ഗെയിം കാണിക്കാന്‍ വിളിച്ചുവരുത്തി ആദ്യം അമ്മയെ കൊന്നു

Posted on: April 11, 2017 11:30 pm | Last updated: April 11, 2017 at 11:22 pm
നന്തന്‍കോട് കൂട്ടക്കൊലപാതക കേസില്‍ പിടിയിലായ കേദലിനെ പോലീസ് വാഹനത്തില്‍ കൊണ്ടുപോകുന്നു

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലപാതക കേസിലെ പ്രതി കേദല്‍ ആദ്യം കൊന്നത് അമ്മയെ. കഴിഞ്ഞ ബുധനാഴ്ച മണിക്കൂറുകളുടെ ഇടവേളയിലാണ് അമ്മയെയും അച്ഛനെയും സഹോദരിയെയും കേദല്‍ കൊലപ്പെടുത്തിയത്. താനുണ്ടാക്കിയ കമ്പ്യൂട്ടര്‍ ഗെയിം കാണിക്കാമെന്ന് പറഞ്ഞ് മുറിയില്‍ വിളിച്ചുവരുത്തിയാണ് അമ്മ ജീന്‍ പദ്മയെ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്.

രാവിലെ പത്ത് മണിക്ക് അമ്മ ഡോ. ജീന്‍ പദ്മ ഒരു ബന്ധുവിനെ വിളിച്ചിരുന്നു. ഇതിനുശേഷമാണ് കൊലപാതകം നടന്നത്. ഉച്ചക്കാണ് അച്ഛന്‍ രാജതങ്കവും സഹോദരി കരോലിനും പുറത്തുനിന്ന് എത്തുന്നത്. താഴത്തെ നിലയില്‍ കേദല്‍ കുടുംബാംഗങ്ങളോടൊപ്പം ഇരുന്ന് ആഹാരം കഴിച്ചു. ഇതിനിടെ വൃദ്ധസദനത്തിലുള്ള ബന്ധു ലളിതയെ രാജതങ്കം വിളിച്ചു. ഇതിന് ശേഷം ആദ്യം കരോലിനാണ് മുകളിലെത്തി മുറിയിലേക്ക് പോയത്. പിന്നാലെ അച്ഛനും പോയി. രണ്ട് പേരെയും മുറിയിലേക്ക് വിളിപ്പിച്ചായിരുന്നു കൊലചെയ്തതെന്നാണ് കേദലിന്റെ മൊഴി. ശേഷം മൃതദേഹങ്ങള്‍ മുറിയിലെ കുളിമുറിയില്‍ കൊണ്ടിട്ടു.
കൊലപാതകത്തിന് ശേഷം മൃതദേഹങ്ങള്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. ഇടക്ക് തീയണക്കാന്‍ ശ്രമിച്ചപ്പോഴാണ് പൊള്ളലേറ്റത്. തീ ആളി പടര്‍ന്നപ്പോള്‍ രക്ഷപ്പെടുകയായിരുന്നു. കൊല്ലപ്പെട്ടവരുടെ തലക്ക് പുറകില്‍ മഴുകൊണ്ട് വെട്ടിയ പാടുണ്ട്. ആഴത്തിലുള്ള ഈ വെട്ട് മൂലമാണ് മൂന്ന് പേരും മരിച്ചത്. തലയോട്ടിക്ക് വെട്ടിയുള്ള കൊല ആസ്ട്രല്‍ പ്രൊജക്ഷന്റെ ഭാഗവുമാണ്.

ഓണ്‍ലൈന്‍ വഴി മാസങ്ങള്‍ക്ക് മുമ്പ് മഴു വാങ്ങി. മാസങ്ങള്‍ക്കമുമ്പ് ഒരു ആള്‍രൂപമുണ്ടാക്കി മുറിക്കുള്ളില്‍ വെച്ചിരുന്നു. വീട്ടില്‍ തീയിട്ടശേഷം ചെന്നൈയിലേക്ക് പോയി. 5000 രൂപ നല്‍കി ഒരു ലോഡ്ജില്‍ മുറിയെടുത്തു. ടി വിയില്‍ ഫോട്ടോ കണ്ട് അവിടെ നിന്ന് രക്ഷപ്പെട്ടു. വീണ്ടും ട്രെയിനില്‍ തമ്പാനൂരിലെത്തി. റെയിവെ സ്റ്റേഷനില്‍ വച്ച് താടിവടിക്കുന്നതിനിടെയാണ് പോലീസ് പിടികൂടുന്നത്. പത്ത് വര്‍ഷത്തോളമായി കേദല്‍ സാത്താന്‍ സേവ നടത്തുന്നുണ്ടെന്നാണ് ചോദ്യം ചെയ്യലില്‍ പോലീസിന് മനസിലാക്കാനായത്. വിദേശത്തുവെച്ചാണ് ആഭിചാര ശൈലികളോട് കൂടുതല്‍ ഇഷ്ടമുണ്ടായതെന്നാണ് ഇയാളുടെ മൊഴി. ഓസ്‌ട്രേലിയയില്‍ നിന്ന് നാട്ടിലെത്തിയപ്പോള്‍ ഏകാന്ത ജീവിതത്തിലേക്ക് കടന്നു. ഇന്റര്‍നെറ്റ് സൗഹൃദമാകാം എല്ലാത്തിനും പിന്നിലെന്ന നിഗമനത്തിലാണ് പോലീസ്. കേരളത്തില്‍ ആളുകളെ ഇതിലേക്ക് അടുപ്പിക്കുന്ന സംഘങ്ങളുണ്ടോയെന്നും പോലീസ് പരിശോധിക്കും. അവരുടെ പ്രചോദനം കൊലയിലേക്ക് കേദലിനെ നയിച്ചോ എന്നതും പരിശോധിക്കും.