Connect with us

National

ഇന്ത്യ- പാക് ബന്ധം വഷളാകുന്നു

Published

|

Last Updated

കറാച്ചി/ ന്യൂഡല്‍ഹി: ചാരവൃത്തി ആരോപിച്ച് പാക്കിസ്ഥാന്‍ പിടികൂടിയ ഇന്ത്യന്‍ നാവികസേനാ മുന്‍ ഉദ്യോഗസ്ഥനെ പാക് സൈനിക കോടതി വധശിക്ഷക്ക് വിധിച്ചു. രഹസ്യാന്വേഷണ സംഘടനയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗിന് (റോ) വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ചാണ് നാവികസേനാ മുന്‍ ഉദ്യോഗസ്ഥനായ കല്‍ഭൂഷണ്‍ ജാദവിനെ പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്തത്. കോടതി വിധിക്കു പിന്നാലെ പാക്കിസ്ഥാനെതിരെ ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ രംഗത്തെത്തി.

പാക് കോടതി നടപടി അപഹാസ്യമാണെന്നും വിധി നടപ്പാക്കിയാല്‍ അതിനെ “മുന്‍കൂട്ടി നിശ്ചയിച്ച കൊലപാതക”മെന്ന് മാത്രമേ പറയാനാകൂവെന്നും ഇന്ത്യ വ്യക്തമാക്കി.
ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിത്തിനെ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ വിളിച്ചുവരുത്തിയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. വിധി അപഹാസ്യമാണെന്നും ജാദവിനെതിരെ വ്യക്തമായ തെളിവുകളില്ലെന്നും ജയശങ്കര്‍ പറഞ്ഞു. കല്‍ഭൂഷണ്‍ ജാദവിനെ ഇറാനില്‍ കാണാതായതാണെന്നും പിന്നീട് പാക്കിസ്ഥാനില്‍ വെച്ച് പിടികൂടിയതിന്റെ വിശ്വസനീയമായ കാരണം വ്യക്തമാക്കാന്‍ സാധിച്ചിട്ടില്ലെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. ഒരു ഇന്ത്യന്‍ പൗരനെതിരെ വധശിക്ഷ വിധിക്കുമ്പോള്‍ പ്രാഥമിക നീതി നടപ്പിലാക്കല്‍ രീതിപോലും നിര്‍വഹിക്കപ്പെടുന്നില്ലെങ്കില്‍ ഇന്ത്യന്‍ ജനതക്കും സര്‍ക്കാറിനുമതിനെ മുന്‍കൂട്ടി നിശ്ചയിച്ച കൊലപാതകമായി മാത്രമേ കണക്കാക്കാനാകൂവെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യന്‍ നാവികന്റെ വധശിക്ഷ പാക്കിസ്ഥാന്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ വെച്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മൂന്നിനാണ് കല്‍ഭൂഷണ്‍ ജാദവിനെ പിടികൂടിയതെന്നാണ് പാക്കിസ്ഥാന്‍ പറയുന്നത്. നാവിക സേനയില്‍ പ്രവര്‍ത്തിച്ച ജാദവ് പിന്നീട് റോയില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുകയായിരുന്നുവെന്നാണ് പാക്കിസ്ഥാന്റെ വാദം. ചാരവൃത്തി, വിധ്വംസക പ്രവൃത്തി എന്നീ കുറ്റങ്ങള്‍ക്ക് സൈനിക കോടതി വിചാരണ ചെയ്ത ശേഷമാണ് വധശിക്ഷ വിധിച്ചതെന്ന് പാക് സൈനിക വക്താവ് അറിയിച്ചു. കല്‍ഭൂഷണ്‍ യാദവിനു മേല്‍ ചുമത്തപ്പെട്ട എല്ലാ കുറ്റങ്ങളും തെളിയിക്കപ്പെട്ടതിനാലാണ് വധശിക്ഷക്ക് വിധിച്ചതെന്നാണ് പാക്കിസ്ഥാന്റെ ന്യായീകരണം. പാക് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്‌വ വധശിക്ഷ ശരിവെച്ചതായി സൈന്യം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പാക് സൈന്യത്തിന്റെ മാധ്യമ വിഭാഗമായ ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് (ഐ എസ് പി ആര്‍) ആണ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്.

ജാദവ് മജിസ്‌ട്രേറ്റിന് മുമ്പാകെ കുറ്റസമ്മതം നടത്തുന്ന വീഡിയോ പാക്കിസ്ഥാന്‍ പിന്നീട് പുറത്തുവിട്ടിരുന്നു. നാവികസേനയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് കല്‍ഭൂഷണ്‍ ജാദവെന്ന് ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാള്‍ക്ക് റോയുമായി യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു.