെന്നും ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. 4528 പേര്‍ക്കാണ് കഴിഞ്ഞ വര്‍ഷം സ്വകാര്യബസപകടങ്ങളില്‍ പരുക്കേറ്റത്. ഇതില്‍ ഗുരതര പരുക്കുകളുടെ എണ്ണം കെ എസ് ആര്‍ടിസിയുമായി ബന്ധപ്പെട്ട് 573 ഉം മറ്റു ബസുകളുടേത് 2392 ഉം ആണ്. ഇരു ചക്രവാഹനങ്ങള്‍,കാറുകള്‍,ട്രക്കുകള്‍, ചരക്കുവാഹനങ്ങള്‍ തുടങ്ങി മറ്റെല്ലാ വാഹനങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന അപകടങ്ങളിലും എത്രയോ കുറവാണ് കെ എസ് ആര്‍ ടി സിയുണ്ടാക്കുന്ന അപകടങ്ങളെന്നും പോലിസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2014ലും2015ലും കെഎസ് ആര്‍ടി സി ബസുകളുണ്ടാക്കുന്ന അപകടങ്ങള്‍ മറ്റുവാഹനങ്ങളെക്കാളും കുറഞ്ഞതായിത്തന്നെയാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.

കേരളത്തിലെ 98 ശതമാനം അപകടങ്ങളും അശ്രദ്ധമായ ഡ്രൈവിംഗ് മൂലമാണെന്ന് ഗതാഗത ആസൂത്രകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സ്വകാര്യബസുകളിലുള്‍പ്പെടെ കൃത്യമായ പരിശീലനം ലഭിക്കാത്തവര്‍ ഡ്രൈവര്‍മാരായി വരുന്നതുമെല്ലാമാണ് കേരളത്തിലെ അപകടങ്ങള്‍ക്ക് പ്രധാന കാരണമാകുന്നുവെന്നതാണ് ഇതുസംബന്ധിച്ച് ചൂണ്ടിക്കാട്ടുന്നത്.അതേ സമയം ബസുകളുടെ എണ്ണം വര്‍ധിപ്പിച്ച് പൊതു ഗതാഗത സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് കെ എസ് ആര്‍ ടി സി പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഫാസ്റ്റ് പാസഞ്ചര്‍ മുതല്‍ മുകളിലോട്ടുള്ള 241 സര്‍വീസുകള്‍ നടത്തുന്നതിനുളള അവകാശം കെ എസ് ആര്‍ ടി സിക്കു മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 208 സ്വകാര്യ സൂപ്പര്‍ ക്ലാസ് റൂട്ടുകള്‍ കെ എസ് ആര്‍ ടി സി ഏറ്റെടുത്തു കഴിഞ്ഞു.കര്‍ണാടകയിലേക്കും തമിഴ്‌നാട്ടിലേക്കും കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്താനും കെ എസ് ആര്‍ ടി സി തത്വത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്.

 

Latest