അഞ്ചാമത് സിറിയന്‍ സഹായ ഉച്ചകോടി: കുവൈത്ത് വിദേശകാര്യമന്ത്രി ബെല്‍ജിയത്തിലേക്ക്

Posted on: April 5, 2017 3:45 pm | Last updated: April 5, 2017 at 3:24 pm

കുവൈത്ത് സിറ്റി: അഞ്ചാമത് സിറിയന്‍ സഹായ ഉച്ചകോടിയില്‍ സംബന്ധിക്കുന്നതിനായി കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹ്‌ െബല്‍ജിയത്തിലേക്ക് പുറപ്പെട്ടു. തലസ്ഥാനമായ ബ്രസല്‍സില്‍ ഇന്നാണ് സിറിയയെ സഹായിക്കാന്‍ സന്നദ്ധമായ 70 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഉച്ചകോടി നടക്കുക. കുവൈത്തിനെ കൂടാതെ ജര്‍മനി, നോര്‍വീജിയ, ഖത്തര്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളും ഐക്യരാഷ്ട്രസഭ, യൂറോപ്യന്‍ യൂനിയന്‍ എന്നീ രാജ്യാന്തര സംഘടനകളുമാണ് ഉച്ചകോടിയുടെ സംഘാടകര്‍.

സിറിയയിലെ ആഭ്യന്തരസംഘര്‍ഷം അവസാനിപ്പിക്കുന്നതിനാവശ്യമായ നടപടികളെ കുറിച്ചും രാജ്യത്തിെന്റ പുനര്‍നിര്‍മാണം എങ്ങനെ സാധ്യമാക്കും എന്നതിനെ കുറിച്ചും ഉച്ചകോടി ചര്‍ച്ചചെയ്യും. സിറിയയെ സഹായിക്കാനുള്ള രാജ്യാന്തര നീക്കങ്ങള്‍ക്കു തുടക്കം കുറിക്കുകയും, ആദ്യത്തെ മൂന്ന് ഉച്ചകോടികള്‍ക്ക് ആതിഥ്യം വഹിക്കുകയും ചെയ്ത രാജ്യമെന്ന നിലക്ക് ബെല്‍ജിയത്തില്‍ കുവൈത്തിെന്റ സാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെടും. ആദ്യ മൂന്നു ഉച്ചകോടികളും കുവൈത്ത് അമീര്‍ ശൈഖ സബാഹ് അല്‍ അഹ്മദ് അല്‍സബാഹിന്റെ കാര്മികത്വത്തിലായിരുന്നു സംഘടിപ്പിക്കപ്പെട്ടതും.

ഒന്നും രണ്ടും മൂന്നും സിറിയന്‍ സഹായ ഉച്ചകോടികള്‍ക്ക് കുവൈത്ത് ആതിഥ്യം വഹിച്ചപ്പോള്‍, നാലാമത് ഉച്ചകോടി കഴിഞ്ഞവര്‍ഷം ബ്രിട്ടനിലാണ് നടന്നത്.

കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും മന്ത്രിയെ അനുഗമിക്കുന്നുണ്ട്.