ജിഷ്ണു വിഷയത്തില്‍ എന്താണ് ഞങ്ങള്‍ക്ക് പറ്റിയ തെറ്റ്? പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി

Posted on: April 12, 2017 8:20 pm | Last updated: April 13, 2017 at 10:10 am

തളിപ്പറമ്പ്: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തിയ നീക്കം ശരിയായിരുന്നുവെന്നും സര്‍ക്കാറിന് തെറ്റുപറ്റിയെങ്കില്‍ അത് തെളിയിക്കാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സി പി എം മൊറോഴ ലോക്കല്‍ കമ്മിറ്റിക്കുവേണ്ടി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി ജെ പിയുമായും കോണ്‍ഗ്രസുമായും ബന്ധമുള്ളവരാണ് സംഭത്തില്‍ ഉള്‍പ്പെട്ട കോളേജിന്റെ മേനേജ്‌മെന്റിലുള്ളവരെന്ന് മുഖ്യമന്ത്രി ആരോപിച്ചു. സര്‍ക്കാറിന് വീഴ്ച്ചപറ്റി എന്നാരോപിക്കാനല്ലാതെ എന്ത് വീഴ്ച്ചയാണ് പറ്റിയതെന്ന് പറയാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. സര്‍ക്കാറിനെ അപമാനിക്കാനും അവഹേളിക്കാനും ശ്രമിക്കുന്നവര്‍ക്കു മുന്നില്‍ താഴ്ന്നുകൊടുക്കുന്ന പ്രശ്‌നമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. യു ഡി എഫ് ദുഷിപ്പിച്ച ഉദോഗസ്ഥരെ തിരുത്തി നേരെയാക്കാന്‍ സമയമെടുക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.