സാമൂഹിക മാധ്യമങ്ങള്‍ ഭരണത്തില്‍ സുതാര്യത വര്‍ധിപ്പിക്കും: മുഖ്യമന്ത്രി

Posted on: April 11, 2017 7:56 am | Last updated: April 10, 2017 at 11:58 pm

തിരുവനന്തപുരം: അഭിപ്രായ സമന്വയത്തിനും നയരൂപവത്കരണത്തിനും ജനാഭിപ്രായം അറിയുന്ന തലത്തിലേക്കും സാമൂഹിക മാധ്യമങ്ങളെ വിനിയോഗിക്കാന്‍ കഴിയണമെന്നും അത് ഭരണത്തിന് സുതാര്യതയും ഉത്തരവാദിത്തവും വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ‘സമൂഹമാധ്യമങ്ങളും ഫലപ്രദമായ ഗവേണന്‍സും’ എന്ന വിഷയത്തില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഫേസ്ബുക്കിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ദ്വിദിന ശില്‍പ്പശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹിക മാധ്യമങ്ങള്‍ കൂടുതല്‍ ആധികാരികതയും ഉത്തരവാദിത്തവും ഉറപ്പാക്കാനും ദുരുപയോഗങ്ങള്‍ തടയാനുമുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തണം. അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതോടൊപ്പം വിയോജിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും സാമൂഹിക മാധ്യമങ്ങള്‍ ഉറപ്പുവരുത്തുന്നു.
ഉന്നതമായ ഈ ജനാധിപത്യ സ്വാതന്ത്ര്യത്തെ അപക്വമായി സമീപിക്കുന്നവരും ഉണ്ട്. മതവിദ്വേഷം വളര്‍ത്തുക, സ്ത്രീകളെയും കുട്ടികളെയും ചൂഷണത്തിനിരയാക്കുക എന്നിങ്ങനെ അനാരോഗ്യകരമായ പ്രവണതകള്‍ കാണുന്നുണ്ട്.

ഇവ കുറ്റകരമാണെന്ന് തിരിച്ചറിയണം. അസത്യങ്ങളെക്കാള്‍ അപകടകരമാണ് അര്‍ധസത്യങ്ങള്‍ പ്രചരിപ്പിക്കുന്നതിലൂടെ സംഭവിക്കുന്നത്. വ്യക്തിയുടെ സ്വകാര്യതയും അവകാശങ്ങളും ഈ മാധ്യമം മാനിക്കണം. സൈബര്‍ കുറ്റങ്ങളെ ഗൗരവകരമായി കാണണം. ക്രിയാത്മകമായി വാര്‍ത്തകളും അഭിപ്രായങ്ങളും പരസ്പര ബഹുമാനത്തോടെ കൈമാറുകയും സമൂഹത്തില്‍ പൊതുവായ ദിശാബോധമുണ്ടാക്കുകയുമാണ് യഥാര്‍ഥ സോഷ്യല്‍ മീഡിയ പ്രവര്‍ത്തകര്‍ ചെയ്യേണ്ടത്. ഡിജിറ്റല്‍ രംഗത്ത് ഇന്റര്‍നെറ്റ് ന്യൂട്രാലിറ്റിയെ ഉയര്‍ത്തിപ്പിടിക്കുന്നവരാണ് നമ്മള്‍. വലിയ സ്വാതന്ത്ര്യമാണ് നമ്മള്‍ ആവശ്യപ്പെടുന്നത്. ഈ സ്വാതന്ത്ര്യത്തെ അപക്വമായി സമീപിക്കരുത്. ഡിജിറ്റല്‍ അസമത്വം ജനാധിപത്യ ഭരണസംവിധാനത്തില്‍ ഉണ്ടാകാന്‍ പാടില്ല. ഇത് പരിഹരിക്കാന്‍ എല്ലാവര്‍ക്കും ഇന്റര്‍നെറ്റിനുള്ള കര്‍മപദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്.
സാമൂഹികമ്യമാധ്യമങ്ങള്‍ ഏറ്റവും വലിയ സാമൂഹിക ജനാധിപത്യ ഇടമായി മാറിയിരിക്കുന്നതിനാല്‍ അതില്‍ ഇടപെടുന്നവര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങളുമുണ്ടെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

ചടങ്ങില്‍ ഫേസ്ബുക്ക് സൗത്ത് ആന്‍ഡ് സെന്‍ട്രല്‍ ഏഷ്യാ പോളിസി പ്രോഗ്രാംസ് മാനേജര്‍ നിതിന്‍ സലൂജ, കേന്ദ്ര വിദേശകാര്യമന്ത്രാലയ ഡയറക്ടര്‍ മോഹിത് യാദവ് തുടങ്ങിയവര്‍ സംബന്ധിച്ചു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സത്യജീത് രാജന്‍ സ്വാഗതവും ഡയറക്ടര്‍ ഡോ. കെ അമ്പാടി നന്ദിയും പറഞ്ഞു. വിവിധ സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം സംബന്ധിച്ച് വിദഗ്ധര്‍ രണ്ട് ദിനങ്ങളിലായി ക്ലാസുകളെടുക്കും.