Connect with us

Kerala

നന്തന്‍കോട് കൂട്ടക്കൊല: പ്രതിയെ ചെന്നൈയിലേക്ക് കൊണ്ടു പോകും

Published

|

Last Updated

തിരുവനന്തപുരം: നന്തന്‍കോട് ഒരു കുടുംബത്തിലെ നാല് പേരെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതി കേഡല്‍ ജിന്‍സണ്‍ രാജയെ തെളിവെടുപ്പിനായി പോലീസ് തിങ്കളാഴ്ച ചെന്നൈയിലേക്ക് കൊണ്ടു പോകും. സംഭവത്തിന് ശേഷം ചെന്നൈയിലേക്ക് രക്ഷപ്പെട്ട ഇയാള്‍ റൂമെടുത്ത ഹോട്ടലില്‍ കൊണ്ടുപോയി തെളിവുകള്‍ ശേഖരിക്കാനാണിത്. ഹോട്ടല്‍ ജീവനക്കാരുടെ സഹായത്തോടെ ഇയാളെ തിരിച്ചറിയുന്നതിനൊപ്പം റൂമെടുക്കാനായി നല്‍കിയ തിരിച്ചറിയല്‍ രേഖകള്‍, റൂമിനുള്ളില്‍ ഉപേക്ഷിച്ച വസ്ത്രങ്ങള്‍, ബാഗ് തുടങ്ങിയവ കണ്ടെടുക്കാന്‍ കൂടിയാണ് ഇയാളെ ചെന്നൈയിലേക്ക് കൊണ്ടുപോകുന്നത്. കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ വാങ്ങിയ കേഡലിനെ പോലീസ് നന്തന്‍കോടുള്ള വീട്ടിലും തെളിവെടുപ്പിന് കൊണ്ടുവന്നിരുന്നു.

അതിനിടെ മാതാപിതാക്കളെ വിഷം നല്‍കി കൊല്ലാന്‍ നേരത്തെ ശ്രമിച്ചിരുന്നതായി കേഡല്‍ മൊഴി നല്‍കി. ഇത് ശരിവെക്കുന്ന തെളിവുകളും വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തു. തുടര്‍ന്ന് വിഷം വാങ്ങിയ കടയിലെത്തിച്ച് ഇന്നലെ തെളിവെടുപ്പ് നടത്തി. കടയിലെ ജീവനക്കാരി കേഡലിനെ തിരിച്ചറിഞ്ഞു. ഒരു മാസം മുമ്പ് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി മാതാപിതാക്കളെ കൊല്ലാനായിരുന്നു ശ്രമിച്ചതെന്നും കേഡല്‍ പറഞ്ഞു. ബ്രഡില്‍ വിഷം നല്‍കിയെങ്കിലും, ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ആശുപത്രിയില്‍ അടിയന്തര ചികില്‍സ തേടിയതിനാല്‍ ദുരന്തം ഒഴിവാകുകയായിരുന്നു. സംഭവം ഭക്ഷ്യ വിഷബാധയാണെന്നായിരുന്നു ബന്ധുക്കളുടെ നിഗമനം. എന്നാല്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊല്ലാന്‍ ശ്രമിച്ചതാണെന്ന് കേഡല്‍ മൊഴി നല്‍കിയതോടെ ഇത് ആസൂത്രിതമാണെന്ന് വ്യക്തമായി.

പരസ്പര വിരുദ്ധമായ മൊഴികളാണ് നല്‍കുന്നതെങ്കിലും അന്വേഷണവുമായി കേഡല്‍ സഹകരിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ഇഷ്ടഭക്ഷണമായ ഷവര്‍മ്മയും ജ്യൂസും നിരന്തരം ആവശ്യപ്പെടുന്ന കേഡല്‍, സഹോദരിയെ കുറിച്ച് പറയുമ്പോള്‍ മാത്രമാണ് വിതുമ്പുന്നതെന്നും പോലീസ് പറഞ്ഞു.