വോട്ടിംഗ് മെഷീന്‍ പരിശോധിക്കാന്‍ തിര. കമ്മീഷന്റെ വെല്ലുവിളി

Posted on: April 13, 2017 11:10 am | Last updated: April 13, 2017 at 10:20 am

ന്യൂഡല്‍ഹി: ഇലക്‌ട്രോണിക്ക് വോട്ടിംഗ് മെഷീനുകള്‍ ആര്‍ക്കും പരിശോധിക്കാമെന്ന തുറന്ന വെല്ലുവിളിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്ത്. വോട്ടിംഗ് മെഷീന്റെ വിശ്വാസ്യതയില്‍ പ്രതിപക്ഷ കക്ഷികള്‍ സംശയം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ഈ നീക്കം. വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടത്താനാകുമെങ്കില്‍ അതിന് അവസരം തരാമെന്നാണ് കമ്മീഷന്‍ പറയുന്നത്. മെയ് ആദ്യ ആഴ്ച മുതല്‍ വിദഗ്ധര്‍, ശാസ്ത്രജ്ഞര്‍, ടെക്കികള്‍ ആര്‍ക്കും ഒരാഴ്ചയോ പത്ത് ദിവസമോ എടുത്ത് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാട്ടാന്‍ ശ്രമിക്കാം എന്നതാണ് വെല്ലുവിളി. അതിന് മുമ്പ് പ്രധാന രാഷ്ട്രീയ കക്ഷി നേതാക്കള്‍ക്ക് മുന്നില്‍ വോട്ടിംഗ് മെഷീന്റെ പ്രവര്‍ത്തനം വിശദീകരിച്ചു കൊടുക്കും. ഇതില്‍ ആര്‍ക്കും കൃത്രിമം കാട്ടാനാകില്ലെന്ന് തെളിയിക്കുന്നതിനാണ് ഈ പ്രദര്‍ശനം. ഇതേ വെല്ലുവിളി 2009ലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയിരുന്നു. അന്ന് ആര്‍ക്കും അതിന് സാധിച്ചിരുന്നില്ലെന്നാണ് കമ്മീഷന്‍ പറയുന്നത്.

ഉത്തര്‍ പ്രദേശില്‍ അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീനില്‍ ബി ജെ പി കൃത്രിമം കാട്ടിയെന്ന ആരോപണവുമായി ബി എസ് പി നേതാവ് മായാവതി രംഗത്തെത്തിയതോടെയാണ് ഈ വിഷയം വീണ്ടും ചര്‍ച്ചയാകുന്നത്. മായാവതിക്ക് പിന്നാലെ എ എ പി നേതാവ് അരവിന്ദ് കെജ്‌രിവാളും സമാന ആരോപണം ഉന്നയിച്ചിരുന്നു. ഒരു മെഷീനും 24 മണിക്കൂര്‍ സമയവും തരികയാണെങ്കില്‍ അതില്‍ കൃത്രിമം വരുത്താന്‍ കഴിയുമെന്ന് തെളിയിക്കാമെന്നായിരുന്നു കെജ്‌രിവാളിന്റെ വെല്ലുവിളി. നടക്കാനിരിക്കുന്ന ഡല്‍ഹി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഉപയോഗിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അടുത്തിടെ തിരഞ്ഞെടുപ്പ് നടന്ന പഞ്ചാബ് ഒഴികെയുള്ള നാല് സംസ്ഥാനങ്ങളില്‍ വോട്ടിംഗ് മെഷീനുകള്‍ ദുരുപയോഗം ചെയ്യപ്പെട്ടതായി കോണ്‍ഗ്രസും ആരോപിച്ചിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയും വോട്ടിംഗ് മെഷീനിന്റെ വിശ്വാസ്യതയില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. വരാനിരിക്കുന്ന ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. വോട്ടിംഗ് മെഷീനിലെ ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബി ജെ പിക്ക് വോട്ട് വീഴുന്നതായി കഴിഞ്ഞ മാസം അവസാനം മധ്യപ്രദേശിലെ മാധ്യയിലാണ് കണ്ടെത്തിയത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മെഷീന്റെ പ്രവര്‍ത്തനം രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ക്ക് വിശദീകരിച്ചുകൊടുക്കവെയായിരുന്നു ഇത്.
2009ലും ഇത്തരത്തില്‍ വോട്ടിംഗ് മെഷീന്‍ പരിശോധിക്കാന്‍ കമ്മീഷന്‍ പൊതുജനങ്ങളെ ക്ഷണിച്ചിരുന്നു. എന്നാല്‍ ആര്‍ക്കും ഒരു കൃത്രിമവും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

ഈയിടെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളില്‍ വോട്ടിംഗ് മെഷീനുകളില്‍ വ്യാപകമായി കൃത്രിമം നടന്നതായി കാണിച്ച് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളായ ഗുലാം നബി ആസാദ്, മല്ലികാര്‍ജുന ഖാര്‍ഗെ, സീതാറാം യെച്ചൂരി തുടങ്ങിയവര്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു. ഭരണത്തിന്റെ സുതാര്യതക്ക് കോട്ടം തട്ടുന്ന ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ ഗൗരവം രാഷ്ട്രപതിയെ ധരിപ്പിക്കുകയായിരുന്നു നിവേദനത്തിലൂടെ ലക്ഷ്യമിട്ടിരുന്നതെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. വോട്ടിംഗ് മെഷീനുകളെ കുറിച്ച് വ്യാപകമായി ഉയര്‍ന്നിരിക്കുന്ന പരാതികള്‍ ഈയടുത്ത് അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളുടെ സാംഗത്യം ചോദ്യം ചെയ്യപ്പെടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഈ വിഷയത്തില്‍ എല്ലാ പാര്‍ട്ടികളുടെയും പ്രതിനിധികളുടെ യോഗം വിളിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പ് നല്‍കിയതായും അദ്ദേഹം അറിയിച്ചു. അതേസമയം സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോല്‍വി മുന്നില്‍ കണ്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്രസര്‍ക്കാറിനെതിരെ തെറ്റിദ്ധാരണ പരത്തുകയാണെന്ന് കേന്ദ്രമന്ത്രി എം വെങ്കയ്യ നായിഡു പറഞ്ഞു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ജയിച്ചപ്പോഴും ബീഹാറില്‍ ജെ ഡി യു-കോണ്‍ഗ്രസ് സഖ്യം വിജയിച്ചപ്പോഴും വോട്ടിംഗ് യന്ത്രത്തെ കുറിച്ച് പരാതിയുണ്ടായിരുന്നില്ലേ എന്ന് അദ്ദേഹം ചോദിച്ചു.