ഇന്ത്യക്ക് മറുപടിയുമായി പാക്കിസ്ഥാന്‍: എന്തും നേരിടാന്‍ തയ്യാറെന്ന് നവാസ് ശരീഫ്‌

Posted on: April 12, 2017 7:32 am | Last updated: April 11, 2017 at 11:33 pm
SHARE

ഇസ്‌ലാമാബാദ്: ഇന്ത്യയടക്കമുള്ള മുഴുവന്‍ അയല്‍ രാജ്യങ്ങളോടും ഊഷ്മളമായ ബന്ധമാണ് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫ്. ഇന്ത്യന്‍ മുന്‍ നാവിക ഉദ്യോഗസ്ഥന്‍ കല്‍ഭൂഷണ്‍ ജാദവിനെ തൂക്കിലേറ്റാനുള്ള പാക് സൈനിക കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നവാസ് ശരീഫിന്റെ പ്രതികരണം.

അതേസമയം ഏത് ഭീഷണിയെയും നേരിടാന്‍ പാക്കിസ്ഥാന്‍ സായുധ സേന സജ്ജമാണെന്ന് നവാസ് വ്യക്തമാക്കി. ആധുനിക സാഹചര്യത്തില്‍ സൈന്യങ്ങള്‍ നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ട്. അവ മറികടക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ കൈകൊള്ളുക തന്നെ ചെയ്യും. സൈന്യത്തെ പിന്തുണക്കുകയെന്നത് സര്‍ക്കാറിന്റെ നയമാണെന്നും അദ്ദേഹം പറഞ്ഞു.

സൗഹൃദത്തിന്റെ കൈകള്‍ നീട്ടുന്നതില്‍ പാക്കിസ്ഥാന്‍ ഒരു മടിയും കാണിക്കില്ല. സദ്ഭാവനയുടെ ഒരു ചുവട് വെക്കുമ്പോള്‍ രണ്ട് ചുവട് അങ്ങോട്ട് വെക്കണമെന്നതാണ് പാക്കിസ്ഥാന്റെ നിലപാട്. എന്നാല്‍ സമാധാനപരമായ സഹവര്‍ത്തിത്വത്തിനുള്ള നിശ്ചദാര്‍ഢ്യത്തിനായി രാജ്യത്തിന്റെ പരമാധികാരവും സ്വാതന്ത്ര്യവും ബലികഴിക്കാനാകില്ല- ഖൈബര്‍ പക്തുന്‍ഖ്വാ പ്രവിശ്യയില്‍ പാക് വ്യോമ സേനാ അക്കാദമിയുടെ പാസ്സിംഗ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കല്‍ഭൂഷന്‍ ജാദവിന് വധശിക്ഷ വിധിച്ച നടപടിയില്‍ ഇന്ത്യ രൂക്ഷമായ പ്രതികരണമാണ് നടത്തിയിട്ടുള്ളത്. പാക് ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിതിനെ വിളിച്ച് ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. നിശ്ചയിച്ചുറപ്പിച്ച കൊലപാതകമായി മാത്രമേ ഈ വധശിക്ഷയെ കാണാനാകൂ എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here