Connect with us

Articles

ട്രംപ് നേടുന്നു, സിറിയന്‍ ജനതയോ?

Published

|

Last Updated

സിറിയയില്‍ വേണ്ടത് ഭരണമാറ്റമല്ല, ആഭ്യന്തര സംഘര്‍ഷത്തിനുള്ള പരിഹാരമാണ്- ഇതാണ് ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രഖ്യാപിച്ച സിറിയന്‍ നയത്തിന്റെ ആകെത്തുക. ഞാന്‍ പ്രസിഡന്റാകുന്നത് അമേരിക്കയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ്, സിറിയയിലെയോ ഇറാഖിലെയോ അഫ്ഗാനിലെയോ പ്രശ്‌നപരിഹാരത്തിനല്ല എന്നും ട്രംപ് ഉദ്‌ഘോഷിച്ചിരുന്നു. 2013 മുതല്‍ സിറിയയില്‍ അസദ്‌വിരുദ്ധ വിമതര്‍ക്ക് സഹായം നല്‍കുന്ന ബരാക് ഒബാമയെ അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ട്രംപിന്റെ നയം റഷ്യന്‍ താത്പര്യം ഉയര്‍ത്തിപ്പിടിക്കുന്നുവെന്നും അമേരിക്ക കാലങ്ങളായി പിന്തുടരുന്ന നയത്തിന് വിരുദ്ധമാണിതെന്നും ഡെമോക്രാറ്റുകള്‍ മുറവിളി കൂട്ടി. ട്രംപിന് ഒരു കുലുക്കവും ഉണ്ടായില്ല. റഷ്യ ശത്രുപക്ഷത്ത് നിര്‍ത്തേണ്ട രാഷ്ട്രമല്ലെന്നും സിറിയ അടക്കമുള്ള പ്രതിസന്ധികളില്‍ മുന്‍ കമ്യൂണിസ്റ്റ് രാജ്യത്തിന് ഏറെ ചെയ്യാനുണ്ടെന്നും കുറച്ച് കൂടി കടന്ന് പറഞ്ഞാണ് ട്രംപ് ഇതിന് മറുപടി നല്‍കിയത്.

ഇതിന്റെയൊക്കെ തുടര്‍ച്ചയായിരുന്നു ട്രംപിന്റെ വിജയം റഷ്യ നടത്തിയ ഹാക്കിംഗിന്റെ ഫലമാണെന്ന ഗുരുതരമായ ആരോപണം. മുന്‍ സി ഐ എ ഉദ്യോഗസ്ഥര്‍ പലരും അത് ശരിവെച്ചിട്ടും വലിയ രാഷ്ട്രീയ കോളിളക്കം ഉണ്ടാക്കിയിട്ടും റഷ്യന്‍ ഭരണാധികാരി വ്‌ളാദമിര്‍ പുടിനുമായുള്ള സൗഹൃദം തുറന്ന് പ്രഖ്യാപിക്കുകയായിരുന്നു ട്രംപ്. പ്രസിഡന്റായ ശേഷം അദ്ദേഹം പല തവണ പുടിനുമായി സംസാരിച്ചു. മാനസികാവസ്ഥകള്‍ തമ്മിലുള്ള സാമ്യമാണ് ഈ നേതാക്കള്‍ തമ്മിലുള്ളസൗഹൃദത്തിന്റെ അടിസ്ഥാനമെന്ന് വിലയിരുത്തലുണ്ടായി. ബശര്‍ അല്‍ അസദിന്റെ നില ഭദ്രമാകുന്നുവെന്ന് ഏറെക്കുറെ ഉറപ്പിക്കാവുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങിയത്. മാത്രമല്ല, ശീതസമരം പൂര്‍ണമായി അവസാനിച്ച് ഏകധ്രുവ ലോകം അതിന്റെ എല്ലാ ക്രൗര്യത്തോടെയും തുറന്ന പ്രഹര ശക്തി കൈവരിക്കുന്നുവെന്ന് ലോകം ഭയപ്പെട്ട ദിനങ്ങള്‍കൂടിയായിരുന്നു അത്. ലോകത്തെ ഏറ്റവും വലിയ സ്വേച്ഛാധിപതി, യു എന്നിലെ വീറ്റോ അധികാരമടക്കമുള്ള ആയുധങ്ങള്‍ പ്രയോഗിച്ച് തന്നെ നിലക്ക് നിര്‍ത്തുമെന്ന് കരുതപ്പെടുന്ന പ്രതിയോഗിയുമായി ചങ്ങാത്തത്തിലെത്തുന്നത് ലോകത്തിന് അത്ര സന്തോഷകരമായ കാര്യമല്ലല്ലോ.

എന്നാല്‍ സിറിയയില്‍ തുടങ്ങിയ ചങ്ങാത്തം അവിടെ തന്നെ തകര്‍ന്നിരിക്കുന്നു. ട്രംപ് അദ്ദേഹത്തിന്റെ പ്രവചനാതീതമായ വ്യക്തിത്വം ഒരിക്കല്‍ കൂടി പ്രദര്‍ശിപ്പിച്ചിരിക്കുന്നു. സിറിയന്‍ സൈന്യം നടത്തിയ രാസായുധ പ്രയോഗം അവസരമായെടുത്ത് അദ്ദേഹം നേരിട്ട് എടുത്തു ചാടിയിരിക്കുന്നു. ബശര്‍ അല്‍ അസദ് ഭരണകൂടത്തിനെതിരെ നേരിട്ട് യു എസ് നടത്തുന്ന ആദ്യത്തെ ആക്രമണം. സഖ്യ ശക്തികളുമായി ആലോചിച്ചില്ല. യു എസ് കോണ്‍ഗ്രസിന്റെ സമ്മതം വാങ്ങിയില്ല. ദീര്‍ഘകാല പ്രത്യാഘാതങ്ങളെ കുറിച്ച് ഒരു ചിന്തയും നടത്തിയില്ല. റഷ്യയെ അറിയിച്ചുവെന്ന് ട്രംപ് ഭരണകൂടത്തിലെ ഉന്നതര്‍ പറയുന്നു. എന്നാല്‍ തങ്ങള്‍ അറിഞ്ഞില്ലെന്നാണ് റഷ്യ പ്രതികരിച്ചത്. ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടു പിറകേയാണ് വ്യോമാക്രമണത്തിന്റെ കാര്യകാരണങ്ങള്‍ വിശദീകരിച്ച് മാര്‍ എ ലോഗോയില്‍ ട്രംപ് പത്രസമ്മേളനം നടത്തിയത്. ചൈനയാണ് പുതിയ ചങ്ങാതിയെന്ന് പ്രഖ്യാപിക്കലാണോ ഇത്? ഉത്തര കൊറിയക്കുള്ള താക്കീതാണോ? ആരോടും ആലോചിക്കാതെയുള്ള എടുത്തു ചാട്ടങ്ങള്‍ ഇനിയുമുണ്ടാകുമെന്ന മുന്നറിയിപ്പാണോ? ഒന്നും തീര്‍ത്തു പറയാനാകില്ല. എന്നാല്‍ ഹോംസില്‍ പറന്നിറങ്ങി മരണം വിതച്ച തൊമോഹോക്ക് മിസൈലുകള്‍ യാഥാര്‍ഥ്യമാണ്. അത്തരം ആക്രമണങ്ങള്‍ തുടരുമെന്നതും.
സിറിയന്‍ സംഘര്‍ഷം പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. ബരാക് ഒബാമ അവിടെ റഷ്യക്കെതിരെ നിഴല്‍ യുദ്ധമാണ് നടത്തിയിരുന്നതെങ്കില്‍ ഇനി റഷ്യ- യു എസ് തുറന്ന യുദ്ധത്തിന്റെ അങ്കത്തട്ടായി ഈ രാജ്യം മാറും. സിറിയന്‍ ആകാശത്ത് പരസ്പരം ഏറ്റുമുട്ടില്ലെന്ന് പ്രഖ്യാപിക്കുന്ന, അമേരിക്കയുമായി ഒപ്പുവെച്ച കരാറില്‍ നിന്ന് റഷ്യ പിന്‍വാങ്ങിയിരിക്കുന്നു. വിശ്വസിക്കാന്‍ കൊള്ളാത്ത വ്യക്തിയാണ് ട്രംപെന്ന് തെളിഞ്ഞുവെന്നാണ് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ചുരുങ്ങിയത് അഞ്ച് തരത്തിലുള്ള ആക്രമണങ്ങളെങ്കിലും സിറിയന്‍ ജനത കഴിഞ്ഞ ആറ് വര്‍ഷങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഒന്ന് ബശര്‍ അല്‍ അസദിന്റെ സൈന്യം നടത്തുന്ന ആക്രമണം. രണ്ട് വിമത ഗ്രൂപ്പുകള്‍ നടത്തുന്ന ആക്രമണം. മൂന്ന് ഇസില്‍ സംഘമടക്കമുള്ള തീവ്രവാദികളുടേത്. നാല് റഷ്യന്‍ സൈന്യത്തിന്റെത്. അഞ്ച് ഇസിലിനെതിരായ റഷ്യ- യു എസ് സംയുക്ത ആക്രമണം. തുര്‍ക്കിയുടെ ആക്രമണം വേറെയും. ആയുധങ്ങള്‍ക്ക് ഇവിടെ ഒരു പഞ്ഞവുമില്ല. റഷ്യന്‍ ആയുധങ്ങളാണ് ബശര്‍ ഭരണകൂടം ഉപയോഗിക്കുന്നത്. ഇറാന്റെ ആയുധവുമുണ്ട് അവര്‍ക്ക്. വിമതരുടെ കൈയില്‍ യു എസ് സന്നാഹങ്ങളാണ് ഉള്ളത്. സഊദിയില്‍ നിന്നു കൂടി ഇവര്‍ക്ക് സഹായമുണ്ട്. എണ്ണ സമ്പത്തും പുരാവസ്തു ശേഖരവും കൊള്ളയടിച്ച് ഇസില്‍ ശക്തികള്‍ ഇസ്‌റാഈലില്‍ നിന്നടക്കം ആയുധങ്ങള്‍ വില കൊടുത്തു വാങ്ങുന്നു. ഇനി ഈ ആയുധങ്ങളെല്ലാം തലങ്ങും വിലങ്ങും പ്രയോഗിക്കാന്‍ പോകുകയാണ്. വിമത ഗ്രൂപ്പുകള്‍ ഇപ്പോള്‍ ആവേശത്തിലാണ്. അമേരിക്കന്‍ വ്യോമാക്രമണം വ്യാപിപ്പിക്കണമെന്നാണ് അവരുടെ അഭ്യര്‍ഥന. എന്നാല്‍ യു എസ് മുന്‍ ധാരണയോടെ പെരുമാറിയെന്ന് ബശര്‍ ഭരണകൂടം പരാതിപ്പെടുന്നു. സംഭവിക്കാന്‍ പോകുന്നതിതാണ്. യുദ്ധം ഇനി റഷ്യയും അമേരിക്കയും നേരിട്ടാകും. ബശര്‍ അല്‍ അസദ് കൂടുതല്‍ മാരകമായ ആയുധങ്ങള്‍ പ്രയോഗിക്കും. യു എന്നില്‍ ഒരു പ്രമേയവും വരില്ല. വീറ്റോ ചെയ്യാന്‍ റഷ്യ ഉണ്ടാകുമല്ലോ. വിമത ഗ്രൂപ്പുകള്‍ കൂടുതല്‍ അപകടകാരികളാകും. ഇസില്‍ ഇതിനിടക്ക് കൂടുതല്‍ ശക്തിപ്പെടും. വലിയ കുഴപ്പങ്ങളില്ലാതെ നില്‍ക്കുന്ന തുര്‍ക്കിയെപ്പോലും അസ്ഥിരമാക്കാവുന്ന നിലയിലേക്ക് അത് വളരും. ഏതൊക്കെയോ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി സിറിയയിലേക്ക് എടുത്തു ചാടിയ ട്രംപ് യഥാര്‍ഥത്തില്‍ ഇസിലിനെതിരായ യോജിച്ച പോരാട്ടത്തെ ദുര്‍ബലമാക്കുകയാണ് ചെയ്തത്.

ഇസ്‌റാഈലിനെയും അറബ് രാജ്യങ്ങളെയും താത്കാലികമായെങ്കിലും നോവിച്ച് കൊണ്ട് ഇറാനുമായി ബരാക് ഒബാമയുണ്ടാക്കിയ സൗഹൃദം കൂടി ഈ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നടിയുന്നുണ്ട്. ബശര്‍ അല്‍ അസദിനെ ആക്രമിക്കുകയെന്നാല്‍ (ശിയാ വംശീയതയുടെ കണ്ണില്‍ കൂടി) ഇറാനെ ആക്രമിക്കുക തന്നെയാണ്. ദ്വിരാഷ്ട്ര പരിഹാരം പോലും അസാധ്യമാക്കി ഫലസ്തീനെ അപ്രത്യക്ഷമാക്കാന്‍ ഇസ്‌റാഈലിന് കൂട്ടുനില്‍ക്കുന്നയാളാണ് ട്രംപ്. അദ്ദേഹത്തിന് ബരാക് ഒബാമയുടെ വിശാല നയതന്ത്രം സ്വാഭാവികമായും പിടിക്കില്ല. അത്‌കൊണ്ട് ഇസ്‌റാഈലിനെ സന്തോഷിപ്പിക്കാന്‍ കൂടിയാണ് ട്രംപ് സിറിയയില്‍ ഇറങ്ങിയിരിക്കുന്നത്. സഊദി പക്ഷത്തോട് ട്രംപ് ഭരണകൂടം കൂടുതല്‍ അടുക്കുന്നുവെന്ന അര്‍ഥം കൂടി ഇതിനുണ്ട്. സുന്നി- ശിയാ വംശീയതയുടെ ചോര തന്നെയാണ് അമേരിക്ക തേടുന്നതെന്ന് ചുരുക്കം.

ഇന്ന് എല്ലാ തരം തീവ്രവാദികളുടെയും താവളമായി അധഃപതിച്ച ലിബിയ ഇതേ വഴികളിലൂടെ തന്നെയാണ് സഞ്ചരിച്ചത്. അവിടെയും തുടങ്ങിയത് സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭമായിരുന്നു. മുഅമ്മര്‍ ഗദ്ദാഫിയെ താഴെയിറക്കുക മാത്രമായിരുന്നു ലക്ഷ്യം. തുടക്കത്തില്‍ റഷ്യ ഗദ്ദാഫിയെ സഹായിച്ചു. അമേരിക്കയാകട്ടേ പ്രക്ഷോഭത്തെ സായുധവത്കരിച്ചു. ലിബിയന്‍ മണ്ണ് ബോംബ് സ്‌ഫോടനങ്ങളില്‍ ഊഷരമായി. ഒടുവില്‍ റഷ്യ ഗദ്ദാഫിയെ കൈയൊഴിഞ്ഞു. മിസ്‌റാത്തയിലെ അഴുക്കുചാലില്‍ വെറും ജഡമായി പ്രതാപിയായ ഭരണാധികാരി അസ്തമിച്ചു. അത്ര വരെ മാത്രമായിരുന്നു അമേരിക്കയുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും ദൗത്യം. അവര്‍ മടങ്ങി. ലിബിയയില്‍ ഇന്ന് ജനാധിപത്യമില്ല. സ്വേച്ഛാധിപത്യവുമില്ല. അരാജകത്വം മാത്രമേയുള്ളൂ. ഇതേ വിധിയാണോ സിറിയയെയും കാത്തിരിക്കുന്നത്?

ഏതായാലും 59 മിസൈലുകള്‍ വഴി ട്രംപ് ഒരു പാട് നേടുന്നുണ്ട്. കൂട്ട നശീകരണായുധങ്ങളും രാസായുധങ്ങളും വെച്ച് പൊറുപ്പിക്കില്ലെന്ന ബുഷ്, ക്ലിന്റണ്‍ ഭരണകൂടങ്ങളുടെ “പാരമ്പര്യം” താന്‍ ഉയര്‍ത്തിപ്പിടിച്ചുവെന്ന് ട്രംപിന് മേനി നടിക്കാം. താന്‍ പുടിന്റെ കൈയിലെ പാവയല്ലെന്ന് തെളിഞ്ഞില്ലേ എന്നും അദ്ദേഹത്തിന് ചോദിക്കാം. പക്ഷേ, സിറിയയിലെ മാനുഷിക പ്രതിസന്ധിക്ക് ഈ മിസൈലുകള്‍ എന്ത് പരിഹാരമാണ് ഉണ്ടാക്കുക?

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്