Connect with us

International

ഇദ്‌ലിബിലേത് രാസായുധ ആക്രമണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌

Published

|

Last Updated

കൊല്ലപ്പെട്ട കുട്ടികളുടെ ചിത്രം ഉയര്‍ത്തിക്കാട്ടി യു എന്നില്‍ സിറിയന്‍
വിഷയം അവതരിപ്പിക്കുന്ന യു എസ് പ്രതിനിധി

ഇസ്തംബൂള്‍/ദമസ്‌കസ്: സിറിയയിലെ വിമത കേന്ദ്രമായ ഇദ്‌ലിബില്‍ നടന്നത് രാസായുധ ആക്രമണമാണെന്ന് ഓട്ടോപ്‌സി റിപ്പോര്‍ട്ട് ഫലം. തുര്‍ക്കിയില്‍ നടന്ന പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. മൃതദേഹങ്ങള്‍ക്കുള്ളില്‍ നിന്ന് വിഷാംശം കണ്ടെത്തിയെന്ന് തുര്‍ക്കി ജസ്റ്റിസ് മന്ത്രി ബക്കിര്‍ ബൊസ്ദാഗ് വ്യക്തമാക്കി. ആക്രമണം നടന്ന ഖാന്‍ ശൈഖൂനില്‍ നിന്ന് ചികിത്സക്കായി തുര്‍ക്കിയിലേക്ക് 32 പേര്‍ എത്തിയിരുന്നു. ഇവരില്‍ മൂന്ന് പേര്‍ പിന്നീട് മരണപ്പെടുകയും ചെയ്തു. ഇവരുടെ മൃതദേഹങ്ങളാണ് തുര്‍ക്കി ആശുപത്രി അധികൃതര്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. അസദ് ഭരണകൂടമാണ് രാസായുധ ആക്രമണങ്ങള്‍ നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

ഇരകളില്‍ നടത്തിയ പരിശോധനയില്‍ നിന്ന് മാരകമായ സിറിന്‍ വിഷാംശമാണെന്നാണ് മനസ്സിലായതെന്നും റഷ്യയാണ് ഇത്തരം രാസവസ്തുക്കളുടെ ഏജന്റെന്നും ലോക ആരോഗ്യസംഘടന വക്താക്കള്‍ ആരോപിച്ചു. അതിനിടെ, ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരില്‍ ചിലര്‍ ഇന്നലെ മരണപ്പെട്ടു. ഇതോടെ മരണ സംഖ്യ 80 കവിഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കം 500 ഓളം പേര്‍ ചികിത്സക്കായി വിവിധ ആശുപത്രിയിലെത്തിയിട്ടുണ്ട്. മരണസംഖ്യ ഇനിയും വര്‍ധിക്കുമെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന സൂചന.
അതേസമയം, ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന ആരോപണം സിറിയ നിഷേധിച്ചു. വിമതരുടെ രാസായുധ ശാലയിലാണ് സൈന്യം ആക്രമണം നടത്തിയതെന്നും ഇവിടെ നിന്നുണ്ടായ ചോര്‍ച്ചയാണ് അപകടങ്ങള്‍ക്ക് കാരണമായതെന്നുമുള്ള നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സിറിയ.

രാജ്യത്തെ ഇല്ലാതാക്കലാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് സിറിയന്‍ വിദേശകാര്യ മന്ത്രി വാലിദ് അല്‍ മുഅല്ലിം പറഞ്ഞു. രാവിലെ ആറിനാണ് രാസായുധ ആക്രമണം നടന്നതെന്നും സിറിയന്‍ സൈന്യം അവിടെ വ്യോമാക്രമണം നടത്തുന്നത് 11.30നായിരുന്നെന്നും മുഅല്ലിം വിശദീകരിച്ചു. തീവ്രവാദി വിഭാഗമായ അല്‍ നുസ്‌റ ഫ്രണ്ടിന്റെ ആയുധപ്പുര ലക്ഷ്യംവെച്ചാണ് സിറിയന്‍ സൈന്യത്തിന്റെ വ്യോമാക്രമണം ഉണ്ടായിരുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാസായുധ ആക്രമണത്തിന് ഇതുവരെ സൈന്യം നേതൃത്വം നല്‍കിയിട്ടില്ല. ഭാവിയില്‍ അത്തരത്തിലൊന്നും ഉണ്ടാകില്ല. ആക്രമണവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര അന്വേഷണം സ്വാഗതം ചെയ്യും. പക്ഷെ അത് ഏകപക്ഷീയമോ രാഷ്ട്രീയ പ്രേരിതമോ ആകരുത്. മുഅല്ലിം പറഞ്ഞു.