ഡി വൈ എസ് പിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് വാട്‌സ്ആപ്പില്‍ ഷെയര്‍ ചെയ്തയാള്‍ അറസ്റ്റില്‍

Posted on: April 12, 2017 11:50 am | Last updated: April 12, 2017 at 11:26 am

താമരശ്ശേരി: ഡി വൈ എസ് പി ക്കെതിരെയുള്ള സി പി എം നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വാട്‌സാപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്ത പൊതു പ്രവര്‍ത്തകനെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി ചുങ്കം സ്വദേശി കെ കെ അബ്ദുല്‍ മജീദിനെയാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത്. താമരശ്ശേരി കയ്യേലിക്കലിലുണ്ടായ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് രണ്ട് സി പി എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനെ വിമര്‍ശിച്ച് സി പി എം കൊടുവള്ളി ലോക്കല്‍ കമ്മിറ്റി അംഗം എന്‍ ആര്‍ റിനീഷ് ഫേസ്ബുക്കിലിട്ട പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ പേരിലാണ് അറസ്റ്റ്.

സി പി എം പ്രവര്‍ത്തകന്റെ കട അഗ്നിക്കിരയാക്കിയ സംഭവത്തില്‍ മൂന്നാഴ്ച പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്തില്ലെന്നാരോപിച്ച് സി പി എം നേതൃത്വം രംഗത്തെത്തിയതിനു പിന്നാലെ ബി ജെ പി അനുഭാവിയുടെ വീടിനു നേരെ അക്രമമുണ്ടായിരുന്നു. ഇതോടെ പ്രതിസന്ധിയിലായ പോലീസ് രണ്ട് സി പി എം പ്രവര്‍ത്തകരെയും മൂന്ന് ബി ജെ പി പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു. ഇതിനെ വിമര്‍ശിച്ചാണ് എന്‍ ആര്‍ റിനീഷ് താമരശ്ശേരി ഡി വൈ എസ് പിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ‘കൈക്കൂലി അവകാശമാക്കിയ ഈ ഉദ്യോഗസ്ഥന്‍ സാമ്പത്തിക നേട്ടത്തിന് സി പി എം പ്രവര്‍ത്തകരെ കള്ളക്കേസെടുത്ത് ജയിലിലടച്ചു’ എന്നു തുടങ്ങുന്ന പോസ്റ്റില്‍ ഡി വൈ എസ് പി ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. ഇതിന്റെ സ്‌ക്രീന്‍ ഷോര്‍ട്ട് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അംഗങ്ങളായ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തതിനാണ് അബ്ദുല്‍ മജീദിനെ അറസ്റ്റ് ചെയ്തത്.
പോലീസ് ആവശ്യപ്പെട്ടതു പ്രകാരം അബ്ദുല്‍ മജീദ് ഇന്നലെ രാവിലെ താമരശ്ശേരി സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു. സ്റ്റേഷനില്‍ എത്തിയ ഉടനെ മൊബൈല്‍ ഫോണ്‍ പോലീസ് വാങ്ങിവെച്ചതിനാല്‍ വിവരം പുറത്തറിയിക്കാന്‍ കഴിഞ്ഞില്ലെന്നും സി പി എം നേതാവ് സ്ഥലത്തെത്തിയ ശേഷമാണ് ഭക്ഷണം ലഭിച്ചതെന്നും അബ്ദുല്‍ മജീദ് പറഞ്ഞു.

വൈകിട്ട് അഞ്ച്മണിയോടെയാണ് ജാമ്യം അനുവദിച്ചത്.
മാര്‍ച്ച് പതിനെട്ടിന് നടന്ന സംഭവത്തിന്റെ പേരിലാണ് ഈ മാസം രണ്ടിന് വാങ്ങിയ വിലപിടിപ്പുള്ള മൊബൈല്‍ ഫോണ്‍ പരിശോധനക്കെന്ന പേരില്‍ പോലീസ് പിടിച്ചെടുത്തതെന്ന് അബ്ദുല്‍ മജീദ് പറയുന്നു. കേസില്‍ എന്‍ ആര്‍ റിനീഷും പ്രതിയാണെന്ന് എസ് ഐ സായൂജ് പറഞ്ഞു. പോലീസ് കസ്റ്റഡിയിലുള്ളയാള്‍ക്ക് മൊബൈല്‍ ഫോ ണ്‍ ഉപയോഗിക്കാന്‍ നല്‍കാനാവില്ലെന്നും അറസ്റ്റിലാണെന്ന വിവരം പോലീസാണ് ബന്ധുക്കളെ അറിയിക്കുകയെന്നും എസ് ഐ പറഞ്ഞു.