Gulf
'പുഞ്ചിരിക്കാന്‍' പണം ചെലവഴിച്ച് ഖത്വരികള്‍

ദോഹ: സെല്‍ഫി യുഗത്തില്‍ സുന്ദരമായ പുഞ്ചിരിക്ക് പ്ലാസ്റ്റിക് സര്‍ജറിക്ക് വന്‍തോതില്‍ പണം ചെലവഴിച്ച് ഖത്വരികള്‍. ചിരി മെച്ചപ്പെടുത്താനുള്ള ഡെന്റല്‍ വെനീര്‍, പല്ലു വെളുപ്പിക്കല്‍ തുടങ്ങിയ ചികിത്സകള്‍ക്ക് കഴിഞ്ഞ മൂന്ന്- നാല് വര്‍ഷത്തിനിടെ രാജ്യത്ത് ആവശ്യക്കാര്‍ ഏറെ വര്‍ധിച്ചതായി നിരവധി ഡെന്റിസ്റ്റുകളെ ഉദ്ധരിച്ച് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ശരീര ഘടന ശരിയാക്കാനും മുഖ സൗന്ദര്യത്തിനുമായിരുന്നു പ്ലാസ്റ്റിക്ക് സര്‍ജറിയെ ആശ്രയിച്ചിരുന്നത്.
പല്ലുകള്‍ മനോഹരമാക്കി പുഞ്ചിരി ഭംഗിയാക്കുന്നതിന് ഒരു വര്‍ഷം ശരാശരി 5000 റിയാല്‍ വരെ ചെലവിടാറുണ്ടെന്ന് ബിസിനസ് അനലിസ്റ്റ് ഫാത്വിമ അല്‍ ബിന്‍ അലി പറഞ്ഞു. ഓരോ നാല് മാസവും 1700 റിയാല്‍ വരെ ചെലവാകും. പുഞ്ചിരി ഭംഗിയാക്കുന്നതിന് പ്രധാനമായും പല്ല് വെളുപ്പിക്കല്‍, ഡെന്റല്‍ വെനീര്‍, ലുമിനീര്‍സ് മുറകളാണ് പ്രയോഗിക്കുന്നത്. പല്ലിന്റെ ബാഹ്യരൂപവും നിറവും മാറ്റുന്നതിന് പല്ലുകള്‍ക്ക് പുറത്ത് സ്ഥിരമായ സെറാമിക് പാളി കൊണ്ട് മൂടുന്നതാണ് ഡെന്റല്‍ വെനീര്‍. ഇത് ചെയ്യും മുമ്പ് പല്ലിന്റെ ഇനാമല്‍ ചീവിക്കളയും. ലുമിനീര്‍സും വെനീറുകള്‍ക്കു സമമാണെങ്കിലും കുറച്ചു കൂടി കട്ടി കുറഞ്ഞതും കുറഞ്ഞ സമയം കൊണ്ട് പൂര്‍ത്തിയാക്കാവുന്നതുമാണ്.
വെനീറിന് ഒറ്റത്തവണയുള്ള ചെലവ് 3000 റിയാല്‍ മുതല്‍ 3,500 റിയാല്‍ വരെയും ലുമിനീര്‍സിന് ഏകദേശം 4,000 റിയാല്‍വരെയുമാണ്.
സോഷ്യല്‍ മീഡിയയുടെ സ്വാധീനം ശക്തമായതോടെ ഓണ്‍ലൈനില്‍ സ്വന്തം ഫോട്ടോകള്‍ ഷെയര്‍ ചെയ്യുന്നത് വര്‍ധിച്ചത് ഇതിന് ഒരു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. നിങ്ങളുടെ പുഞ്ചിരി എല്ലാവരും കാണുന്നു എന്നതു കൊണ്ടു തന്നെ പല്ലുകള്‍ പ്രധാനമാണെന്ന് വെസ്റ്റ്‌ബേയിലെ സ്‌പെഷ്യലിസ്റ്റ് ഡെന്റല്‍ സെന്ററില്‍ പ്രോസ്‌തോഡോണ്ടിസ്റ്റായ ഡോ. സാറ പറഞ്ഞു. തന്നെ സമീപിക്കുന്ന രോഗികളില്‍ പകുതിയോളം പേരും പുഞ്ചിരി മെച്ചപ്പെടുത്താനുള്ള വഴികള്‍ തേടുന്നുണ്ടെന്ന് വില്ലാജിയോ മാളിന് സമീപത്തെ യാറ മെഡിക്കല്‍ സെന്ററിലെ ഡെന്റിസ്റ്റ് ഡോ. ഷഹ്‌നാസ് ഖാദര്‍ പറഞ്ഞു. രണ്ട് വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 30 ശതമാനത്തിലേറെ കൂടുതലാണിത്. പുഞ്ചിരി നന്നാക്കുന്ന ട്രെന്‍ഡ് യുവജനങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും ഈ രംഗത്തുള്ളവര്‍ പറയുന്നു. 20 വയസ്സ് മുതല്‍ 50 വയസ്സ് വരെയുള്ളവര്‍ ഇത്തരം ചികിത്സ തേടി എത്തുന്നുണ്ട്.
അതേസമയം, പുഞ്ചിരി ചികില്‍സയേക്കാള്‍ കൂടുതല്‍ പ്രാധാന്യം ദന്ത ശുചിത്വത്തിന് നല്‍കണമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. പല്ലിന് പോടുള്ളവര്‍ ആദ്യം അത് അടക്കുന്നതിന് പകരം പല്ല് വെളുപ്പിക്കാനുള്ള ചികിത്സ തേടുന്ന പ്രവണതയുണ്ടെന്ന് ഡോ. ഷഹ്‌നാസ് ഖാദര്‍ പറഞ്ഞു. പല്ലുവെളുപ്പിക്കുന്ന ചികിത്സക്ക് ചില പാര്‍ശ്വഫലങ്ങളുണ്ടെന്നും അനുഭവസ്ഥര്‍ പറയുന്നു. ഇനാമല്‍ നഷ്ടപ്പെടുന്നതു മൂലം പല്ലിന്റെ സെന്‍സിറ്റിവിറ്റി കൂടുന്നതാണ് ഒരു പ്രശ്‌നം. ചൂട് തട്ടുമ്പോഴും മറ്റും പ്രശ്‌നം അനുഭവപ്പെടുന്നുണ്ടെന്ന് അല്‍ ബിന്‍ അലി പറഞ്ഞു.
ഖത്വറിലെ കുട്ടികള്‍ ദന്ത ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെ പിന്നിലാണെന്ന് കണക്കുകള്‍ പറയുന്നു. 2013ല്‍ നടത്തിയ ഒരു പഠനത്തില്‍ രാജ്യത്തെ പത്തില്‍ ഏഴ് കുട്ടികള്‍ക്കും പല്ല് കേടുവരുന്ന പ്രശ്‌നമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ദന്ത പരിശോധന നിര്‍ബന്ധമാക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിരുന്നു.