Connect with us

Kerala

മലപ്പുറം ഉപതിരഞ്ഞെടുപ്പ്: ആത്മവിശ്വാസം കൈവിടാതെ മുന്നണികള്‍

Published

|

Last Updated

മലപ്പുറം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ തികഞ്ഞ ആത്മ വിശ്വാസവുമായി മുന്നണികളും സ്ഥാനാര്‍ഥികളും. പ്രചാരണങ്ങളില്‍ ലഭിച്ച ജന പിന്തുണയും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും തങ്ങള്‍ക്ക് അനുകൂലമാകുമെന്ന ഉറപ്പിലാണ് എല്ലാ പാര്‍ട്ടി നേതാക്കളും. ഭൂരിപക്ഷം കൂട്ടാനാകുമെന്ന് യു ഡി എഫ് ക്യാമ്പ് വിശ്വസിക്കുമ്പോള്‍ പെരിന്തല്‍മണ്ണ, മങ്കട, വളളിക്കുന്ന്, കൊണ്ടോട്ടി മണ്ഡലങ്ങളിലെ നിര്‍ണായക പ്രകടനത്തിലൂടെ അട്ടിമറി സാധ്യമാകുമെന്നാണ് എല്‍ ഡി എഫ് ക്യാമ്പ് വിലയിരുത്തുന്നത്. എന്നാല്‍ 1.14 ലക്ഷം പേര്‍ പുതിയ വോട്ടര്‍മാരാണെന്നത് ഇരുമുന്നണികളുടെയും ചങ്കിടിപ്പ് കൂട്ടുകയും ചെയ്യുന്നു. ദേശീയ രാഷ്ട്രീയം ഉള്‍പ്പെടെ നിരവധി വിഷയങ്ങളാണ് പ്രചാരണത്തിന്റെ ഓരോ ദിവസവും ചര്‍ച്ചയായത്. ബീഫ് വിവാദവും സംഘ്പരിവാറിന്റെ ഫാസിസ്റ്റ് നയങ്ങളും ഇടതു-വലത് മുന്നണികള്‍ പ്രചാരണായുധമാക്കി. ജിഷ്ണുവിന്റെ അമ്മ മഹിജയെ പോലീസ് തടഞ്ഞതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കാന്‍ യു ഡി എഫും ബി ജെ പിയും ശ്രമിച്ചു. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ വന്‍പരാജയങ്ങളും മുസ്‌ലിംലീഗിന്റെ വര്‍ഗീയ നിലപാടുകളുമെല്ലാം എടുത്തിട്ട് ഇടതുപക്ഷവും തിരിച്ചടിച്ചു. മലപ്പുറം മണ്ഡലം ഇതുവരെ കാണാത്ത പ്രചാരണത്തിനാണ് ഇത്തവണ മണ്ഡലം സാക്ഷിയായത്. യു ഡി എഫിന്റെ സിറ്റിംഗ് സീറ്റായിട്ടും മുന്നണി ഒന്നടങ്കം പ്രചാരണത്തിന് ഇറങ്ങി. കോണ്‍ഗ്രസ് നേതാക്കളുടെ വന്‍പട തന്നെ പ്രചാരണത്തിനായി മലപ്പുറത്തെത്തിയത് ലീഗിനെ പോലും ആശ്ചര്യപ്പെടുത്തി. കെ പി സി സി അധ്യക്ഷനായി എം എം ഹസന്‍ ചുമതലയേറ്റെടുത്ത ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പായതിനാല്‍ അദ്ദേഹം തന്നെ പ്രചാരണത്തിന് നേതൃത്വം നല്‍കുകയാണുണ്ടായത്.

കെ പി സി സിയുടെ രാഷ്ട്രീയ കാര്യ സമിതി പോലും മലപ്പുറത്ത് ചേരുകയുണ്ടായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ മുഴുസമയ പ്രചാരണത്തില്‍ മുഴുകി. എ കെ ആന്റണി ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളെല്ലാം ഇവിടെ പ്രചാരണത്തിന് എത്തുകയും ചെയ്തു. എന്നാല്‍ മലപ്പുറത്ത് മാറ്റത്തിന്റെ കാറ്റ് വീശുമെന്നാണ് എല്‍ ഡി എഫ് നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. പ്രചാരണത്തിന്റെ ആദ്യഘട്ടങ്ങളില്‍ പിന്നിലായിരുന്ന ഇടത് ക്യാമ്പ് അവസാനമായപ്പോഴേക്ക് ഇളകി മറിയുന്നതാണ് കണ്ടത്. പൊതുയോഗങ്ങളിലും കുടുംബ യോഗങ്ങളിലുമെല്ലാം ഇടതുപക്ഷത്തിന് ഇതുവരെ ലഭിക്കാത്ത പിന്തുണയാണ് ലഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദനുമെല്ലാം അവസാന ദിവസങ്ങളില്‍ എത്തിയത് ഇടതുപ്രവര്‍ത്തകരെ ആവേശത്തിലാക്കി. കുഞ്ഞാലിക്കുട്ടിക്കെതിരെയും ബി ജെ പിക്കെതിരെയും രൂക്ഷമായാണ് വി എസ് പ്രചാരണ യോഗങ്ങളില്‍ വിമര്‍ശനം അഴിച്ചു വിട്ടത്. എം ബി ഫൈസലിന്റെ യുവത്വം വോട്ടായി മാറുമെന്ന് ഉറപ്പിച്ച് വിശ്വസിക്കുന്നുണ്ട് ഇടത് നേതാക്കളും പ്രവര്‍ത്തകരും. പുതിയ വോട്ടര്‍മാര്‍ ഇടതുപക്ഷത്തിന് അനുകൂലമായി വോട്ടു ചെയ്യുമെന്നും അവര്‍ പ്രതീക്ഷിക്കുന്നുണ്ട്. എന്‍ ഡി എ സ്ഥാനാര്‍ഥി എന്‍ശ്രീപ്രകാശ് ഒരുലക്ഷം വോട്ടാണ് പ്രതീക്ഷിക്കുന്നത്. 2014ലെ തിരഞ്ഞെടുപ്പിനേക്കാള്‍ കൂടുതലായി ലഭിക്കുന്ന ഓരോ വോട്ടും കേന്ദ്ര സര്‍ക്കാറിനുള്ള അംഗീകാരമാകുമെന്നാണ് ബി ജെ പി പറയുന്നത്. കഴിഞ്ഞ തവണ മത്സരിച്ച എസ് ഡി പിഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും ഇത്തവണ മത്സരിക്കാതെ മാറിനിന്നത് മുസ്‌ലിംലീഗിനെ സഹായിക്കാനാണെന്ന് ആരോപിച്ച ഇടതുപക്ഷം പി ഡി പിയുടെ പിന്തുണ തളളിക്കളഞ്ഞിട്ടുണ്ട്. സി പി എം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവനാണ് കഴിഞ്ഞ ദിവസം പി ഡി പിയെ തള്ളിപ്പറഞ്ഞത്. എന്നാല്‍ പിന്തുണ ഇടതുപക്ഷത്തിന് തന്നെയായിരിക്കുമെന്നും സി പി എം സംസ്ഥാന നേതാക്കളുമായാണ് തങ്ങള്‍ ചര്‍ച്ച നടത്തിയതെന്നും പി ഡി പിയും പറയുന്നു. ഇന്ന് പോളിംഗ് ബൂത്തുകളില്‍ എത്തുന്ന വോട്ടര്‍മാര്‍മാരുടെ മനസ്സ് അറിയാന്‍ 17 വരെ കാത്തിരിക്കണം.

 

Latest