Connect with us

Articles

ഈ ഫാസിസം എത്രകാലം തുടരാനാകും?

Published

|

Last Updated

ജിഷ്ണു പ്രണോയിയുടെ മരണത്തെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ കേരളീയ സമൂഹത്തില്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ നിരവധിയാണ്. സ്വാശ്രയമെന്ന പേരില്‍ നമ്മുടെ നാട്ടില്‍ നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസക്കച്ചവടത്തിന്റെ യഥാര്‍ഥ മുഖങ്ങള്‍ പുറത്തറിയിക്കാന്‍ സഹായിച്ചു എന്നത് കൊണ്ട് തന്നെ ജിഷ്ണു കേരളത്തിലെ സമരങ്ങളുടെ രക്തസാക്ഷിയാണ്. ഈ സമ്പ്രദായത്തിന് കാരണക്കാര്‍ ആരെല്ലാം എന്ന അന്വേഷണത്തിന്റെ വെളിച്ചം വ്യാപിച്ചാല്‍ അതില്‍ നിന്നും ഇവിടെ ഭരണ പ്രതിപക്ഷമടക്കമുള്ള മുഖ്യധാരാ കക്ഷികള്‍ക്കൊന്നും രക്ഷപ്പെടാനാകില്ല. വലതു മുന്നണിയുടെ കാലത്താണ് ആരംഭിച്ചതെങ്കിലും അതിനെ വളര്‍ത്തുന്നതിലും അവരുമായി അവിഹിതമായിപ്പോലും കൈകോര്‍ക്കുന്നതിനും ആര്‍ക്കും ബുദ്ധിമുട്ടുണ്ടായില്ല. കൂത്തുപറമ്പില്‍ അഞ്ചു യുവാക്കളുടെ ജീവന്‍ പൊലിഞ്ഞതു പരിയാരം കോളജിനെ കോഴക്കോളേജല്ലാതാക്കാന്‍ വേണ്ടിയായിരുന്നു. പക്ഷേ ആ രക്തസാക്ഷികളുടെ പാര്‍ട്ടി തന്നെയാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി അതിനെ കോഴകോളേജാക്കി നടത്തിക്കൊണ്ടിരിക്കുന്നതും. നമുക്ക് കോടതികളെ പഴിക്കാം. ജനങ്ങളുടെ മധ്യവര്‍ഗമനോഭാവത്തിന്റെ കുഴപ്പമാണെന്നു പറഞ്ഞു രക്ഷപ്പെടാന്‍ ഇടതുപക്ഷത്തെ ചിലര്‍ ശ്രമിക്കുന്നതിലും തെറ്റില്ല. പക്ഷേ ആ പക്ഷത്തുള്ളവരുടെ കുട്ടികളും ഈ സ്വാശ്രയ കോളജുകളുടെ സൗജന്യം പറ്റി പഠിച്ചവരാകുമ്പോള്‍ പ്രശ്‌നം മറ്റൊരു മാനം നേടുന്നു. ഈ മധ്യവര്‍ഗ മനസ്സ് നാടാകെ വളര്‍ന്നതിനെ തടയാന്‍ ഇടതുപക്ഷം എന്തു ചെയ്തു എന്നതിനപ്പുറം ആ പക്ഷത്തിന്റെ നേതാക്കള്‍ക്ക് തന്നെ ആ മനസ്സാണെന്നു കാണുമ്പോള്‍ അതൊരു തെറ്റാണെന്നു അവരും കരുതുന്നില്ലെന്ന് പറയേണ്ടിവരും.

ഈ വിഷയം എത്ര തര്‍ക്കിച്ചാലും തീരാത്തതായതിനാല്‍ തല്‍ക്കാലം വിടുന്നു. നമുക്ക് ജിഷ്ണുവിന്റെ വിഷയത്തിലേക്കു വരാം. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതുപോലെ വന്‍ ധനക്കൊള്ള മാത്രമല്ല, കടുത്ത മനുഷ്യാവകാശലംഘനങ്ങളും ഇവിടെയൊക്കെ നടക്കുന്നു എന്ന കാര്യം നമ്മുടെ വിദ്യാര്‍ഥി യുവജനസംഘടനകളോ എല്ലാമറിയുന്ന സര്‍ക്കാറോ അറിഞ്ഞിരുന്നതേയില്ല എന്ന നിലപാട് തൊണ്ട തൊടാതെ വിഴുങ്ങാന്‍ ബുദ്ധിമുട്ടാണ്. ഇവര്‍ക്കെല്ലാം, ഒരുപക്ഷേ നല്ലൊരു പങ്കിനും ഇതെല്ലാം അറിയാമായിരുന്നു. പക്ഷേ മിണ്ടിയില്ല. അഥവാ കണ്ണടച്ചുകൊണ്ട് സഹായിച്ചു. കുട്ടികള്‍ക്ക് സ്വയം വന്നു പറയാന്‍ കഴിയില്ലെന്നതിന്റെ കാരണം ജിഷ്ണുവിന്റെ മരണം വഴി തന്നെ വ്യക്തമാകുന്നു. ഇവര്‍ക്കെതിരെ പോരാടിയാല്‍ ഫലം ഇതാകും എന്ന് വരുന്നു. എന്തായാലും ഇപ്പോള്‍ ഒട്ടനവധി സ്ഥാപനങ്ങളുടെ അവസ്ഥ നമുക്ക് മുന്നില്‍ തുറന്നു കാട്ടപ്പെട്ടിരിക്കുന്നു. വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്താല്‍ അല്ലെങ്കില്‍ അതിനു ശ്രമിച്ചാല്‍ മാത്രമാണോ അവിടെ കയറിച്ചെന്നു എല്ലാം തല്ലിത്തകര്‍ക്കേണ്ടത്? ഇത്തരം കോളജുകളെ സര്‍ക്കാറിന് നിയന്ത്രിക്കാന്‍ ഒരു മാര്‍ഗവുമില്ലേ? സര്‍ക്കാറിന്റെ അംഗീകാരത്തോടെയാണ് ഇവ നടത്തുന്നതെങ്കില്‍ തീര്‍ച്ചയായും ഇടപെടാനും കഴിയും. ഇവര്‍ക്ക് അംഗീകാരം നല്‍കുന്ന സ്ഥാപനങ്ങള്‍ ഉണ്ടല്ലോ, എന്‍ജിനീയറിങ്ങിനു എ ഐ സി ടി ഇ യും വൈദ്യത്തിനു മെഡിക്കല്‍ കൗണ്‍സിലും. അവര്‍ പറയുന്ന നിബന്ധനകള്‍ പാലിക്കാതെ കോളജുകള്‍ നടത്താന്‍ അനുവദിക്കില്ലെന്ന് പറയാന്‍ സര്‍ക്കാറുകള്‍ക്ക് കഴിയാത്തതെന്തുകൊണ്ട്? നിരവധി ചോദ്യങ്ങള്‍ ഇവിടെയും ബാക്കിയാകുന്നു.

സര്‍ക്കാറുകളുടെ നിലപാടുകള്‍ കുറേക്കൂടി വ്യക്തമാകുന്നതാണ് ജിഷ്ണുവിന്റെ മരണത്തിനു ശേഷമുണ്ടായ സംഭവവികാസങ്ങള്‍. കൊല്ലപ്പെട്ട കുട്ടിയും കുടുംബവും ഭരണത്തിന് നേതൃത്വം നല്‍കുന്ന സി പി എമ്മിന്റെ പ്രവര്‍ത്തകരും അനുഭാവികളുമാണ്. ആ ഗ്രാമം തന്നെ പാര്‍ട്ടിക്ക് കീഴിലാണ്. അതുകൊണ്ട് തന്നെ ഈ മരണത്തിനു പിന്നിലെ ദുരൂഹത മാറ്റി കുറ്റക്കാരെ ശിക്ഷിക്കണമെന്ന നിര്‍ബന്ധം സര്‍ക്കാറിനുണ്ടാകും എന്നാകും നമ്മളെല്ലാം പ്രതീക്ഷിക്കുക. പക്ഷേ കേസിന്റെ തുടക്കം മുതല്‍ തന്നെ ചില താളപ്പിഴകള്‍ കണ്ടു. ഇന്‍ക്വസ്റ്റ്, പോസ്റ്റ് മോര്‍ട്ടം, ഇടിമുറി എന്നറിയപ്പെടുന്ന കുറ്റകൃത്യം നടന്ന മുറി സുരക്ഷിതമായി സൂക്ഷിക്കാതിരിക്കല്‍, തൂങ്ങിയെന്നു പറയുന്ന തോര്‍ത്തുമുണ്ട് പോലും കണ്ടെടുക്കാന്‍ കഴിയാതിരിക്കല്‍, പ്രതികളെപ്പറ്റി കുട്ടികളടക്കം നിരവധി സൂചനകള്‍ നല്‍കിയിട്ടും 40-ാം ദിവസം വരെ എഫ് ഐ ആര്‍ തയ്യാറാക്കാതിരിക്കല്‍, പ്രതികളില്‍ ഒരാളെ പോലും ചോദ്യം ചെയ്യാന്‍ പോലും തയ്യാറാകാതിരിക്കല്‍, അവര്‍ക്കു മുന്‍കൂര്‍ ജാമ്യം നേടാന്‍ കഴിയും വിധം അറസ്റ്റ് നീട്ടിക്കൊണ്ട് പോകല്‍, ഇതിനെ പറ്റി കുടുംബം ഉന്നയിച്ച ചോദ്യങ്ങള്‍ക്കു വ്യക്തമായി മറുപടിയില്ലായ്മ ഇങ്ങനെ പലതും പ്രതികളെ രക്ഷിക്കാന്‍ പോലീസിലും സര്‍ക്കാറിലും പലരും പ്രവര്‍ത്തിക്കുന്നു എന്ന സംശയം ബലപ്പെടുത്തി. ലോ അക്കാദമി സമരത്തിന്റെ മറവില്‍ ഇത് മുങ്ങിപ്പോകുമെന്നാകും സര്‍ക്കാര്‍ ആഗ്രഹിച്ചിരിക്കുക. എന്നാല്‍ വീണ്ടും വിഷയം പൊങ്ങിവന്നപ്പോഴാണ് സര്‍ക്കാറിനും സി പി എമ്മിനും അനങ്ങേണ്ടി വന്നത്. കേസന്വേഷണം തുടക്കത്തില്‍ തന്നെ അട്ടിമറിക്കപ്പെട്ടു എന്നറിഞ്ഞിട്ടും ആ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചില്ല എന്നത് സംശയം ബലപ്പെടുത്തി. പുതിയ അന്വേഷണ സംഘം, കുടുംബത്തിന് പത്തുലക്ഷം നഷ്ടപരിഹാരം, സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ നിയമനം, മറ്റൊരു കേസില്‍ കൃഷ്ണദാസിനെ അറസ്റ്റ് ചെയ്യല്‍ (അതിന്റെ പേരില്‍ സര്‍ക്കാര്‍ കോടതിയില്‍ നാണം കെട്ടു എന്നത് മറ്റൊരു കാര്യം), ജാമ്യം നല്‍കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ പോകുമെന്ന പ്രഖ്യാപനം തുടങ്ങി പാര്‍ട്ടിക്കും സര്‍ക്കാറിനും പിടിച്ചുനില്‍ക്കാന്‍ കഴിയും വിധമുള്ള ചില നടപടികള്‍ ഉണ്ടായത്.
പലവട്ടം ഭരണക്കാരെ ആ അമ്മയും അച്ഛനും കണ്ടതാണ്. പല മന്ത്രിമാരും ഒട്ടനവധി നേതാക്കളും ആ വീട്ടില്‍ വന്നു. അന്വേഷണം തൃപ്തികരമായി നടക്കുമെന്ന് ഉറപ്പു നല്‍കി. പക്ഷേ കേസന്വേഷണത്തിന്റെ തുടക്കത്തിലുണ്ടായ വീഴ്ചകള്‍ പ്രതികള്‍ക്ക് നിരവധി പഴുതുകള്‍ നല്‍കിക്കൊണ്ടേയിരുന്നു, ഇപ്പോഴും അത് തുടരുന്നു. ആത്മഹത്യക്കു പ്രേരണ നല്‍കിയെന്ന കുറ്റം തെളിയിക്കുക എളുപ്പമല്ല. അതിസൂക്ഷ്മമായ അന്വേഷണം വേണം, തെളിവുകള്‍ കണ്ടെത്തണം. പല തെളിവുകളും ആദ്യഘട്ടത്തില്‍ തന്നെ നശിപ്പിക്കപ്പെട്ടിരുന്നു. ഒന്നാം പ്രതിയുടെ ജാമ്യ അപേക്ഷ വന്നപ്പോള്‍ സര്‍ക്കാറിന്റെ പ്രധാന ക്രിമിനല്‍ വക്കീലായ ഡി ജി പി എടുത്ത നിലപാടുകള്‍ തന്നെ ഏറെ വിവാദമായി. ജാമ്യം അനുവദിച്ചു. ഇത്തരം പിഴവുകള്‍ മറികടന്നു ഒരു പ്രതിയെ വിചാരണ ചെയ്തു ശിക്ഷ നേടിക്കൊടുക്കുക എന്നത് ഉദയഭാനുവിനെപ്പോലെ ഒരു പ്രഗത്ഭ അഭിഭാഷകന് പോലും എളുപ്പമാകില്ല.

അന്വേഷണം വഴിമുട്ടുന്നു എന്ന തോന്നല്‍ ഉണ്ടാകുമ്പോളെല്ലാം ആ കുടുംബം, വിശേഷിച്ചും അമ്മ ശക്തമായി പ്രതികരിക്കും. അപ്പോള്‍ താത്കാലികമായി സര്‍ക്കാര്‍ എന്തെങ്കിലും കാട്ടിക്കൂട്ടും. വീണ്ടും പഴയപടിയാകും. നിരവധി തവണ അവര്‍ മന്ത്രിമാരോടും ഉന്നത പോലീസ് ഉദ്യോഗസ്ഥരോടും പരാതി പറഞ്ഞു. മാര്‍ച്ച് 26നു പോലീസ് തലവനായ ലോക്‌നാഥ് ബെഹ്‌റയെ നേരില്‍ക്കണ്ടപ്പോള്‍ പത്ത് ദിവസത്തിനകം ഒരു മാറ്റമുണ്ടാകും എന്നും അപ്പോള്‍ വന്നു കാണാനും പറഞ്ഞതനുസരിച്ചാണ് ഈ മാസം അഞ്ചാം തിയതി അമ്മയും കുടുംബവും തലസ്ഥാനത്തെത്തുന്നത്. നാട്ടില്‍ ജനകീയ ആക്ഷന്‍ കൗണ്‍സില്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍, അതിന്റെ സമ്പൂര്‍ണ നിയന്ത്രണം സി പി എമ്മിനായിരുന്നു എന്നതിനാല്‍ തന്നെ കുടുംബത്തിന് അല്‍പം വിശ്വാസക്കുറവുണ്ടായിരുന്നു. ഷാജര്‍ഖാന്‍ അടക്കമുള്ള വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ അവരെ സഹായിച്ചപ്പോള്‍ അത് സ്വീകരിക്കാന്‍ തയ്യാറായതും ഇതുകൊണ്ടായിരുന്നു.
അന്ന് നടന്ന സംഭവങ്ങള്‍ ഒട്ടും തന്നെ പറയേണ്ടതില്ല. പോലീസ് അതിനിഷ്ഠൂരമായി തന്നെയാണ് ആ അമ്മയോടും കുടുംബത്തോടും പെരുമാറിയത്. സഹായിക്കാന്‍ എത്തിയവരെയും അത് കണ്ടുനിന്നവരെയും കൂടി അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചു. പരിക്കേറ്റ അമ്മയും അമ്മാവനുമടങ്ങുന്ന കുടുംബമാകെ സമരത്തിലായി. വീട്ടിലുള്ള സഹോദരി കൂടി നിരാഹാരം പ്രഖ്യാപിച്ചതോടെ സമരത്തിന്റെ മാനം തന്നെ മാറി. ഈ ഘട്ടത്തിലെങ്കിലും സര്‍ക്കാറിനും പാര്‍ട്ടിക്കും ബുദ്ധി ഉദിച്ചിരുന്നു എങ്കില്‍ ഇന്നത്തെ ദുരവസ്ഥ ഒഴിവാക്കാന്‍ കഴിയുമായിരുന്നു. പക്ഷേ, പാര്‍ട്ടിയും സര്‍ക്കാറും കണക്കു കൂട്ടിയത് മറ്റൊരു രീതിയിലാണ്. ഇവര്‍ ഒരു പാര്‍ട്ടി കുടുംബമാണ്. പാര്‍ട്ടി ഗ്രാമത്തിലാണ് താമസം. എന്ത് വന്നാലും പാര്‍ട്ടി പറയുന്നതിനപ്പുറം ഇവര്‍ക്ക് പോകാന്‍ കഴിയില്ല. അവരുടെ പാര്‍ട്ടിക്കൂറും പ്രാദേശിക പരിമിതികളും ചൂഷണം ചെയ്യാനാണ് പാര്‍ട്ടി തീരുമാനിച്ചത്. പോലീസ് ഇത്ര ക്രൂരമായി പെരുമാറിയിട്ടും അവിടെ ഒന്നും നടന്നില്ലെന്ന് പ്രസ്താവന ഇറക്കാന്‍ പാര്‍ട്ടി നേതൃത്വം തയാറായതും അത് കൊണ്ടാണ്. പക്ഷേ, ഇത് പഴയ കാലമല്ലെന്നും പഴയ കാലത്തെ ജനങ്ങളല്ലെന്നും ഇവര്‍ ഓര്‍ത്തില്ല. കേവലം പാര്‍ട്ടി അച്ചടക്കത്തിന്റെ മറവില്‍ ഒരു കുടുംബത്തിന്റെ ദുഃഖം മാഞ്ഞു പോകില്ല. പാര്‍ട്ടിയുടെ വക്താക്കളായി വന്നവരെല്ലാം മാധ്യമ ചര്‍ച്ചകളില്‍ അപഹാസ്യരാകുകയായിരുന്നു. വ്യത്യസ്തമായി അഭിപ്രായ പ്രകടനം നടത്തിയ പോളിറ് ബ്യൂറോ അംഗത്തെ പരിഹസിക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടായത് തെറ്റായ ഈ ആത്മവിശ്വാസം കൊണ്ടായിരുന്നു. എന്നാല്‍ ഇതിന്റെ അപകടം സി പി ഐ തിരിച്ചറിഞ്ഞു. പാര്‍ട്ടിക്ക് സര്‍വാധിപത്യമുണ്ടായിരുന്ന പശ്ചിമ ബംഗാളില്‍ നന്ദിഗ്രാം, സിംഗൂര്‍ സംഭവങ്ങള്‍ സൃഷ്ടിച്ച മുറിവ് ചെറുതല്ലല്ലോ. അന്നും ഇത്തരം ന്യായീകരണത്തൊഴിലാളികള്‍ രംഗത്തുണ്ടായിരുന്നു. പക്ഷേ, പിന്നീട് നാം കണ്ടത് പാര്‍ട്ടി ഗ്രാമങ്ങളെന്നു കരുതിയ പ്രദേശങ്ങളാകെ ഒറ്റയടിക്ക് തൃണമൂല്‍ പാര്‍ട്ടിക്ക് കീഴ്‌പ്പെടുക എന്നതായിരുന്നു. ആദ്യത്തേത് ഒരു കൈത്തെ റ്റാണെന്ന് വ്യാഖ്യാനിച്ചവരെയും അമ്പരപ്പിച്ചുകൊണ്ട് രണ്ടാം തവണ കൂടുതല്‍ ദയനീയമായി തോറ്റു, സഖ്യകക്ഷിയായി കോണ്‍ഗ്രസ് ഉണ്ടായിരുന്നിട്ടും.

മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും ധാര്‍ഷ്ട്യത്തിനെ മറികടന്നുകൊണ്ട് ഒരു ഒത്തുതീര്‍പ്പിലെത്തിച്ചത് പൊതു സമൂഹത്തിന്റെ സമ്മര്‍ദം കാണാന്‍ സി പി ഐക്ക് കഴിഞ്ഞതിനാലാണ്. പക്ഷേ ആ ഒത്തു തീര്‍പ്പുകള്‍ കേവലം ഒരു അടവായിരുന്നു എന്നും പാര്‍ട്ടിയുടെ നിലപാടില്‍ ഒരു മാറ്റവുമില്ലെന്നും തോന്നിപ്പിക്കുന്ന വിധത്തിലാണ് തുടര്‍സംഭവങ്ങള്‍ നടക്കുന്നത്. അമ്മയും സഹോദരിയും നിരാഹാര സമരം നിര്‍ത്തി, അവരുടെ ജീവനുള്ള ഭീഷണി ഒഴിവായി എന്നത് മാത്രമാണ് ഉണ്ടായത്. കേസ് സുഗമമായി മുന്നോട്ട് പോകുമെന്ന് കരുതാന്‍ ഒരുന്യായവുമില്ല. പേരിനു എന്ന് ഇപ്പോള്‍ തോന്നാവുന്ന വിധത്തില്‍ നടന്ന ശക്തിവേലിന്റെ അറസ്റ്റു തന്നെ അപഹാസ്യമാകും വിധമാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായ വിധി. ഇതെല്ലാ മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള ഒരു നാടകമായിരുന്നില്ലേ ഇതെന്ന സംശയം ബലപ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ കോടതിയെ വിമര്‍ശിക്കാം, പക്ഷേ, കേസ് ദുര്‍ബലമാണെന്ന തോന്നല്‍ പൊതുസമൂഹത്തിനു തന്നെ ഉള്ള സ്ഥിതിക്ക് ആ വിമര്‍ശനം കൊണ്ട് കാര്യമായ ഫലമില്ല. മറ്റു പ്രതികളെ അറസ്റ്റു ചെയ്യാന്‍ തല്‍ക്കാലം കഴിയില്ല. തന്നെയുമല്ല സി ബി ഐ അന്വേഷിച്ച ഒരു കേസില്‍ കോടതിവിധിയുടെ ബലത്തില്‍ മാത്രം വിചാരണയില്‍ നിന്നും രക്ഷപ്പെട്ടു നില്‍ക്കുന്ന ഒരു മുഖ്യമന്ത്രിയാണ് നമ്മുടേത്. ഈ കേസിന്റെ വഴി തെറ്റിച്ചു വിടുന്നതിനു സഹായിച്ച എല്ലാ ഉദ്യോഗസ്ഥരെയും അമ്മയെ മര്‍ദിച്ച ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ ന്യായീകരിക്കുന്നു. സംരക്ഷിക്കുന്നു. ജിഷാവധക്കേസില്‍ അന്വേഷണം അട്ടിമറിച്ചതിനു കൂട്ട് നിന്നു അഥവാ അത് തടഞ്ഞില്ല എന്ന പേരിലാണ് ഈ സര്‍ക്കാര്‍ ടി പി സെന്‍കുമാറിനെ ഒഴിവാക്കിയത്. എന്നിട്ടും ബെഹ്‌റയെ എന്ത് കൊണ്ട് വെച്ചുകൊണ്ടിരിക്കുന്നു എന്ന സുപ്രീം കോടതിയുടെ ചോദ്യം കേരളത്തിലെ സാധാരണക്കാരന്റെ മനസ്സിലുമുള്ളതാണ്.
ഒരു ജനകീയ സമരത്തെ സഹായിക്കാന്‍ ചെന്നവര്‍ക്കെതിരെ വൈരനിര്യാതന ബുദ്ധിയോടെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് തടവിലിടുന്നതിനെയല്ലേ ഫാസിസം എന്ന് വിളിക്കുന്നത്? ഷാജര്‍ഖാനും ഷാജഹാനുമെല്ലാം സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തി എന്ന അപഹാസ്യമായ വാദങ്ങള്‍ ഉന്നയിച്ചു ഇതിനെ ന്യായീകരിക്കുന്നവര്‍ക്കു സംഘ്പരിവാര്‍ നേതാക്കളുടെ ഭാഷയും ഭാവവുമാണുള്ളത്. ഏറ്റവുമൊടുവില്‍ സമരത്തിന്റെ മുന്‍നിരപ്പോരാളിയായ ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിനെ സി പി എം പുറത്താക്കുക കൂടി ചെയ്തതോടെ ഇതൊരു ഫാസിസ്റ്റ് പാര്‍ട്ടി തന്നെയായി എന്ന് ഉറപ്പിക്കേണ്ടിവരുന്നു. ഇവര്‍ അറിയുക, ഇത് പഴയ കാലമല്ല, ജനങ്ങള്‍ നേരിട്ട് സമരങ്ങള്‍ക്കെത്തുന്ന പുതിയ കാലമാണ് എന്ന്.

 

Latest