Connect with us

Articles

സര്‍ക്കാറിന് ഇതില്‍ കൂടുതല്‍ എന്താണ് ചെയ്യാനുണ്ടായിരുന്നത്?

Published

|

Last Updated

പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണുപ്രണോയിയുടെ മരണത്തെത്തുടര്‍ന്ന് സര്‍ക്കാറിന് ചെയ്യാന്‍ കഴിയാവുന്നതെല്ലാം ചെയ്തിരുന്നു. പിന്നെ എന്ത് നേടാന്‍ വേണ്ടിയാണ് സമരം ചെയ്തതെന്ന് അറിയില്ല. മകന്‍ നഷ്ടപ്പെട്ട അമ്മയുടെ വേദന ചിലര്‍ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിച്ചു. നിര്‍ഭാഗ്യകരമായ ഒരു സംഭവത്തെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ചിലര്‍ തയ്യാറായി എന്നതാണ് യഥാര്‍ഥ പ്രശ്‌നം. ഇതില്‍ അന്വേഷണം നടക്കട്ടെ, വീഴ്ചയുണ്ടെങ്കില്‍ നടപടി എടുക്കുമെന്ന കാര്യത്തില്‍ ഒരു മാറ്റവുമില്ല.
ജിഷ്ണുവിന്റെ മരണത്തെത്തുടര്‍ന്ന് അമ്മ മഹിജക്കുണ്ടായ മാനസിക പ്രയാസം എല്ലാവര്‍ക്കും ബോധ്യമുള്ള കാര്യമാണ്. ആ കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്യാന്‍ ബാക്കിയുണ്ടായിരുന്നു. അവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡി ജി പിയെ കാണാന്‍ വന്നപ്പോള്‍ സാധാരണ ഗതിയില്‍ സംഭവിക്കാന്‍ പാടില്ലാത്ത രംഗങ്ങള്‍ ഉണ്ടായി. അതിന്റെ ഭാഗമായാണ് മഹിജ സമരം ആരംഭിച്ചത്. അത് എല്ലാവരേയും വേദനിപ്പിച്ചു. സര്‍ക്കാറിനെ ഈ വിഷയത്തില്‍ ഒരു തരത്തിലും വിമര്‍ശിക്കാത്തവര്‍ പോലും സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. സുഗതകുമാരി, സൂസൈപാക്യം ഉള്‍പ്പെടെയുള്ളവര്‍ നേരിട്ട് വിളിച്ചു. ഈ മാനസികാവസ്ഥ ഉള്ളവര്‍ പലരും ബന്ധപ്പെട്ടു. അങ്ങനെയാണ് സ്‌റ്റേറ്റ് അറ്റോര്‍ണി ജനറല്‍ കെ വി സോഹനും ജിഷ്ണുവിന്റെ കുടുംബം ആവശ്യപ്പെട്ടതനുസരിച്ച് നിയോഗിച്ച സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഉദയഭാനുവും മഹിജയുമായി സംസാരിച്ചത്.

ഏതാണ്ട് നാല് മണിക്കൂറോളം സംസാരിച്ചു. അതിനിടയില്‍ സോഹന്‍ എന്നെ ടെലിഫോണില്‍ വിളിച്ച് മഹിജയുടെ ആവശ്യങ്ങള്‍ അറിയിച്ചു. അവര്‍ക്ക് ഫോണില്‍ സംസാരിക്കണമെന്ന് പറഞ്ഞത് അനുസരിച്ച് മഹിജയുമായും ഫോണില്‍ സംസാരിച്ചു. അവര്‍ക്ക് കരഞ്ഞുകൊണ്ട് മാത്രമേ സംസാരിക്കാന്‍ കഴിയുമായിരുന്നുള്ളൂ. നിങ്ങളുടെ പരാതി ഗൗരവമായി കാണുന്നുവെന്നും പരാതിയെ സംബന്ധിച്ച് അന്വേഷിച്ച് വീഴ്ച കണ്ടാല്‍ നടപടി എടുക്കുമെന്നും ഉറപ്പുനല്‍കി. തുടര്‍ന്നും സോഹനും ഉദയഭാനുവും അവരുമായി ചര്‍ച്ച നടത്തി. തുടര്‍ന്നുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് സമരം നല്ല നിലയില്‍ അവസാനിച്ചത്.

ഈ ഫോണ്‍ വിളി നേരത്തെ നടന്നിരുന്നെങ്കില്‍ സമരം നേരത്തെ തീരുമായിരുന്നില്ലേ എന്ന് ചോദിക്കാം. എന്നാല്‍, അങ്ങനെ ഒരു ആവശ്യം നേരത്തെ ഉന്നയിച്ചിട്ടില്ല. അപ്പോഴത്തെ സ്ഥിതിയില്‍ ഞാന്‍ ഇടപെട്ടാല്‍ മാത്രം തീരുന്ന പ്രശ്‌നവുമായിരുന്നില്ല. അവര്‍ക്ക് ഏത് സമയത്തും എന്നെ കാണാന്‍ എല്ലാ സ്വാതന്ത്ര്യവുമുണ്ട്. അവര്‍ക്ക് എപ്പോഴും എന്റെ അടുത്ത് വരാനും കഴിയും. എന്നാല്‍, ഇതിനെല്ലാം പിന്നില്‍ ചിലര്‍ കളിച്ചത് കാണാതിരുന്നുകൂടാ. വേഗത്തില്‍ തീരുന്നതും തീരാത്തതുമായ പ്രശ്‌നങ്ങളായിരുന്നു. ഈ സമരം നിര്‍ഭാഗ്യകരമായ തരത്തിലാണ് വളര്‍ന്ന് വന്നത്. സര്‍ക്കാര്‍ അതിന് ഉത്തരവാദിയല്ല. കാരണം ഈ സംഭവവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എല്ലാകാര്യങ്ങളും ചെയ്തു. ഒളിവിലായിരുന്ന പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്ന നടപടി ഉള്‍പ്പെടെ ചെയ്തു. മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ സുപ്രീം കോടതി വരെ പോയി.
ഇത്തരം ഒരു സാഹചര്യത്തില്‍ ആ കുടുംബം ഒരുസമരത്തിന് പോകേണ്ടിയിരുന്നോ എന്നാണ് ചോദ്യം. എന്തായിരുന്നു അവരുടെ ആവശ്യം? എന്താണ് അവര്‍ക്ക് നേടേണ്ടിയിരുന്നത്? സര്‍ക്കാര്‍ എന്താണ് ചെയ്യാന്‍ ബാക്കിവെച്ചത്? ഒരു കാര്യവും സമരത്തിലൂടെ പുതുതായി നേടാനുണ്ടായിരുന്നുമില്ല. ജിഷ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിന് അന്നത്തെ പ്രതിപക്ഷം നടത്തിയ സമരത്തെ ഇതുമായി താരതമ്യപ്പെടുത്തുന്നത് ശരിയല്ല. അന്ന് കേസിലെ പ്രതികളെ പിടികൂടാന്‍ സര്‍ക്കാര്‍ ഒരു നടപടിയും എടുത്തില്ലെന്ന് മാത്രമല്ല, കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇവിടെ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ചു.

മഹിജ നടത്തിയ സമരം അവസാനിപ്പിക്കാന്‍ സിപി എം കേന്ദ്ര കമ്മിറ്റി ഒരു ഇടപെടലും നടത്തിയിട്ടില്ല. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ കാണാന്‍ ഒരു വക്കീല്‍ ചെന്നു. ഇങ്ങനെ ഒരു വക്കീല്‍ വന്നിട്ടുണ്ടെന്നും അയാളെ കാണട്ടെ എന്നും സീതാറാം എന്നെ വിളിച്ച് ചോദിച്ചു. കാണാന്‍ വന്നയാളെ കാണുന്നതില്‍ തെറ്റൊന്നുമില്ലല്ലോ. അങ്ങനെയാണ് ആ വക്കീല്‍ സീതാറാമിനെ കണ്ടത്. ഇതിനിടയില്‍ സീതാറാം വീണ്ടും വിളിച്ചു. സമരം തീര്‍ക്കാന്‍ ബന്ധുക്കള്‍ സന്നദ്ധമാണെന്ന് വക്കീല്‍ അറിയിച്ചതായി പറഞ്ഞു. എന്നാല്‍ ജിഷ്ണുവിന്റെ അമ്മാവന്‍ എന്ന് പറയുന്നയാള്‍ ഒരിക്കല്‍ പറഞ്ഞതല്ല, പിന്നീട് പറയുന്നതെന്ന് സീതാറാമിനെ അറിയിച്ചു. എങ്കിലും നേരിട്ട് വിളിച്ച് സംസാരിക്കാന്‍ പറഞ്ഞു. തുടര്‍ന്നാണ് ഈ വക്കീല്‍ അയാളുടെ ഫോണില്‍ അമ്മാവന്‍ എന്ന് പറയുന്ന ശ്രീജിത്തിനെ വിളിച്ചതും ഫോണ്‍ സീതാറാമിന് കൊടുത്തതും. ഇതിന്റെ അടിസ്ഥാനത്തില്‍ ജയരാജന്‍ വിളിച്ചപ്പോള്‍ ശ്രീജിത് വീണ്ടും പഴയ നില തുടര്‍ന്നു. പിന്നീടാണ് അറ്റോര്‍ണി ജനറലും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറും എത്തിയത്. തുടര്‍ന്ന് ദീര്‍ഘനേരം സംസാരിച്ചാണ് പ്രശ്‌നം തീര്‍ത്തത്.
സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മഹിജയെ കാണാന്‍ പോയി എന്നത് ശരിയാണ്. എന്നാല്‍ പ്രശ്‌നം തീരുന്നതില്‍ ഇടപെട്ടുവെന്നത് ശരിയല്ല. ആഭ്യന്തര വകുപ്പിന്റെ ഏതെങ്കിലും പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ നടപടി എടുക്കുന്നതില്‍ ഒരു മടിയുമില്ല. എന്നാല്‍, ഏതെങ്കിലും ഇല്ലാത്ത പ്രശ്‌നത്തില്‍ ഇതാ നടപടി എടുത്തോളൂ എന്ന് എത്രവലിയ ആള്‍ പറഞ്ഞാലും നടപടി ഉണ്ടാകില്ല.
സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷാജഹാനോട് എനിക്ക് വ്യക്തി വിരോധമുണ്ടെന്നാണ് മറ്റൊരു പ്രചാരണം. എനിക്കെന്ത് വ്യക്തിവിരോധമാണ്? ഷാജഹാന്റെ രക്ഷാധികാരിയായി ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയൊക്കെ വന്നിട്ടുണ്ടല്ലോ? അയാളോട് എന്തെങ്കിലും വ്യക്തിവിരോധമുണ്ടെങ്കില്‍ നടപടി എടുക്കാന്‍ ഇത്രയും വൈകിക്കേണ്ടതുണ്ടോ? സര്‍ക്കാര്‍ വന്നിട്ട് മാസമെത്രയായി. നടപടി എടുക്കാനുള്ള സാഹചര്യങ്ങള്‍ ഉണ്ടായിട്ടും നടപടി എടുത്തില്ലല്ലോ? ഇത് അവിടെ ബഹളം വെക്കാന്‍ പോയതിന്റെ ഭാഗമായി ഉണ്ടായ നടപടി മാത്രമാണ്. ഇതേക്കുറിച്ച് അന്വേഷണം നടക്കുന്നതിനാല്‍ വിശദാംശങ്ങളിലേക്ക് ഇപ്പോള്‍ പോകുന്നില്ല.

സമരത്തില്‍ ശ്രീജിത്തിന്റെ പങ്കാളിത്തത്തെക്കുറിച്ചും ഇപ്പോള്‍ പറയാന്‍ കഴിയില്ല. എന്നാല്‍ പൂര്‍ണമായും പാര്‍ട്ടിയുടെതായ കുടുംബത്തെ എങ്ങിനെ മറ്റ് ചിലര്‍ക്ക് റാഞ്ചാന്‍ കഴിഞ്ഞുവെന്നത് പരിശോധിക്കണം. ജിഷ്ണു പ്രണോയി മരിച്ച വിവരം പുറത്ത് വന്ന ഉടനെ സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടിയും എടുത്തിട്ടും ചില പ്രത്യേക തരത്തില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ സാമര്‍ഥ്യമുള്ളവര്‍ അങ്ങനെ ചെയ്തു. മുതലെടുപ്പില്‍ താത്പര്യമുള്ള ചില ശക്തികളും കൂടെക്കൂടി. മകന്‍ മരിച്ച ഒരു അമ്മയുടെ മാനസികാവസ്ഥ മുതലെടുക്കാന്‍ അങ്ങനെ ചിലര്‍ തയ്യാറായി.
പോലീസില്‍ ഉത്തരേന്ത്യന്‍ ലോബി ദക്ഷിണേന്ത്യന്‍ ലോബി എന്നൊന്നുമില്ല. ഉത്തരേന്ത്യ-ദക്ഷിണേന്ത്യ എന്നൊക്കെയുള്ള വാദങ്ങള്‍ ആര്‍ എസ്എസിന്റേതാണ്. ഇവിടെ അങ്ങനെ ഒന്നില്ല. എന്നാല്‍ സേനകളിലും മറ്റും ആര്‍ എസ് എസ് നുഴഞ്ഞുകയറ്റമെന്നത് വലി യ ചോദ്യമാണ്. ആര്‍ എസ് എസ് പല തരത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഗൗരവത്തോടെ രാജ്യമാകെ കാണണം.

Latest