ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് നേട്ടം; എഎപിക്ക് തിരിച്ചടി

Posted on: April 13, 2017 1:07 pm | Last updated: April 13, 2017 at 6:58 pm

ന്യൂഡല്‍ഹി: എട്ട് സംസ്ഥാനങ്ങളിലെ പത്ത് നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് നേട്ടം. ബിജെപി നാലിടത്ത് വിജയിക്കുകയും രണ്ടിടത്ത് മുന്നിട്ട് നില്‍ക്കുകയും ചെയ്യുന്നു. ശ്രദ്ധേയമായ ത്രികോണ മത്സരം നടന്ന ഡല്‍ഹി രജൗറി ഗാര്‍ഡന്‍ മണ്ഡലത്തില്‍ ബി.ജെ.പി വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. നിലവില്‍ ഈ മണ്ഡലത്തെ പ്രതിനിധികരിക്കുന്ന ആം ആദ്മി പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അസമിലെ ധമാജി, മധ്യപ്രദേശിലെ ബന്ധവ്ഗഡ് , ഹിമാചല്‍ പ്രദേശിലെ ഭോരഞ്ച്, എന്നിവിടങ്ങളാണ് ബിജെപി ജയിച്ച മറ്റു സീറ്റുകള്‍. കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ കോണ്‍ഗ്രസിനാണ് വിജയം.

മധ്യപ്രദേശിലെ അട്ടേരി, രാജസ്ഥാനിലെ ധോല്‍പ്പൂര്‍ സീറ്റുകളില്‍ ബി.ജെ.പി മുന്നിട്ട് നില്‍ക്കുന്നു. ഝാര്‍ഖണ്ഡിലെ ലിത്തിപാരയില്‍ ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയാണ് ലീഡ് ചെയ്യുന്നത്. കര്‍ണാടകയിലെ നഞ്ചന്‍കോഡില്‍ കോണ്‍ഗ്രസും പശ്ചിമബംഗാളിലെ കാന്തിദക്ഷിണില്‍ തൃണമൂല്‍ കോണ്‍ഗ്രസുമാണ് മുന്നില്‍.