വര്‍സാനിലെ പഴം-പച്ചക്കറി ചന്ത വികസനത്തിന് 37 കോടി ദിര്‍ഹം

Posted on: April 18, 2017 10:30 pm | Last updated: April 18, 2017 at 10:59 pm

ദുബൈ: വര്‍സാനിലെ പഴം-പച്ചക്കറി ചന്ത 37 കോടി ദിര്‍ഹം ചെലവില്‍ വികസിപ്പിക്കുമെന്ന് ദുബൈ നഗരസഭാ അസി. ഡയറക്ടര്‍ ജനറല്‍ ഖാലിദ് ശരീഫ് അല്‍ അവാദി അറിയിച്ചു. വിതരണം, വില്‍പന, കയറ്റുമതി സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. വികസനത്തിന് വേണ്ടി വ്യത്യസ്ത വകുപ്പുകളിലെ മേധാവികളുടെ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. കയറ്റിറക്കുമതിക്ക് ട്രക്കുകള്‍ക്ക് കൂടുതല്‍ സൗകര്യം വേണമെന്ന് കണ്ടെത്തിയതായും ഖാലിദ് ശരീഫ് അല്‍ അവാദി പറഞ്ഞു.

50,000 ചതുരശ്ര മീറ്ററില്‍ ഭൂഗര്‍ഭ നിലയും തറ നിലയും പണിയും. മൊത്തവിതരണത്തിന്ശീതീകരിച്ച സംഭരണ കേന്ദ്രവും ആഭ്യന്തര റോഡുകളും പണിയും. ഇലക്ട്രിക് കാറുകള്‍ക്ക് പരിചരണ കേന്ദ്രവും വികസനത്തിന്റെ ഭാഗമായി ഉണ്ടാകും.