Connect with us

Articles

എന്റെ ശൈഖുനാ

Published

|

Last Updated

പാണ്ഡിത്യം, ബുദ്ധി, ദര്‍സ് നടത്താനുള്ള കഴിവ്, ഗ്രാഹ്യ ശക്തി, നേതൃപാടവം, തഖ്‌വ, വിനയം എന്നിവ സമ്മേളിച്ച മഹത്‌വ്യക്തിയായിരുന്നു മര്‍ഹൂം ഇമ്പിച്ചാലി ഉസ്താദ്.

കാന്തപുരത്തിന് തൊട്ടടുത്ത പ്രദേശമായ മങ്ങാട് ജുമുഅത്ത് പള്ളിയില്‍ എന്റെ ജേഷ്ഠന്‍ മുഹമ്മദ് ഹാജി പഠിക്കുന്നതിനാല്‍ ഇടക്കിടെ അദ്ദേഹത്തിന്റെ കൂടെ അവിടെ പോകാറുണ്ടായിരുന്നു. എന്റെ പിതാവ് ജീവിതകാലത്ത് ജുമുഅക്ക് പോയിരുന്നത് മങ്ങാട് ജുമുഅത്ത് പള്ളിയിലായിരുന്നു. അന്ത്യവിശ്രമം കൊള്ളുന്നതും അവിടെത്തന്നെ. ഇക്കാരണത്താല്‍ അവിടെ ചെറുപ്പത്തില്‍ ജുമുഅ നിര്‍വഹിക്കാന്‍ പോകാറുണ്ടായിരുന്നു. അപ്പോഴെല്ലാം അവിടെ ദര്‍സ് നടത്തിയിരുന്ന മുദരിസുമാരുമായി ബന്ധപ്പെടുന്ന കൂട്ടത്തില്‍ ഇമ്പിച്ചാലി ഉസ്താദുമായും അന്ന് ഞാന്‍ ബന്ധപ്പെട്ടിട്ടുണ്ട്. പ്രമുഖരായ നാല്‍പതോളം മുതഅല്ലിമീങ്ങള്‍ ഉസ്താദിന്റെ കീഴില്‍ പഠിക്കുന്നുണ്ടായിരുന്നു.
ഒരിക്കല്‍ അവേലത്ത് പുഴമാട്ടില്‍ വെച്ച് ബാഫഖി തങ്ങളും സി എച്ച് മുഹമ്മദ് കോയയും പങ്കെടുക്കുന്ന ഒരു മുസ്‌ലിം ലീഗ് സമ്മേളനം നടന്നു. അന്ന് തന്നെ മങ്ങാട് മഹല്ലിന്റെ തൊട്ടടുത്ത എളേറ്റില്‍ വട്ടോളിയില്‍ ഖാന്‍ ബഹദൂര്‍ ആറ്റക്കോയ തങ്ങളും മറ്റു പ്രഗല്‍ഭരും പങ്കെടുക്കുന്ന കോണ്‍ഗ്രസ് സമ്മേളനവും. ആര്‍ മരക്കാര്‍ ഹാജി കോണ്‍ഗ്രസുകാരനാണ്. കോണ്‍ഗ്രസ് സമ്മേളനത്തിന് പറഞ്ഞയക്കണമെന്ന് ആര്‍ മരക്കാര്‍ ഹാജി അഭ്യര്‍ഥിച്ചിരുന്നു. അസര്‍ കഴിഞ്ഞപ്പോള്‍ ദര്‍സ് വിദ്യാര്‍ത്ഥികളായ 6 പേര്‍ ലീഗ് സമ്മേളനത്തിന് പോകാന്‍ അനുവാദം ചോദിച്ചു. ഉസ്താദ് പറഞ്ഞു. “കോണ്‍ഗ്രസ് സമ്മേളനത്തിന് പോകാന്‍ മരക്കാര്‍ ഹാജി പറഞ്ഞിട്ടുണ്ട്.” അദ്ദേഹം നമ്മുടെ ദര്‍സ് നടത്തുന്ന ആളാണ്. മാത്രമല്ല, രാഷ്ട്രീയക്കാര്‍ ആരായാലും അവരുടെ സമ്മേളനത്തന് മുതഅല്ലിമുകള്‍ പോകരുത്. നിങ്ങള്‍ ഓതിപ്പഠിക്കുക. ഇരു സമ്മേളനത്തിനും ആരെയും അയക്കുന്നില്ല എന്നാണ് എന്റെ തീരുമാനം.
ബാഫഖി തങ്ങള്‍ വലിയ മഹാനല്ലേ? അതിനാല്‍ അവിടെ പങ്കെടുക്കണമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ആറ്റക്കോയ തങ്ങളും മഹാന്‍ തന്നെ. രണ്ട് മഹാന്മാരെയും നമുക്ക് ബഹുമാനിക്കാം. ആദരിക്കാം. ഇപ്പോള്‍ രണ്ട് കൂട്ടരും രാഷ്ട്രീയക്കാരായിട്ടാണ് വരുന്നത്. അത് നമുക്ക് വേണ്ട. ഉസ്താദ് തിരിച്ചടിച്ചു. ഈ ആറു വിദ്യാര്‍ഥികളല്ലാത്ത എല്ലാവരും ഉസ്താദിന്റെ വാക്കുകള്‍ സ്വീകരിച്ചു. മര്‍ഹൂം ശൈഖ് മുഹമ്മദ് അബൂബക്കര്‍ സി എം വലിയുല്ലാഹി അവര്‍കളും അന്ന് അവിടെ പഠിക്കുന്നുണ്ടായിരുന്നു. അവര്‍ ഉസ്താദ് പറഞ്ഞത് അനുസരിച്ചു. ഈ ആറ് പേര്‍ ഉസ്താദിന്റെ വാക്ക് ധിക്കരിച്ച് ലീഗ് യോഗത്തിന് പോയി. മഗ്‌രിബ് നിസ്‌കാരാനന്തരം പള്ളിയില്‍ ഹാജറെടുത്തപ്പോള്‍ ആറ് പേരെ കണ്ടില്ല. മസ്‌ലഹത്ത് നിര്‍ദേശിച്ച ഉസ്താദിന്റെ വാക്കുകള്‍ പരസ്യമായി ധിക്കരിച്ച ഇവരെ ദര്‍സില്‍ നിന്ന് ഉസ്താദ് നീക്കം ചെയ്തു.

ലീഗ് സമ്മേളനത്തിന് പോയതിനാല്‍ വിദ്യാര്‍ഥികളെ പുറം തള്ളി എന്ന് ഒരു വിഭാഗവും കോണ്‍ഗ്രസ് സമ്മേളനത്തിന് പോയതിനാല്‍ വിദ്യാര്‍ഥികളെ പുറം തള്ളി എന്ന് മറ്റൊരു വിഭാഗവും ഉസ്താദിനെ ആക്ഷേപിച്ചു. ജീവിതത്തിലൊരിക്കലും ഒരു രാഷ്ട്രീയ കക്ഷിയുമായി ബന്ധമില്ലാത്ത നിഷ്‌കളങ്കനായ ഉസ്താദ് ഒന്നും പ്രതികരിച്ചില്ല. ജുമുഅക്ക് ശേഷം പള്ളിയില്‍ വെച്ച് കാര്യങ്ങള്‍ അവിടെയുള്ളവര്‍ക്ക് വിവരിച്ചുകൊടുത്തു. അക്കാലത്ത് ഞാന്‍ ഉസ്താദിന്റെ കീഴില്‍ പഠിച്ചിരുന്നില്ല. അന്ന് ഞാന്‍ ശംസുല്‍ ഉലമ ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍ (ന.മ)അവര്‍കളുടെ ശിഷ്യനും സൂഫി വര്യനുമായ മര്‍ഹൂം പോക്കര്‍ കുട്ടി ഉസ്താദിന്റെ കീഴിലാണ് പഠിക്കുന്നത്. പിന്നീട് ഇമ്പിച്ചാലി ഉസ്താദ് മങ്ങാട് ദര്‍സില്‍ നിന്ന് കോളിക്കല്‍ ജുമുഅത്ത് പള്ളി ദര്‍സിലേക്ക് മാറി. മര്‍ഹൂം ആര്‍ മരക്കാര്‍ഹാജി തന്നെയാണ് പ്രസ്തുത ദര്‍സും നടത്തിവന്നത്. മഹല്ലി, ജംഉല്‍ ജവാമിഅ്, ശറഹുല്‍ അഖാഇദ്, മിശ്കാത്ത് തുടങ്ങിയ കിതാബുകള്‍ ഞാന്‍ ഉസ്താദിന്റെ കീഴില്‍ പഠിച്ചിട്ടുണ്ട്. ഉസ്താദ് മുഴുവന്‍ ഫന്നുകളും(വിഷയം) അറിയുന്ന ആളും കഴിവുറ്റ പണ്ഡിതനുമായിരുന്നു. പക്ഷേ, ഫിഖ്ഹിലാണ്(കര്‍മ്മശാസ്ത്രം) ഏറ്റവും വലിയ കഴിവ് പ്രകടിപ്പിച്ചത്. ഏത് മസ്അലയിലും ചോദ്യം വന്നാല്‍ കിതാബ് മറിച്ച് നോക്കാതെ തന്നെ മറുപടി പറയുമായിരുന്നു. ഇല്‍മുല്‍ ഫറാഇളില്‍ (അനന്തരാവകാശ സ്വത്ത്-വിഭജനപരിജ്ഞാനം) പേനയും കടലാസും ഇല്ലാതെ മനക്കണക്ക് കൂട്ടി സ്വത്ത് ഓഹരി ചെയ്തു കൊടുക്കാന്‍ സാധിക്കുമായിരുന്നു. സ്റ്റേജില്‍ വാദപ്രതിവാദം നടത്തുന്ന പരിചയമില്ലെങ്കിലും മുഴുവന്‍ വിഷയങ്ങളിലും കിതാബുകളില്‍ നിന്ന് എടുത്തുകൊടുക്കാനുള്ള ഉസ്താദിന്റെ കഴിവ് അവര്‍ണനീയമാണ്.
ഉസ്താദ് കോളിക്കല്‍ ജുമുഅത്ത് പള്ളിയില്‍ ദര്‍സ് നടത്തുന്ന കാലം കൊടിയത്തൂര്‍ ഖാളി അബ്ദുല്‍ അസീസ് മുസ്‌ലിയാരുമായി വാദപ്രതിവാദം നടന്നു. വിഷയം “ജുമുഅ ഖുതുബ” സ്ഥലം കോളിക്കല്‍ ജുമുഅത്ത് പള്ളി അങ്കണം. ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍ അവര്‍കള്‍ക്ക് ആവശ്യമായ മുഴുവന്‍ ഇബാറത്തുകളും കിതാബില്‍ നിന്ന് എടുത്ത് കൊടുത്തത് ഇമ്പിച്ചാലി ഉസ്താദായിരുന്നു. ഞങ്ങളെല്ലാം മുതഅല്ലിമീങ്ങളായതിനാല്‍ അന്ന് സ്റ്റേജിലേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. ഫിഖ്ഹിന്റെ ഇബാറത്തുകള്‍ കൊണ്ട് കസര്‍ത്ത് നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഖാളിയാരെ ഇ കെയും ഇമ്പിച്ചാലി ഉസ്താദും നിലംപതിപ്പിച്ചു. ഖാളിയും വാദം പൊള്ളയാണെന്നു വ്യക്തമാക്കപ്പെട്ടു. ജുമുഅ ഖുതുബ അവശ്യഘടകങ്ങളും അല്ലാത്തവയും അറബിയില്‍ തന്നെ ആവണമെന്നും അല്ലാത്തവ ബാത്വിലാണെന്നും ഫിഖ്ഹിന്റെ അടിസ്ഥാനത്തില്‍ തന്നെ സമര്‍ഥിച്ചത് “ഖാളി” സമ്മതിക്കാന്‍ നിര്‍ബന്ധിതനായി. വാദപ്രതിവാദം കഴിഞ്ഞപ്പോള്‍ ഖാളിയാരെ തിരിച്ചയക്കാന്‍ ആരുമുണ്ടായില്ല. സുന്നികള്‍ തന്നെയാണ് അയാളെ വീട്ടിലെത്തിച്ച് കൊടുത്തത്.
പില്‍ക്കാലത്ത് ഉസ്താദ് കോളിക്കല്‍ ജുമുഅത്ത് പള്ളിയില്‍ നിന്നും വിട്ട്, ഉള്ളാള്‍, ഇരിക്കൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും ദര്‍സ് നടത്തി. ഒടുവില്‍ ജാമിഅ മര്‍ക്കസുസ്സഖാഫത്തിസ്സുന്നിയ്യയില്‍ സ്വദര്‍ മുദരിസും, ശൈഖുല്‍ ഫിഖ്ഹുമായി സേവനമനുഷ്ഠിച്ചു. സഖാഫികളും അല്ലാത്തവരുമായ നിരവധി ശിഷ്യഗണങ്ങളുള്ള ഉസ്താദ് ലളിതമായ ജീവിതത്തിന്റെ ഉടമയായിരുന്നു. മര്‍കസില്‍ ദര്‍സ് നടത്തുന്ന കാലം വാഹനം മര്‍കസ് വകയില്‍ കൊടുത്താലും അത്യപൂര്‍വമായി അത് സ്വീകരിക്കുമെങ്കിലും പലപ്പോഴും മര്‍കസില്‍ നിന്നും സ്വന്തം നാടായ കുറ്റിക്കാട്ടൂരിലേക്ക് ഏഴ് കിലോമീറ്ററോളം നടക്കുമായിരുന്നു. ചോദിച്ചാല്‍ അതില്‍ ചെലവ് കുറവും ആരോഗ്യത്തിന് നന്മയും ഉണ്ടെന്ന് പറയും. മര്‍ഹൂം കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍, മര്‍ഹും മലയമ്മ അബൂബക്കര്‍ മുസ്‌ലിയാര്‍, പറവണ്ണ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, തുടങ്ങിയ നിരവധി പ്രഗത്ഭ പണ്ഡിതന്മാരില്‍ നിന്നും ഓതിപ്പഠിച്ചു. മൂന്ന് വര്‍ഷം ഞാന്‍ ഉസ്താദിന്റെ അടുത്ത് പഠിച്ചിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ ഏറ്റവും നിര്‍ണായക ഘട്ടമായിരുന്നു അത്. തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാര്‍, സി എം വലിയ്യുല്ലാഹി, ഇ കെ ഹസന്‍ മുസ്‌ലിയാര്‍, കല്‍ത്തറ അബ്ദുല്‍ ഖാദിര്‍ മദനി, ഇ കെ മുഹമ്മദ് ദാരിമി, മര്‍ഹൂം മുന്നിയൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍, പെരുമുഖം ബീരാന്‍ കോയ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ പ്രധാന ശിഷ്യന്മാരില്‍ പെടുന്നു.
മര്‍കസില്‍ മുദര്‍രിസായിരിക്കെ ഏതാനും മാസങ്ങള്‍ രോഗിയായി കിടന്ന ശേഷം റജബ് 14ന് ഇഹലോകവാസം വെടിഞ്ഞു. മഹാനവര്‍കള്‍ വഫാത്താവുമ്പോള്‍ സമസ്ത ഉപാധ്യക്ഷനായിരുന്നു. അല്ലാഹു അവരുടെ പാത പിന്തുടര്‍ന്ന് ജീവിക്കാന്‍ നമുക്ക് സൗഭാഗ്യം നല്‍കട്ടെ. ആമീന്‍.

 

Latest