ജി എസ് ടി രാജ്യസഭയും അംഗീകരിച്ചു

Posted on: April 7, 2017 8:45 am | Last updated: April 7, 2017 at 12:34 am

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി ബില്‍ രാജ്യസഭ പാസ്സാക്കി. ലോക്‌സഭ അംഗീകാരം നല്‍കിയ ചരക്ക് സേവന നികിതിയുമായി ബന്ധപ്പെട്ട നാല് സുപ്രധാന ചട്ടങ്ങളാണ് വ്യാഴാഴ്ച രാജ്യസഭ പാസ്സാക്കിയത്. കേന്ദ്ര ജി എസ് ടി 2017, അന്തര്‍ സംസ്ഥാന ജി എസ് ടി ബില്ല്, കേന്ദ്ര ഭരണ പ്രദേശ ജി എസ് ടി, നഷ്ടപരിഹാര ജി എസ് ടി ബില്ല് എന്നീ ബില്ലുകളാണ് ഇന്നലെ രാജ്യസഭ പാസ്സാക്കിയത്.

നേരത്തെ ജി എസ് ടി കൗണ്‍സിലില്‍ എല്ലാം സംസ്ഥാനങ്ങളും ഈ ബില്ലിന് അംഗീകാരം നല്‍കിയിരുന്നു. രാജ്യസഭയും ചട്ടങ്ങള്‍ക്ക് അംഗീകാരം നല്‍കിയതോടെ ജൂലൈ ഒന്ന് മുതല്‍ തന്നെ പുതിയ നിയമം നടപ്പിലാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് ഏകീകൃത നികുതി ഉടന്‍ നടപ്പിലാവുമെന്നും പുതിയ നിയമം വിലക്കയറ്റത്തിനോ മറ്റു പ്രശ്നങ്ങള്‍ക്കോ കാരണമാവില്ലെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. അതേസമയം, സംസ്ഥാന നിയമസഭകള്‍ സംസ്ഥാന ജി എസ് ടികള്‍ക്ക് അംഗീകാരം നല്‍കണം. കൂടാതെ നിയമങ്ങള്‍ക്ക് അനുസരിച്ചുള്ള കരട് രേഖകള്‍ കൂടി തയ്യാറാക്കിയാല്‍ മാത്രമേ ജൂലൈ മുതല്‍ ജി എസ് ടി പ്രബല്യത്തില്‍ കൊണ്ടു വരാന്‍ സാധിക്കുകയുള്ളു.