അതിർത്തിയിൽ പാക്കിസ്ഥാൻ വീണ്ടും വെടിനിർത്തൽ ലംഘിച്ചു

Posted on: April 8, 2017 8:36 pm | Last updated: April 8, 2017 at 8:36 pm

ഡല്‍ഹി: ജമ്മു കാശ്മീരിലെ ഇന്ത്യാ പാക്ക് അതിര്‍ത്തി പ്രദേശത്ത് വെടിനിർത്തൽ ലംഘിച്ച് വീണ്ടും പാക്കിസ്ഥാന്‍ വെടിവെപ്പ്. രാജൗരി ജില്ലയിലെ നൗഷേര സെക്ടറിലെ ഗ്രാമങ്ങള്‍ക്കും ഇന്ത്യന്‍ പോസ്റ്റുകള്‍ക്കും നേരെയാണ് ശനിയാഴ്ച വൈകുന്നേരം കനത്ത വെടിവെപ്പുണ്ടായത്. 82എംഎം മോർട്ടാറുകളും ചെറിയ തോക്കുകളും അടക്കം ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു വെടിവെപ്പ്. വെെകീട്ട് 3.45നാണ് വെടിവെപ്പ് തുടങ്ങിയതെന്ന് ഇന്ത്യന്‍ പ്രതിരോധ വക്താവ് പറഞ്ഞു.

യാതൊരു പ്രകോപനവുമില്ലാതെയാണ് അത്യാധുനിക ആയുധങ്ങളുപയോഗിച്ച് പാക്കിസ്ഥാന്‍ അതിര്‍ത്തി അശാന്തമാക്കുന്നതെന്നും യോജിച്ച പ്രതിരോധ നടപടിയിലേക്ക് നീങ്ങാന്‍ സൈന്യം നിര്‍ബന്ധിതമാവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അഞ്ചാം തവണയാണ് പാക്കിസ്ഥാന്‍ ഈ പ്രദേശത്ത് അതിക്രമം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ആഴ്ച്ച ഐക്യരാഷ്ട്ര സംഘടനയുടെ ഇന്ത്യ പാക് നിരീക്ഷണസംഘം അതിര്‍ത്തിയിലെ സുരക്ഷ സംവിധാനം കൂടുതല്‍ പ്രക്ഷുബ്ദമായിവരികയാണെന്ന് വിലയിരിത്തിയിരുന്നു.അതിര്‍ത്തിയിലെ നിരന്തരമായുള്ള വെടിനിര്‍ത്തല്‍ ലംഘനവുമായി ബന്ധപ്പെട്ട് യു എന്‍ സൂക്ഷമാന്വേഷണം നടത്തിവരികയാണ്.