കുന്നിന്‍ മുകളില്‍ കൗതുകമായി വേനലിലും വറ്റാത്ത നീരുറവ

Posted on: April 5, 2017 11:28 am | Last updated: April 5, 2017 at 10:54 am

കൊളത്തൂര്‍: വേനലില്‍ ജലസ്രോതസ്സുകളും ആഴമേറിയ കുഴല്‍ കിണറുകളും വറ്റിവരളുമ്പോള്‍ കുന്നിന്‍ മുകളിലെ വറ്റാത്ത നീരുറവ കൗതുകമാകുന്നു. പലകപ്പറമ്പ് കടുങ്ങപുരം പാലൂര്‍കോട്ട റോഡിനോട് ചേര്‍ന്നാണ് അത്ഭുത ഉറവയുള്ളത്. കൊടും വരള്‍ച്ചയുള്ള സമയത്ത് അഞ്ച് അടി താഴ്ചയും രണ്ട് മീറ്റര്‍ ചുറ്റളവുമുള്ള കുഴി നിറഞ്ഞു റോഡിലൂടെ വെള്ളം ഒഴുകുന്ന കാഴ്ച കൗതുകമാകുകയാണ്.

ഇതിന്റെ പരിസരത്ത് ജനവാസം ഇല്ലാത്തതു കാരണം ചുറ്റുഭാഗം മതില്‍ കെട്ടി സംരക്ഷിക്കാത്തതിനാല്‍ കുടിക്കാനോ മറ്റു ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കാറില്ല. വറ്റാത്ത നീരുറവ കാണാന്‍ ആളുകള്‍ എത്താറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഏറ്റെടുത്ത് സംരക്ഷിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.