Connect with us

International

യു എസുമായുള്ള ബന്ധം കൂടുതല്‍ വഷളായി: പുടിന്‍

Published

|

Last Updated

മോസ്‌കോ: ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറിയതിന് ശേഷം അമേരിക്കയുമായുള്ള നയതന്ത്ര ബന്ധം കൂടുതല്‍ വഷളാവുകയാണ് ചെയ്തതെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍. സിറിയന്‍ സൈനിക കേന്ദ്രത്തില്‍ അമേരിക്ക നടത്തിയ സൈനിക ആക്രമണത്തെ തുടര്‍ന്ന് വഷളായ യു എസ് – റഷ്യ ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം അമേരിക്കന്‍ നയതന്ത്രജ്ഞര്‍ ഊര്‍ജിതമാക്കിക്കൊണ്ടിരിക്കെയാണ് പുടിന്റെ പരാമര്‍ശം. യു എസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലെര്‍സണും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവും തമ്മിലുള്ള ചര്‍ച്ച നടന്നതിന് തൊട്ടുപിന്നാലെയാണ് പുടിന്റെ പരാമര്‍ശം.

ഇതോടെ സിറിയന്‍ പ്രശ്‌നം പരിഹരിക്കാതെയും ഈ വിഷയത്തിലെ അമേരിക്കന്‍ നിലപാട് തിരുത്താതെയും ഇരുരാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനാകില്ലെന്ന് വ്യക്തമായി. മുന്‍ പ്രസിഡന്റുമാരില്‍ നിന്ന് വ്യത്യസ്തമായി തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും റഷ്യയുമായി അടുത്ത ബന്ധം പുലര്‍ത്തിയ ഡൊണാള്‍ഡ് ട്രംപിന്കനത്ത തിരിച്ചടിയായിരിക്കുകയാണ് പുടിന്റെ നിലപാട്. ബദ്ധവൈരികളായ റഷ്യയുമായി ബന്ധം സ്ഥാപിച്ചതിന്റെ പേരില്‍ നിരന്തരം വിമര്‍ശം നേരിട്ട പ്രസിഡന്റുകൂടിയാണ് ട്രംപ്.
ട്രംപ് അധികാരത്തിലേറിയ ശേഷം സൈനിക രംഗത്ത് അമേരിക്കയുമായുള്ള ബന്ധം കൂടുതല്‍ വഷളാവുകയാണ് ചെയ്തത്. ഈ ബന്ധത്തില്‍ അധഃപതനം ഉണ്ടായെന്നല്ലാതെ പുരോഗമനമൊന്നും സാധ്യമായിട്ടില്ല. സിറിയ നടത്തിയെന്ന് അമേരിക്ക ആരോപിക്കുന്ന രാസായുധ ആക്രമണത്തില്‍ അസദിന് യാതൊരു പങ്കുമില്ല. വിമതരാണ് ആക്രമണത്തിന് പിന്നില്‍. പുടിന്‍ വിശദീകരിച്ചു.
അതിനിടെ, റഷ്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ മോസ്‌കോയിലെത്തിയ യു എസ് വിദേശകാര്യ സെക്രട്ടറി ടില്ലെര്‍സണ്ണിന് തണുത്ത സ്വീകരണമാണ് ലഭിച്ചത്. സാധാരണ യു എസ് പ്രതിനിധികള്‍ക്ക് ലഭിക്കുന്ന രീതിയിലുള്ള ഊഷ്മളമായ സ്വീകരണമോ നയതന്ത്രപെരുമാറ്റമോ ടില്ലെര്‍സണിന് കിട്ടിയില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുടെ സഖ്യരാജ്യമായ സിറിയയില്‍ അമേരിക്ക നടത്തിയ സൈനിക ആക്രമണത്തെ ടില്ലെര്‍സണിന്റെ സാന്നിധ്യത്തില്‍ തന്നെ ലാവ്‌റോവ് രൂക്ഷമായി വിമര്‍ശിച്ചു.
നയതന്ത്രബന്ധത്തെ തകര്‍ക്കുന്ന രീതിയാണ് സിറിയയില്‍ അമേരിക്ക സ്വീകരിച്ചത്. അമേരിക്കയുടെ ദീര്‍ഘവീക്ഷണമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ റഷ്യ സൂക്ഷ്മതയോടെ പരിശോധിക്കുന്നുണ്ട്. ട്രംപ് അധികാരത്തിലേറിയ ശേഷം വിദേശകാര്യ ഡിപ്പാര്‍ട്‌മെന്റില്‍ നിരവധി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെ
യ്തിട്ടുണ്ട്. ലാവ്‌റോവ് ആരോപിച്ചു.

ലാവ്‌റോവിന് പുറമെ വിദേശകാര്യ സഹമന്ത്രിയും വക്താവും അമേരിക്കയെയും ടില്ലെര്‍സണിനെയും രൂക്ഷമായി ആക്ഷേപിച്ചു. സാധാരണ ഗതിയില്‍ വിദേശരാജ്യത്ത് നിന്നുള്ള പ്രതിനിധികള്‍ റഷ്യയിലെത്തുമ്പോള്‍ ലഭിക്കാറുള്ളൊരു സ്വീകരണമായിരുന്നില്ല ടില്ലെര്‍സണ്ണിന് കിട്ടിയത്.
സിറിയയെ സഹായിക്കുന്നത് ചൂണ്ടിക്കാണിച്ച് റഷ്യക്കെതിരെ ഉപരോധമടക്കമുള്ളവ ഏര്‍പ്പെടുത്തണമെന്ന് ജി7 ഉച്ചകോടിയില്‍ ഉയര്‍ന്നുവന്ന ആവശ്യങ്ങളെ എതിര്‍ത്ത് സംയമനം പാലിക്കാനാണ് അമേരിക്ക തീരുമാനിച്ചത്. സിറിയയില്‍ റഷ്യയുമായി ചേര്‍ന്ന് സൈനിക നടപടി സ്വീകരിക്കാനാണ് അമേരിക്ക ആസൂത്രണം ചെയ്യുന്നത്. എന്നാല്‍, പതിറ്റാണ്ടുകളായി സിറിയക്ക് പിന്തുണയും സൈനിക, സാമ്പത്തിക സഹായവും നല്‍കുന്ന റഷ്യ ഇത് അംഗീകരിക്കാന്‍ സാധ്യതയില്ല.