ബി ജെ പിയിലേക്ക് ആരെയും സ്വീകരിക്കും: കുമ്മനം

Posted on: April 11, 2017 8:52 am | Last updated: April 11, 2017 at 1:11 am

മലപ്പുറം: ബി ജെ പിയിലേക്ക് ആര് വന്നാലും സ്വീകരിക്കുമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ബി ജെ പിയുടെ കവാടം തുറന്ന് വെച്ചിരിക്കുകയാണ്. കോണ്‍ഗ്രസില്‍ നിന്ന് ബി ജെ പിയിലേക്ക് വരുന്ന നാല് പേര്‍ ആരാണെന്ന് കോടിയേരി തന്നെ വ്യക്തമാക്കണം.

ഇക്കാര്യം ബി ജെ പിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ കാലിനടിയിലെ മണ്ണ് ചോര്‍ന്നു പോയിക്കൊണ്ടിരിക്കുകയാണ്. ബി ജെ പിക്കെതിരെ ശിവസേന പിന്തുണയുള്ള മറ്റൊരു സ്ഥാനാര്‍ഥി മത്സരിക്കുന്നത് തിരിച്ചടിയാവില്ല. ജിഷ്ണുവിന്റെ അമ്മക്ക് സാമൂഹ്യ നീതി ഉറപ്പാക്കുന്നതിനു കരാര്‍ എഴുതേണ്ട അവസ്ഥയാണ് കേരളത്തിലേത്. കോണ്‍ഗ്രസ് നേതാക്കളുമായി പാര്‍ട്ടി വിടുന്നവരുടെ കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. സി പി എമ്മുകാരും പാര്‍ട്ടി വിട്ടുപോകുമോയെന്ന പേടിയാണ് കോടിയേരിക്കെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ എത്ര വോട്ട് കിട്ടുമെന്ന് കൃത്യമായി പറയാന്‍ കഴിയില്ല.

കഴിഞ്ഞ തവണ കിട്ടിയതിനേക്കാള്‍ വോട്ട് കൂടും. ഡി ജി പി ലോക്‌നാഥ് ബഹ്‌റയെ മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കേരളത്തിലും പശുവിനെ അറുക്കാന്‍ സമ്മതിക്കില്ലെന്ന ബി ജെ പി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്റെ പരാമര്‍ശത്തെ കുറിച്ച് അറിയില്ലെന്നും കുമ്മനം പറഞ്ഞു.