Connect with us

International

ഇസ്‌റാഈലില്‍ ഫലസ്തീന്‍ തടവുകാര്‍ക്ക് ക്രൂരമര്‍ദനം

Published

|

Last Updated

ടെല്‍ അവീവ്: കൂട്ടനിരാഹാരം കിടക്കുന്ന ഫലസ്തീന്‍ തടവുകാര്‍ക്ക് ഇസ്‌റാഈല്‍ ജയില്‍ അധികൃതരുടെ ക്രൂര മര്‍ദനം. അന്യായമായി തടവില്‍ പാര്‍പ്പിച്ച 1,100 ഓളം വരുന്ന ഫലസ്തീന്‍ തടവുകാര്‍ തങ്ങള്‍ക്ക് നിയമപരമായ ലഭിക്കേണ്ട നീതിക്കും അവകാശത്തിനും വേണ്ടിയാണ് കഴിഞ്ഞ ദിവസം അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. ജയിലിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, മാന്യമായ ജീവിത സാഹചര്യം ഉണ്ടാക്കുക, വിചാരണയടക്കമുള്ള കോടതി നടപടികള്‍ സ്വീകരിക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് ഇവര്‍ മുന്നോട്ടുവെച്ചത്.
എന്നാല്‍, അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായ സമരം അടിച്ചമര്‍ത്തുകയെന്ന ക്രൂരമായ നടപടി ക്രമങ്ങളുമായാണ് ഇസ്‌റാഈലി ജയില്‍ സര്‍വീസ് (ഐ പി എസ്) മുന്നോട്ടുപോകുന്നത്. നിരാഹാരം കിടക്കുന്ന തടവുകാരെ വ്യത്യസ്ത സെല്ലുകളില്‍ പാര്‍പ്പിച്ചും സമരത്തിന് നേതൃത്വം നല്‍കുന്നവരെ ഏകാന്തതടവിലാക്കിയും ക്രൂരമായി മര്‍ദിക്കുന്നുവെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും ബന്ധുക്കളും ആരോപിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സന്നദ്ധത പ്രകടിപ്പിക്കുന്നതിന് പകരം സമരം ഇല്ലാതാക്കുമെന്ന നിഷേധാത്മക സമീപനമാണ് ഇസ്‌റാഈല്‍ അധികൃതര്‍ സ്വീകരിക്കുന്നത്.

നിരാഹാരം കിടന്ന് അവശരാകുന്ന തടവുകാരെ സിവിലിയന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കരുതെന്നും സൈനിക ആശുപത്രിയില്‍ ഇവരെ പാര്‍പ്പിക്കാന്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തണമെന്നും ഇസ്‌റാഈല്‍ പൊതു സുരക്ഷ മന്ത്രി ഗിലാഡ് എര്‍ദാന്‍ നിഷ്‌കര്‍ഷിച്ചു. നിര്‍ബന്ധിച്ച് ഭക്ഷണം കൊടുപ്പിക്കാനും വേണ്ടിവന്നാല്‍ മൂന്നാംമുറ പ്രയോഗിക്കാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് സൂചന.
നിരാഹാര സമരം അച്ചടക്കത്തോടെയാകണമെന്നും ഇതിനാണ് വ്യത്യസ്ത തടവറകളില്‍ ഇവരെ പാര്‍പ്പിച്ചതെന്നും ഐ പി എസ് വക്താവ് അസ്സാഫ് ലിബ്‌റാതി ന്യായീകരിച്ചു.

അതിനിടെ, ജയിലില്‍ സമരം നടക്കുന്നുവെന്ന കാര്യം പുറംലോകത്തെത്തിച്ച മര്‍വാന്‍ ബര്‍ഖൗതി, കരീം യൂനുസ്, മഹ്മൂദ് അബു സുറൂര്‍ എന്നിവരെ ക്രൂരമായ പീഡനത്തിന് ശേഷം ഏകാന്തതടവറയിലേക്ക് നീക്കിയതായി റിപ്പോര്‍ട്ടുണ്ട്. നിരാഹാര സമരം നടത്തുന്നുവെന്ന വാര്‍ത്തയും തങ്ങളുടെ ആവശ്യങ്ങള്‍ നിരത്തിയുള്ള ലേഖനവും ഭാര്യ വഴി ബര്‍ഖൗതി ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിപ്പിക്കുകയായിരുന്നു. ജയില്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്നതടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ഇവരെ വിചാരണ ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇസ്‌റാഈല്‍ അധികൃതര്‍.
ഇസ്‌റാഈല്‍ ജയിലില്‍ ഫലസ്തീന്‍ പൗരന്മാര്‍ കൂട്ട നിരാഹാരം ആരംഭിച്ചതോടെ രാജ്യത്ത് വ്യാപക പ്രക്ഷോഭവും അരങ്ങേറി. തടവുകാരുടെ ന്യായമായ ആവശ്യങ്ങള്‍ നിറവേറ്റികൊടുക്കണമെന്ന മുദ്രാവാക്യവുമായി നൂറ്കണക്കിനാളുകള്‍ വിവിധ നഗരങ്ങളില്‍ ഇസ്‌റാഈല്‍വിരുദ്ധ പ്രക്ഷോഭം നടത്തി. തടവുകാരുടെ ബന്ധുക്കളും പ്രക്ഷോഭത്തില്‍ അണിനിരന്നു.

ഇസ്‌റാഈലിലെ വിവിധ ജയിലുകളിലായി കുട്ടികളടക്കം 6,000 ത്തോളം തടവുകാര്‍ കഴിയുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ യഥാര്‍ഥ കണക്ക് ഇതിലും കൂടുതലായിരിക്കും. തടവുകാരില്‍ ഭൂരിഭാഗവും നിരപരാധികളാണ്. ചെറിയ കുറ്റത്തിന് വലിയ ശിക്ഷക്ക് വിധിക്കപ്പെട്ടവരും ഏകപക്ഷീയമായ വിചാരണക്ക് വിധേയരായവരും ഇക്കൂട്ടത്തിലുണ്ട്.

 

---- facebook comment plugin here -----

Latest