ബേസ് ബെംഗളൂരുവെന്ന് റിപ്പോര്‍ട്ട്‌

Posted on: April 11, 2017 7:33 pm | Last updated: April 11, 2017 at 6:44 pm

ദോഹ: ഇന്ത്യയില്‍ ഖത്വര്‍ എയര്‍വേയ്‌സിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള വിമാന കമ്പനിയുടെ ബേസ് ബെംഗളൂരു ആയിരിക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ മലേഷ്യയുടെ എയര്‍ഏഷ്യ, ഇന്ത്യയുടെ ടാറ്റ സണ്‍സ് സംയുക്ത കമ്പനിയായ എയര്‍ഏഷ്യ ഇന്ത്യ മാത്രമാണ് ബെംഗളൂരു ബേസ് ആയി പ്രവര്‍ത്തിക്കുന്നത്.

ഡല്‍ഹി, മുംബൈ എന്നിവക്ക് പകരം ബെംഗളൂരു ബേസ് ആക്കാനാണ് ഖത്വര്‍ എയര്‍വേയ്‌സ് താത്പര്യപ്പെടുന്നതെന്ന് വിപണി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ ബിസിനസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ നിന്ന് മറ്റിടങ്ങളിലേക്ക് ആഭ്യന്തര സര്‍വീസ് നടത്താനാണ് കമ്പനി ആദ്യഘട്ടത്തില്‍ ശ്രദ്ധയൂന്നുന്നത്. തുടര്‍ന്ന് മറ്റ് മേഖലകളിലേക്കും വ്യാപിപ്പിക്കും. ഇന്ത്യയിലേക്ക് ഖത്വര്‍ എയര്‍വേയസ് സര്‍വീസ് നടത്തുന്ന 13 കേന്ദ്രങ്ങളില്‍ ആറും ദക്ഷിണേന്ത്യയിലേക്കാണ്.
ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങുന്നതിന്റെ ഭാഗമായി ഖത്വര്‍ എയര്‍വേയ്‌സ് ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം വാര്‍ത്തയുണ്ടായിരുന്നു. ജപ്പാനെ പിന്തള്ളി യു എസ്, ചൈന എന്നിവക്ക് പിന്നാലെ മൂന്നാം സ്ഥാനത്താണ് ആഭ്യന്തര വിമാന യാത്രാ വിപണിയില്‍ ഇന്ത്യ. ഇന്ത്യയില്‍ വിമാന കമ്പനി ആരംഭിക്കാന്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് കേന്ദ്ര സര്‍ക്കാര്‍ അവസരമൊരുക്കിയതായി കഴിഞ്ഞ മാസം ഖത്വര്‍ എയര്‍വേയ്‌സ് സി ഇ ഒ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ ജൂണില്‍ വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യയിലെ വിമാന കമ്പനികളുടെ 100 ശതമാനം ഓഹരികള്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കി നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ ഇളവ് വരുത്തിയിരുന്നു. ഇന്ത്യന്‍ കമ്പനികളില്‍ 49 ശതമാനം നിക്ഷേപം നടത്താനാണ് വിദേശ വിമാന കമ്പനികള്‍ക്ക് നിലവില്‍ സാധിക്കുക. അതേസമയം ഇളവ് അനുസരിച്ച്, വിമാന കമ്പനിയല്ലാത്ത വിദേശ കമ്പനിയുമായി ചേര്‍ന്ന് വിദേശ വിമാന കമ്പനിക്ക് നൂറ് ശതമാനം വിദേശ ഉടമസ്ഥതയില്‍ ഇന്ത്യയില്‍ വിമാന കമ്പനി തുടങ്ങാം. ഇതുപ്രകാരമാണ് ഖത്വര്‍ എയര്‍വേയ്‌സ് പ്രത്യേക കമ്പനി സ്ഥാപിച്ച് ഇന്ത്യയില്‍ ആഭ്യന്തര സര്‍വീസ് നടത്താന്‍ നീങ്ങുന്നത്.
അതേസമയം ഖത്വര്‍ എയര്‍വേയ്‌സിന്റെ പുതിയ നീക്കത്തിനെതിരെ ഇന്ത്യന്‍ വിമാന കമ്പനികള്‍ എതിര്‍പ്പ് ഉയര്‍ത്തിയിട്ടുണ്ട്. ആഭ്യന്തര ഇന്ത്യന്‍ കമ്പനികളുടെ പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതിയായ മെയ്ക് ഇന്‍ ഇന്ത്യ നയത്തിന് വിരുദ്ധമാണ് ഈ നീക്കമെന്ന് സ്‌പൈസ് ജെറ്റ് ചെയര്‍മാന്‍ അജയ് സിംഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.