ഗവേഷണ യോഗ്യരല്ലാത്തവര്‍ നാലിലൊരു മദ്ഹബ് സ്വീകരിക്കാന്‍ നിര്‍ബന്ധമെന്ന് മതകാര്യ വകുപ്പ്‌

Posted on: April 13, 2017 3:16 pm | Last updated: April 13, 2017 at 3:16 pm
SHARE

അബുദാബി: മുസ്‌ലിം ലോകത്ത് അറിയപ്പെട്ടതും അംഗീകരിക്കപ്പെട്ടതുമായ നാലു കര്‍മശാസ്ത്ര മദ്ഹബുകളിലൊന്ന് സ്വീകരിക്കല്‍ വിശ്വാസികള്‍ക്ക് അനിവാര്യമാണെന്ന് യു എ ഇ മതകാര്യവകുപ്പ്. മതപ്രമാണങ്ങളില്‍ ഗവേഷണ യോഗ്യതയില്ലാത്തവര്‍ നാലാലൊരു കര്‍മശാസ്ത്ര മദ്ഹബ് (സരണി) സ്വീകരിച്ചേ പറ്റൂവെന്ന് മതകാര്യവകുപ്പ് ഇതുസംബന്ധമായി പുറത്തിറക്കിയ ഫത്‌വയില്‍ വ്യക്തമാക്കി.

മതകാര്യങ്ങളില്‍ നാലില്‍ ഒരു കര്‍മശാസ്ത്ര മദ്ഹബ് രാജ്യത്ത് സ്വീകരിക്കപ്പെടുന്നതെന്തുകൊണ്ടാണെന്ന ഒരു സഹോദരിയുടെ ചോദ്യത്തിനുത്തരമായി മതകാര്യവകുപ്പ് പ്രസിദ്ധീകരിച്ച ഫത്‌വയിലാണ് ഇക്കാര്യം വിശദീകരിച്ചിട്ടുള്ളത്. 78238-ാം നമ്പറായി നല്‍കിയിട്ടുള്ള ഫത്‌വ മതകാര്യവകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാല് കര്‍മശാസ്ത്ര മദ്ഹബുകള്‍ക്ക് ലോകവ്യാപകമായി പണ്ഡിത പാമര വ്യത്യാസമില്ലാതെ സ്വീകാര്യതയുണ്ട്. ജനങ്ങള്‍ക്കിടയിലുണ്ടാകുന്ന മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും പ്രായോഗിക പരിഹാരങ്ങള്‍ മദ്ഹബുകള്‍ മുന്നോട്ടുവെക്കുന്നുണ്ട്. അതിനാല്‍ നൂറ്റാണ്ടുകളായി മുസ്‌ലിംലോകം മദ്ഹബുകളുടെ നിലപാടുകളെ അവരുടെ മതകീയ പ്രശ്‌നങ്ങളുടെ പരിഹാരമായി സ്വീകരിച്ചുവരുന്നു, ഫത്‌വ ന്യായീകരിക്കുന്നു.

മുസ്‌ലിംലോകത്ത് മഹാഭൂരിപക്ഷവും മതപ്രമാണങ്ങളില്‍ ഗവേഷണം നടത്താനും മതവിധികള്‍ കണ്ടെത്താനും കഴിയാത്തവരാണ്. ആയതിനാല്‍ അത്തരക്കാര്‍ നാലില്‍ ഏതെങ്കിലും ഒരു മദ്ഹബ് സ്വീകരിക്കുകയാണ് വേണ്ടത്. സാധാരണക്കാര്‍ (ഗവേഷണ യോഗ്യരല്ലാത്തവര്‍)ക്ക് ഇത് നിര്‍ബന്ധവുമാണ്. ‘നിങ്ങള്‍ അറിയാത്തവരാണെങ്കില്‍ അറിവുള്ളവരോട് ചോദിക്കുക’ എന്ന് ആശയം വരുന്ന അല്‍ നഹ്ല്‍ സൂറയിലെ സൂക്തം ഇതിന് തെളിവായി ഫത്‌വയില്‍ ഉദ്ധരിക്കുന്നുണ്ട്.

ഇതിന്റെ അടിസ്ഥാനത്തില്‍ നാലിലൊരു മദ്ഹബ് സ്വീകരിക്കല്‍ നിര്‍ബന്ധമാണെന്ന കാര്യത്തില്‍ ഇജ്മാഅ് (ഏകാഭിപ്രായം) ഉണ്ടെന്ന് നിരവധി പണ്ഡിതര്‍ ഉദ്ധരിച്ചിട്ടുണ്ട്, ഫത്‌വ വിശദീകരിക്കുന്നു. ഇക്കാര്യത്തില്‍ ഇജ്മാഉണ്ടെന്ന ചലി പ്രമുഖരുടെ ഗ്രന്ഥവും അതിലെ ഉദ്ധരിണിയും ഫത്‌വയില്‍ ചേര്‍ത്തെഴുതിയിട്ടുമുണ്ട്. മുസ്‌ലിം ലോകത്ത് അറിയപ്പെട്ട നാല് മദ്ഹബല്ലാത്ത പുതിയൊരു മദ്ഹബ് സ്വീകരിക്കല്‍ നിഷിദ്ധ (ഹറാം)മാണെന്നും പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളുദ്ധരിച്ച് ഫത്‌വ വ്യക്തമാക്കുന്നുണ്ട്.

ഒരു പ്രദേശത്ത് പരമ്പരാഗതമായി സ്വീകരിച്ചുവരുന്ന മദ്ഹബിന്റെ നിലപാടുകള്‍ക്കെതിരെ വ്യക്തികളോ സംഘങ്ങളോ പുറംതിരിഞ്ഞ് നില്‍ക്കുന്നതും പുതിയവഴി സ്വീകരിക്കുന്നതും ആ പ്രദേശത്തെ മുസ്‌ലിംകളുടെ ഐക്യധാരയെ തകര്‍ക്കലും തുരങ്കംവെക്കലുമാണ്. അത് ഗുരുതരമായ തെറ്റുമാണ്. യു എ ഇ പ്രത്യേകമായൊരു മദ്ഹബ് സ്വീകരിച്ചുപോകുന്ന ഒരു രാജ്യമാണ്. അത് സ്വീകരിക്കലും അംഗീകരിക്കലും ഓരോ വ്യക്തിക്കും ബാധ്യതയാണ്. രാജ്യത്തിന്റെ ഭരണാധികാരികളെ അംഗീകരിക്കുന്നതിന്റെ ഭാഗം കൂടിയാണത്, ഫത്‌വ തുടര്‍ന്ന് പറയുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here