സ്വദേശിവത്കരണം: ‘457 വിസ’ പദ്ധതി ആസ്‌ത്രേലിയ റദ്ദാക്കി; ഇന്ത്യക്കാര്‍ക്ക് വൻ തിരിച്ചടി

വിദഗ്ധ ജോലികള്‍ക്ക് നാല് വര്‍ഷം വരെ കാലാവധിയില്‍ വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് സഹായകമായ വിസ പദ്ധതിയാണ് 457 വിസ എന്ന പേരില്‍ അറിയപ്പെടുന്നത്.
Posted on: April 18, 2017 2:14 pm | Last updated: April 18, 2017 at 8:51 pm

മെല്‍ബണ്‍: സ്വദേശിവത്കരണം ലക്ഷ്യമിട്ട് ‘457 വിസ’ പദ്ധതി ആസ്‌ത്രേലിയ റദ്ദാക്കി. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ഒരു ലക്ഷത്തോളം വരുന്ന വിദേശ തൊഴിലാളികളെ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം. വിദഗ്ധ ജോലികള്‍ക്ക് നാല് വര്‍ഷം വരെ കാലാവധിയില്‍ വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് സഹായകമായ വിസ പദ്ധതിയാണ് 457 വിസ എന്ന പേരില്‍ അറിയപ്പെടുന്നത്. ഇതിന് പകരം കൂടുതല്‍ നിയന്ത്രണങ്ങളോടെ പുതിയ വിസ കൊണ്ടുവരാനാണ് ആസ്‌ത്രേലിയയുടെ പദ്ധതി.

ആസ്‌ത്രേലിയയില്‍ വര്‍ധിച്ചുവരുന്ന തൊഴില്‍ ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് അപ്രതീക്ഷിത നീക്കം. നിരവധി ഇന്ത്യക്കാര്‍ 457 വിസക്ക് കീഴില്‍ ആസ്‌ത്രേലിയയില്‍ വിവധ മേഖലകളില്‍ ജോലി ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ ഈ വിസക്ക് കിഴില്‍ ആസ്‌ത്രേലിയയില്‍ കഴിയുന്നത്. ഇവരെയെല്ലാം പുതിയ തീരുമാനം പ്രതികൂലമായി ബാധിക്കും.

ആസ്‌ത്രേലിയ ഒരു കുടിയേറ്റ രാജ്യമാണെന്നത് സത്യമാണെങ്കിലും ആസ്‌ത്രേലിയയിലെ ജോലികളില്‍ ആസ്‌ത്രേലിയക്കാര്‍ക്ക് മുന്‍ഗണന ലഭിക്കേണ്ടതുണ്ടെന്ന് പ്രസിഡന്റ് മാല്‍കം ടേണ്‍ബുള്‍ പറഞ്ഞു. വിദഗ്ദരായ തൊഴിലാളികളെ തങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ ജോലിക്കുവേണ്ടി പാസ്‌പോര്‍ട്ട് എടുത്തുവരുന്നവര്‍ക്കായി ഇനി 457 വിസ അനുവദിക്കില്ലെന്നും അവ ആസ്‌ത്രേലിയക്കാര്‍ക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സെപ്തംബര്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം 457 വിസക്ക് കീഴില്‍ 95,757 വിദേശ തൊഴിലാളികള്‍ ആസ്‌ത്രേലിയയില്‍ ജോലി ചെയ്യുന്നുണ്ട്.