ബേങ്കുകളുടെ ലയനം എന്‍ ആര്‍ ഐ ഉപഭോക്താക്കള്‍ക്ക് നേട്ടമാകുമെന്ന് എസ് ബി ഐ

Posted on: April 15, 2017 2:45 pm | Last updated: April 15, 2017 at 2:25 pm

ദുബൈ: അസോസിയേറ്റ് ബേങ്കുകളെല്ലാം സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയില്‍ ലയിച്ചത് എന്‍ ആര്‍ ഐ ഉപഭോക്താക്കള്‍ക്ക് നേട്ടമാകുമെന്ന് എസ് ബി ഐ അധികൃതര്‍ ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഞ്ച് അസോസിയേറ്റ് ബേങ്കുകള്‍ക്കൊപ്പം ഭാരതീയ മഹിളാ ബേങ്കും ലയിച്ചു. ഈ മാസം ഒന്നു മുതല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) രാജ്യത്തെ ഏറ്റവും വലിയ ബേങ്കിംഗ് സ്ഥാപനമായി മാറി. ലോകത്തെ 50 വലിയ ബേങ്കിംഗ് സ്ഥാപനങ്ങളുടെ നിരയിലേക്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) എത്തിച്ചേര്‍ന്നു.

സ്റ്റേറ്റ് ബേങ്ക് ഓഫ് ബിക്കാനെര്‍, ജയ്പൂര്‍ (എസ് ബി ബി ജെ), സ്റ്റേറ്റ് ബേങ്ക് ഓഫ് ഹൈദരാബാദ് (എസ് ബി എച്ച്), സ്റ്റേറ്റ് ബേങ്ക് ഓഫ് മൈസൂര്‍(എസ് ബി എം) സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല (എസ് ബി പി), സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (എസ് ബി ടി), എന്നിവയെകൂടാതെ ഭാരതീയ മഹിളാ ബേങ്ക് ബി എം ബി), എന്നീ ബേങ്കുകളാണ് എസ് ബി ഐയിലേക്കുളള ലയനമാണ് ഈ മാസം ഒന്നിന് പ്രാബല്യത്തിലായിരിക്കുന്നത്.
എസ് ബി ഐയുടെയും അതിന്റെ അസോസിയേറ്റ് ബേങ്കുകളായിരുന്ന എസ് ബി ടി, എസ് ബി എച്ച് എന്നിവയുടെയും എന്‍ ആര്‍ ഐ ഉപഭോക്താക്കളെ നേരില്‍ കാണാനും കസ്റ്റമര്‍ മീറ്റില്‍ പങ്കെടുക്കാനുമായി ഈ മാസം 13, 14 തിയതികളില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യു എ ഇയിലുണ്ടാവും.

കേരള ലോക്കല്‍ ഹെഡ് ഓഫീസ് ചീഫ് ജനറല്‍ മാനേജര്‍ എസ് വെങ്കിട്ടരാമന്‍, പി ബി ബി യു കോര്‍പറേറ്റ് സെന്റര്‍ മുംബൈ ചീഫ് ജനറല്‍ മാനേജര്‍ ആര്‍ കെ മിശ്ര, കേരള ലോക്കല്‍ ഹെഡ് ഓഫീസ് ജനറല്‍ മാനേജര്‍ എച്ച് സച്ച്‌ദേവ്, പി ബി ബി യു കോര്‍പറേറ്റ് സെന്റര്‍ മുംബൈ എന്‍ ആര്‍ ഐ സര്‍വീസ് ജനറല്‍ മാനേജര്‍ പി കെ മിശ്ര, പി ബി ലോക്കല്‍ ഹെഡ് ഓഫീസ് കേരളാ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജോയ് സി ആര്യക്കര എന്നിവരാണ് ഉപഭോക്താക്കളെ നേരില്‍ കാണാന്‍ ഇന്ത്യയില്‍ നിന്നും യു എ ഇയിലെത്തിയത്. ദുബൈ ഡി ഐ എഫ്‌സിയിലെ എസ് ബി ടി മിനാ റീജ്യണല്‍ മേധാവിയായ ടി വി എസ് രാമണ റാവുവും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കൊപ്പം കസ്റ്റമര്‍ മീറ്റില്‍ പങ്കെടുത്തു.
370 ദശലക്ഷം ഉപഭോക്താക്കളുമായി 24,100 ശാഖകളടങ്ങുന്ന വലിയ ശൃംഖലയാണ് നിലവില്‍ ബേങ്കിനുളളത്. 59,200 എ ടി എം കൗണ്ടറുകളാണ് ഇന്ത്യയില്‍ എസ് ബി ഐക്ക് ഇപ്പോഴുളളത്. ലയനത്തിനുശേഷം 382.79 ബില്യണ്‍ ഡോളര്‍ (26,00,114 കോടി ഇന്ത്യന്‍ രൂപ)യുടെ നിക്ഷേപമുളള ബേങ്കിന് 289.10 ബില്യണ്‍ ഡോളറിന്റെ (19,63,715 കോടി ഇന്ത്യന്‍ രൂപ)യുടെ മുന്‍കൂര്‍ അടങ്കലും ബേങ്കിനുണ്ട്. 6.50 കോടി ഇടപാടുകള്‍ ദിനംപ്രതി നടത്തിയിരുന്ന ബേങ്കിന്റെ ദൈംനംദിന ഇടപാടുകള്‍ എട്ട് കോടിയായി ഉയരും. എസ് ബി ടിയിലെയും മറ്റു അസോസിയേറ്റ് ബേങ്കുകളിലുമുള്ള അക്കൗണ്ടുകള്‍ അതേപടി തുടരുന്നതിനാല്‍ അക്കൗണ്ട് ഉടമകള്‍ക്ക് യാതൊരു പ്രയാസവുമുണ്ടാകില്ല. നിലവില്‍ ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന എസ് ബി ടി, എസ് ബി എച്ച് റപ്രസന്റേറ്റിവ് ഓഫീസുകളുടെ പേര് മാറുന്നത് സംബന്ധിച്ചുളള പ്രക്രിയയെക്കുറിച്ചും മീറ്റില്‍ പ്രതിപാദിക്കപ്പെട്ടു. ഇക്കാര്യം സെന്‍ട്രല്‍ ബേങ്ക് ഓഫ് യു എ ഇയുടെ അംഗീകാരത്തിനായി സമര്‍പിച്ചിരിക്കുകയാണെന്നും ഇതില്‍ വൈകാതെ തന്നെ അംഗീകാരം നല്‍കിയുളള അറിയിപ്പ് ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു. അംഗീകാരം ലഭിക്കുന്നതോടെ ഒരു റപ്രസന്റേറ്റിവ് ഓഫീസ് അബുദാബിയിലേക്ക് മാറ്റുമെന്നും അധികൃതര്‍ വ്യക്തമാക്കി.