കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ നല്‍കിയ പാക്ക് സൈനിക കോടതി നടപടിയില്‍ ശക്തമായി പ്രതിഷേധിച്ച് ഇന്ത്യ

Posted on: April 11, 2017 2:05 pm | Last updated: April 11, 2017 at 9:12 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവിക സേനയിലെ മുന്‍ കമാന്‍ഡര്‍ കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ നല്‍കിയ പാക്ക് സൈനിക കോടതി നടപടിയില്‍ ശക്തമായി പ്രതിഷേധിച്ച് ഇന്ത്യ. ശിക്ഷ നടപ്പാക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോയാല്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് വിദേശകാര്യമന്ത്രി സുഷമസ്വരാജ്പറഞ്ഞു. ജാദവിനെതിരായ കുറ്റങ്ങള്‍ പരിഹാസ്യമാണ്. രാജ്യാന്തര ചട്ടങ്ങള്‍ പാക്കിസ്ഥാന്‍ പാലിച്ചില്ല. പാക്ക് തീരുമാനം ഉഭയകക്ഷി ബന്ധത്തെ ബാധിക്കും. ജാദവിനെതിരെ തെളിവുകളൊന്നുമില്ല. ആസൂത്രിത കൊലപാതകത്തിന്റെ നീക്കം മാത്രമാണിത്. ജാദവിനെ രക്ഷിക്കാന്‍ ഏതറ്റം വരെയും പോകും. ഇതിനായി നല്ലൊരു വക്കീലിനെ ഏര്‍പ്പെടുത്തുകയെന്നത് വളരെ ചെറിയൊരു കാര്യമാണ്. രാഷ്ട്രപതിയോട് ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കും. മുതിര്‍ന്ന പാക്ക് നേതാവു തന്നെ വധശിക്ഷ സംബന്ധിച്ച സംശയങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. സുഷമസ്വരാജ് പാര്‍ലമെന്റില്‍ പറഞ്ഞു.

കുല്‍ഭൂഷണ്‍ ജാദവിനു വധശിക്ഷ വിധിച്ചതില്‍ അടിസ്ഥാന നിയമം പോലും അട്ടിമറിക്കപ്പെട്ടുവെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ജാദവിന് നീതി ലഭിക്കാന്‍ എല്ലാ മാര്‍ഗങ്ങളും സര്‍ക്കാര്‍ സ്വീകരിക്കും. അദ്ദേഹത്തിന് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉണ്ടെന്നാണ് പാക്ക് സര്‍ക്കാര്‍ ആദ്യം പറഞ്ഞിരുന്നത്. പാസ്‌പോര്‍ട്ടുള്ളയാള്‍ എങ്ങനെയാണ് ചാരനാകുന്നതെന്നും രാജ്‌നാഥ് ചോദിച്ചു.

ഇന്ത്യയുടെ ചാരസംഘടനയായ റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ് (റോ) ഉദ്യോഗസ്ഥനാണു കുല്‍ഭൂഷണ്‍ ജാദവെന്നായിരുന്നു പാക്കിസ്ഥാന്റെ ആരോപണം. 2016 മാര്‍ച്ച് മൂന്നിന് ഇറാനില്‍നിന്നു പാക്കിസ്ഥാനിലേക്കു കടക്കാന്‍ ശ്രമിക്കവെയാണ് ജാദവിനെ പാക്ക് പൊലീസ് പിടികൂടിയത്. ജാദവിനു ബലൂചിസ്ഥാനിലെ ഭീകരസംഘടനയായ ഹാജി ബലൂചുമായി ബന്ധമുണ്ടെന്നാണ് പാക്കിസ്ഥാന്‍ ആരോപിക്കുന്നത്.