ദുഃഖം കടിച്ചമര്‍ത്തി സുപ്രീത് വായിച്ചുതീര്‍ത്തത് ഭര്‍ത്താവിന്റെ മരണവാര്‍ത്ത

Posted on: April 8, 2017 9:03 pm | Last updated: April 8, 2017 at 9:03 pm

supreet kaurറായ്പൂര്‍: മാധ്യമ പ്രവര്‍ത്തന രംഗത്തെ ചോര്‍ന്നു പോകാത്ത ആത്മ ധൈര്യത്തിന്റെ പ്രതീകമായി മാറുകയാണ് സുപ്രീത് കൗര്‍ എന്ന ചത്തീസ്ഗഡിലെ വാര്‍ത്താ അവതാരക. ചത്തീസ്ഗഡിലെ മഹസുണ്ട് ജില്ലയിലെ പിത്താറയില്‍ ശനിയാഴ്ച്ച രാവിലെ നടന്ന വാഹനാപകടത്തിന്റെ തല്‍സമയ റിപ്പോര്‍ട്ടിങിനിടെയാണ് വാഹനപകടത്തില്‍ മരണപ്പെട്ടത് സ്വന്തം ഭര്‍ത്താവാണെന്ന് സുപ്രീത് കൗര്‍ തിരിച്ചറിഞ്ഞത്. ദുഖം കടിച്ചമര്‍ത്തി ആ വാര്‍ത്ത ലോകത്തെ കേള്‍പ്പിക്കാന്‍ സുപ്രീത് കൗര്‍ തയ്യാറാവുകയായിരുന്നു.

ചത്തീസ്ഗഡിലെ സ്വകാര്യ വാര്‍ത്താ ചാനലായ ഐ ബി സി 24 ന്റെ അവതാരികയാണ് സൂപ്രീത് കൗര്‍. തത്സമയം ലൈനില്‍ ചേര്‍ന്ന ലേഖകനോട് വാര്‍ത്തയുടെ വിശദവിവരങ്ങള്‍ തിരക്കിയപ്പോഴാണ് മരിച്ചത് തന്റെ ഭര്‍ത്താവ് ഹര്‍സാഡ് കവാഡയാണെന്ന് സുപ്രീത് തിരിച്ചറിഞ്ഞത്. എന്നിട്ടും തന്റെ വികാര തീവ്രത ഉള്ളിലൊതുക്കി വാര്‍ത്ത പൂര്‍ത്തിയാക്കാന്‍ സുപ്രീത് കാണിച്ച മനോധൈര്യം ആരേയും ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. വാര്‍ത്ത വായിച്ചതിന് ശേഷം സങ്കടം അടക്കാനാകാതെ സ്റ്റുഡിയോയില്‍ നിന്നിറങ്ങിയ സുപ്രീത് പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഓഫീസ് വിട്ടത്.

ഒരു വര്‍ഷം മുമ്പാണ് ഹാര്‍സാഡ് കവാഡയുമായുള്ള സുപ്രീതിന്റെ വിവാഹം നടന്നത്. അപകടത്തില്‍ വാഹനത്തില്‍ സഞ്ചരിച്ചിരുന്ന അഞ്ചുപേരില്‍ മൂന്നുപേരും മരണപ്പെട്ടു.