Connect with us

Gulf

മലപ്പുറം ഉപ തിരഞ്ഞെടുപ്പ്; ലീഗ് അനുഭാവികളില്‍ ആഹ്ലാദം

Published

|

Last Updated

അബുദാബി ഇസ്‌ലാമിക് സെന്ററില്‍ കെ എം സി സി പ്രവര്‍ത്തകരുടെ ആഹ്ലാദം

ദുബൈ: മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് വിജയം ഗള്‍ഫിലെ മുസ്‌ലിംലീഗ് അനുഭാവികളില്‍ വലിയ ആഹ്ലാദം പരത്തി. ഇത്ര ഭൂരിപക്ഷം പി കെ കുഞ്ഞാലിക്കുട്ടിയുടെ കടുത്ത അനുയായികള്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. സ്വാഭാവികമായും ഇടത് അനുഭാവികളില്‍ മ്ലാനത പരന്നു.
ഇന്നലെ പുലര്‍ച്ചെ തന്നെ മിക്ക മലയാളികളും, വിശേഷിച്ച് മലബാറുകാര്‍ വോട്ടെണ്ണല്‍ പുരോഗതി വീക്ഷിക്കാന്‍ ഉറക്കമുണര്‍ന്നിരുന്നു. മിക്കവരും സാമൂഹിക മാധ്യമങ്ങളെയാണ് ആശ്രയിച്ചത്.

വോട്ടെണ്ണലിന്റെ തുടക്കത്തില്‍ തന്നെ പി കെ കുഞ്ഞാലിക്കുട്ടി ലീഡ് നിലനിര്‍ത്തി. എന്നാല്‍ കൊണ്ടോട്ടി, വള്ളിക്കുന്ന് എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ ഇടത് ലീഡ് അത്ഭുതപ്പെടുത്തുന്നതായിരുന്നു. പതുക്കെ ലീഡ് വലത് ഭാഗത്തേക്ക് ചാഞ്ഞു. മധ്യഘട്ടമായപ്പോള്‍ വലത് ഭൂരിപക്ഷം കുതിച്ചുപാഞ്ഞു. പി കെ കുഞ്ഞാലിക്കുട്ടിയുടെ വിജയത്തിന് ഗള്‍ഫ് കേന്ദ്രീകരിച്ച് വലിയ പ്രവര്‍ത്തനം നടന്നിരുന്നു. കുഞ്ഞാലിക്കുട്ടി സ്ഥാനാര്‍ഥിയാകരുതെന്ന് സംസ്ഥാനത്തെ ചില നേതാക്കള്‍ക്ക് അഭിപ്രായം ഉണ്ടായിരുന്നെങ്കിലും ഗള്‍ഫിലെ ലീഗ് അനുഭാവ സംഘടന കെ എം സി സി ആണ് കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി ശക്തമായി രംഗത്തുവന്നത്. അവര്‍ ഒറ്റക്കെട്ടായി സംസ്ഥാന നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. അതുകൊണ്ട് തന്നെ പി കെ കുഞ്ഞാലിക്കുട്ടിയുടെ വിജയം ഏറെ മധുരമുള്ളതാകുന്നത് കെ എം സി സി ക്ക് തന്നെ.

അബുദാബിയില്‍ ആവേശം

അബുദാബി: അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ കൂറ്റന്‍ സ്‌ക്രീന്‍ ഒരുക്കിയാണ് അബുദാബിയിലെ കെ എം സി സി പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് ഫലം കണ്ടത്. അതി രാവിലെ മുതല്‍ സെന്ററില്‍ പ്രവര്‍ത്തകര്‍ സെന്ററിലെത്തി.
യു എ ഇ. കെ എം സി സി ട്രഷര്‍ യു അബ്ദുല്ല ഫാറൂഖി, സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് വി കെ ശാഫി, ജനറല്‍ സെക്രട്ടറി ശുക്കൂറലി കല്ലുങ്ങല്‍ ഉള്‍പെടെയുള്ള ഭാരവാഹികള്‍ സെന്ററിലെത്തി പ്രവര്‍ത്തകരോടൊപ്പം ടി വിക്ക് മുന്നിലിരുന്ന് ഫലംകണ്ടു. മലപ്പുറത്തെ കെ എം സി സി പ്രവര്‍ത്തകര്‍ പച്ച ലഡുവും പച്ച പായസവും പച്ച മധുര പാനീയങ്ങളും വിതരണം ചെയ്താണ് ഇസ്‌ലാമിക് സെന്ററില്‍ ആഹ്ലാദം പങ്കിട്ടത്. കേരളത്തിലെ മിക്ക ജില്ലയിലെയും കെ എം സി സി പ്രവര്‍ത്തകര്‍ ഫലം അറിയാനായി സെന്ററില്‍ അതിരാവിലെ തൊട്ടെ എത്തിയിരുന്നു.
ദുബൈ: ദുബൈ കെ എം സി സിയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ മധുരം നല്‍കി വിജയം ആഘോഷിച്ചു. ആഹ്ലാദത്തില്‍ മുന്‍ മന്ത്രി മഞ്ഞളാംകുഴി അലി പങ്കുചേര്‍ന്നു.

ഷോക് ട്രീറ്റ്‌മെന്റ്

ദുബൈ: മലപ്പുറം പാര്‍ലിമെന്റ് നിയോജക മണ്ഡലത്തില്‍ നടന്ന ഉപ തിരെഞ്ഞടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടിയുടെ വിജയം മതേതരത്വത്തിനും ജനാധിപത്യത്തിനും ലഭിച്ച ഉജ്വല വിജയമാണെന്നും അതോടൊപ്പം കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദിക്കും കേരളം ഭരിക്കുന്ന പിണറായിക്കും ജനാധിപത്യവിശ്വാസികള്‍ നല്‍കിയ ഷോക ട്രീറ്റ്‌മെന്റാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് ഇന്‍കാസ് ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി.
ഫുജൈറ: പത്തു മാസത്തെ പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ ഭരണത്തിനും സംഘപരിവാര്‍ പ്രീണനത്തിനും ബി ജെ പി യുടെയും മോദി സര്‍ക്കാറിന്റെയും വര്‍ഗീയവത്കരണത്തിനുമെതിരായ വിധിയെഴുത്താണ് മലപ്പുറം തിരഞ്ഞെടുപ്പ് ഫലമെന്ന് ഇന്‍കാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കര്‍ പറഞ്ഞു.

പ്രതീക്ഷയുടെ തിളക്കം

ദുബൈ: മികച്ച ഭൂരിപക്ഷം നേടിയ കുഞ്ഞാലിക്കുട്ടിയുടെ വിജയം ന്യൂനപക്ഷ പ്രതീക്ഷയുടെ തിളക്കമാണെന്ന് ഫാത്തിമ ഹെല്‍ത് കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. കെ പി ഹുസൈന്‍ പറഞ്ഞു. കേരളത്തിലെ ദൈനംദിന കാര്യങ്ങളില്‍ നിരന്തരം ഇടപെട്ടിരുന്ന അദ്ദേഹം ഡല്‍ഹിക്ക് പോവുന്നതോടെ ദേശീയ പ്രശ്‌നങ്ങളില്‍ പ്രത്യേകിച്ച് ന്യൂനപക്ഷ പുനരുദ്ധാരണത്തില്‍ സജീവമാവുമെന്നാണ് പ്രതീക്ഷയെന്നും ഹുസൈന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

Latest