തൂങ്ങിമരിച്ചയാളുടെ 65 ലക്ഷത്തിന്റെ സമ്മാനമടിച്ച ലോട്ടറി പോക്കറ്റടിച്ചെന്ന്

Posted on: April 7, 2017 2:48 pm | Last updated: April 7, 2017 at 2:36 pm

വളാഞ്ചേരി: തൂങ്ങിമരിച്ചയാളുടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്ന് 65 ലക്ഷം രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് മോഷ്ടിച്ചെന്ന് പരാതി. മാര്‍ച്ച് 29ന് ആത്മഹത്യ ചെയ്ത ഇരിമ്പിളിയം മേച്ചേരിപ്പറമ്പ് കണ്ണാമാക്കയില്‍ അച്യുതന്‍കുട്ടിയുടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും ടിക്കറ്റ് മോഷ്ടിച്ചെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. മോഷണം പോയ അക്ഷയ ഭാഗ്യക്കുറിയുടെ എ വൈ 264383 എന്ന ടിക്കറ്റിന് ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ അടിച്ചിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു.

എന്നാല്‍ ടിക്കറ്റ് അടിച്ചതറിയും മുമ്പ് അച്യുതന്‍കുട്ടി തൂങ്ങി മരിക്കുകയായിരുന്നു. ആത്മഹത്യ പ്രേരണ എന്തായിരുന്നെന്ന് അറിയില്ല. എന്നാല്‍ ലോട്ടറി അടിച്ചതറിഞ്ഞ് വീട്ടിലെത്തിയ ലോട്ടറി വില്‍പ്പനക്കാരന്‍ തൂങ്ങി മരിച്ച അച്യുതന്‍കുട്ടിയുടെ പോക്കറ്റില്‍ നിന്ന് ടിക്കറ്റ് മോഷ്ടിച്ചെന്നാണ് ഇയാളുടെ കുടുംബം പറയുന്നത്. ലോട്ടറി മോഷ്ടിക്കുന്നത് കുട്ടികള്‍ കണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. ഭാര്യയും മൂന്ന് മക്കളുമടങ്ങുന്നതാണ് അച്യുതന്‍കുട്ടിയുടെ കുടുംബം. അവകാശപ്പെട്ട ലോട്ടറി തുക തട്ടിയെടുക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബന്ധുക്കള്‍ പറഞ്ഞു. മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. അച്യുതന്‍ ആത്മഹത്യയോടെ കുട്ടികളുടെ പഠനമടക്കമുള്ള കാര്യങ്ങള്‍ പ്രയാസത്തിലാണ്.